2023 ജൂലൈ 22, ശനിയാഴ്‌ച

Reply to an unserved / unreceived memo

 മറ്റുള്ളവരുടെയൊ അവനവന്റെയോ യാതനകൾ കണ്ടു മനസ്സ് ചലിക്കുന്നവരാണല്ലോ നല്ല വായനക്കാരും എഴുത്തുകാരും. ഈ ഗ്രൂപ് നിവാസികളും അതിലേക്കുള്ള യാത്രയിലാണല്ലോ.

  പരിഷകൃതവും സമസ്ത ലോക സൗഖ്യവും ഉള്ള ഒരു സാമൂഹ്യ അവസ്ഥയിലേക്കുള്ള യാത്രകളെ പിന്നോട്ട് വലിക്കുന്ന ചില ചെയ്തികൾ ഇടയ്ക്കു ഈ ഇത്തിരിപോന്ന ജീവിതത്തിനിടയിലും നടത്തുന്നതിന് തുനിയുന്നവരെകൊണ്ടാണ്  മനുഷ്യ കുലം എന്നും  തോറ്റിട്ടുള്ളത് .

മറ്റുള്ളവരുടെ മേലുള്ള നമ്മുടെ അധിനിവേശവും കൈകടത്തലുകളും ഒഴിവാക്കാൻ ശീലിക്കുക എന്നതാണ് പ്രാഥമിക പാഠം. അന്യന്റെ ദുഃഖം അവനവന്റെ ദുഃഖമാണെന്ന്  തിരിച്ചറിയുവാനുള്ള ആര്‍ജ്ജവവും.

 ഇങ്ങനെയൊക്കെ വിചാരമുള്ളവരായിരിക്കും സാമാന്യേന എല്ലാവരും പ്രത്യേകിച്ചു പുസ്തകം വായിക്കുന്നവര്‍ എന്ന ഒരു ധാരണ പരക്കെ ഉണ്ടല്ലോ. ആ നിലയില്‍ മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് മണിപ്പൂര്‍ വിഷയത്തില്‍ എന്തെങ്കിലും ഒന്നു പറഞ്ഞില്ലെങ്കില്‍  ദഹനക്കേടെങ്കിലും മിനിമം വരേണ്ടതാണ്. ആസൂത്രിതമെന്നും ഭരണകൂടം എന്ന ഒരു സ്ഥാപനത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സമയം ആയതുകൊണ്ടുമാണ്  ഈ കാര്യമെങ്കിലും പറഞ്ഞു വെക്കാന്‍ ഉദേശിച്ചത്.

 ആരെയും വേദനിപ്പിക്കാത്ത നല്ല രുചിയുള്ള വര്‍ത്തമാനങ്ങള്‍ മാത്രം ഈ ഗ്രൂപ്പില്‍ മതി എന്നു തന്നെയായിരുന്നു ഉദ്ദേശം. പക്ഷേ ഇക്കാര്യത്തില്‍ എനിക്കു എന്തെങ്കിലുമൊക്കെ സമാന ചിന്താഗതിയുണ്ടെന്ന് കരുത്തുന്ന നിങ്ങളോട് പറയാതിരിക്കാന്‍ ആകുന്നില്ല. പകയുടെയും വെറുപ്പിന്റെയും മനുഷ്യരെ ആയുധമാക്കുന്ന വൈരം നിറഞ്ഞ കലാപങ്ങളുടെയും ആകസ്മികമല്ലാത്ത സംഭവങ്ങളാണ് ഈ നടക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്.

 ഇന്നലെ എന്റെ ഷര്‍ട്ടിന്‍റെ ഒരു ബട്ടണ്‍ പൊട്ടിയിരുന്നു. ഞാന്‍ അത് മനസ്സിലാക്കിയിട്ടു ഒരു സൂചികിട്ടുന്ന നേരം വരെയും ലജ്ജകൊണ്ടു കൂടക്കൂടെ മറപിടിച്ചിരുന്ന് സമയം കളഞ്ഞതല്ല ലജ്ജ എന്നും, ഒരാളോ ഒരാള്‍ക്കൂട്ടമോ മറ്റൊരാളെയോ ആളുകളെയോ ഒരു വിഭാഗം ആളുകളെയോ നഗ്നരായി നടത്തുവാനും അത് നിശബ്ദമായി കണ്ടുകൊണ്ടിരിക്കുവാനുമുള്ള നമ്മുടെ മാനസികാവസ്ഥയെയാണ് ലജ്ജാകരം എന്നു   പറയുന്നതെന്നും   തിരിച്ചറിയുന്നു. മക്കളോടെങ്കിലും ഇതിനെക്കുറിച്ച് പറയുക എന്നത്  നമ്മുടെ ഉത്തരവാദിത്തമാണ്. 

 അതുകൊണ്ട് ഈ കുറിപ്പ് .

 

 

 

2023 ജൂലൈ 4, ചൊവ്വാഴ്ച

Arundhati @ Chapman Taylor for internship


 

 

 

Arundhati 

Chapman Taylor 

for internship 

Sudhir

ജൂലൈ ഒന്നിലെ വര്‍ഷങ്ങള്‍

 

   2023 ജൂലൈ ഒന്നാം തിയ്യതിയാണ്; പുലര്‍ച്ചെ മുതല്‍ മഴയാണ്. അവളും രാവിലെ അഞ്ചു മണിക്ക്  തുടങ്ങിയ  ഓട്ടമാണ്. അഞ്ചു നിമിഷം ഒന്നു ഇരിക്കാനോ കിടക്കാനോ പറ്റിയിട്ടില്ല എന്നു പറയാനും പറ്റില്ല; അഞ്ചു  മിനിറ്റുകൊണ്ട് കുളിച്ചു ഇറങ്ങേണ്ടത് കൊണ്ട് യൂറോപ്യന്‍ ക്ലോസറ്റിനു മുകളിലിരുന്നുകൊണ്ട് ഹാന്‍ഡ് ഷവര് കൊണ്ട് കുളിച്ചെന്നു വരുത്തിയിരുന്നു.. വാസ്തവം മാത്രമേ പറയാന്‍ പാടുള്ളുവെങ്കില്‍ അങ്ങനെ കുറച്ചു നേരം ഇരുന്നു വെന്നും പറയാം.. ബ്രേക് ഫാസ്റ്റ് ഉണ്ടാക്കി, പിന്നെ ട്യൂഷന്‍, വീണ്ടും അടുക്കള  …  പിന്നെ ഇരിക്കുന്നത് ബാങ്കിലാണ്. എത്ര പേരാണ് കുറച്ചു നേരത്തിനുള്ളില്‍ തന്നെ   വന്നും പോയും ഇരിക്കുന്നത്. പണയപണ്ടം എടുത്ത് ലോണ്‍ പുതുക്കി വെക്കാനുള്ള കാത്തിരിപ്പാണ്. അതും ഒരു വിശ്രമമാണ്. ഇങ്ങനെ ഒക്കെ തന്നെ യല്ലേ വിശ്രമത്തിനായി സമയം നീക്കി വെക്കേണ്ടത്..  സ്ത്രീകളുടെ കുപ്പായങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നത്ര സംയമനം വന്നു. അപ്പോഴാണ്  അവളെ അസിസ്റ്റന്‍റ്   മാനേജര്‍ വിളിച്ചത് .

 മേഡം തന്നെ പണയ പണ്ടം എടുക്കാന്‍ വരുന്നതുകൊണ്ട് അതൊക്കെ ഇടക്കിടെ കാണാനൊക്കെ പറ്റുന്നുണ്ടല്ലേ .. .. ഏറെ നാളായി പണയ കൌണ്ടറില്‍ ഇയാള്‍ തന്നെയായിരുന്നു.

അവള്‍ നിശബ്ദയായി ഇരുന്നു..

ആ നിശബ്ദതയുടെ പ്രഹരം ഏറ്റതുകൊണ്ട് അയാള്‍ തുടര്‍ന്നു ... ഏതൊക്കെ മാറ്റിവെക്കണം, എന്നൊക്കെ സാറിന് അറിയുന്നതിനെക്കാള്‍  മേഡത്തിനാണല്ലോ അറിയാ...

പ്രഹരം തുടര്‍ന്നപ്പോള്‍ അയാള്‍ തന്‍റെ കര്‍മത്തില്‍ മാത്രം ശ്രദ്ധിച്ചു. അവളപ്പോള്‍ മാത്രം തന്‍റെ കയ്യില്‍ ഏല്‍പ്പിക്കപ്പെട്ട പ്ലാസ്റ്റിക് ഉറയിലേക്ക് നോക്കി...

മാഡം നാലു ഗ്രാമില്‍ കുറവുള്ള എന്തെങ്കിലും എടുത്തോളൂ. ബാക്കി വെച്ചാല്‍ മതി . ആ തുകക്ക് അത് മതിയാകും.

രണ്ടു വളകള്‍, രണ്ടു നേക്‍ലസ് , ഒരു മണിമാല... നാലു ഗ്രാമിന്‍റേതായി ഒന്നുമുണ്ടായിരുന്നില്ല. പകരം വെക്കാനായും.

സാരമില്ല.. എല്ലാം വെച്ചോളൂ.. അവള്‍ പറഞ്ഞു.

    അയാള്‍ പിന്നെ അടക്കേണ്ട തുക അവള്‍ക്കു പറഞ്ഞുകൊടുത്തു. തുക കാഷ് കൌണ്ടറില്‍ അടക്കുമ്പോള്‍ ആ ആഭരണങ്ങള്‍ ഏതൊക്കെ അവസരങ്ങളില്‍ ലഭിച്ചതാണെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. പിന്നെ എന്തോ തെറ്റ് ചെയ്ത പോലെ അതില്‍ നിന്നും പിന്തിരിഞ്ഞു.

     ബാങ്കിന് പുറത്തേക്ക്  കടക്കാന്‍ ശ്രമിച്ചപ്പോള്‍  മാനേജരുടെ മുറിയില്‍ നിന്നും “ മാഡം...  എന്നു വിളി കേട്ടു. മാനേജരാണ്. കുറച്ചു മനുഷ്യപറ്റുള്ളയാളാണ്... സ്ത്രീയുമാണ്. എവിടെ പോയാലും ആരെയും കണ്ടു കഥപറയാതെ വേഗം വീട്ടിലെത്താനാണ് ഈയിടെ ശ്രദ്ധിക്കുന്നത് . പക്ഷേ മാനേജര്‍ ഇതാ പിടിച്ചു. കുറെ സംസാരിക്കുന്ന കൂട്ടത്തിലുള്ള കുട്ടിയാണ്. സ്ഥലത്തെ പ്രധാന ദിവ്യന്‍മാരേയും നിക്ഷേപകരെയും വായ്പക്കാരെയും അവരുടെ സ്ഥാപനങ്ങളും കാണുന്നതിനായി സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍  അവര്‍ വീട്ടിലും വന്നിരുന്നു.

    ആ പെണ്‍കുട്ടിയോട്  നന്നായി സംസാരിക്കാനൊക്കെ തോന്നും, പറ്റും, മുന്‍പുള്ള മാനേജര്‍മാരെ പോലയേ അല്ല... അവര്‍ക്ക് തന്നോടു എന്തൊക്കെയോ പറഞ്ഞു തരണമെന്നുണ്ട്. തന്‍റെ പല ഓട്ടങ്ങളും കാണുന്നതല്ലേ... പക്ഷേ തനിക്ക് അതൊക്കെ കേട്ടിരിക്കാനുള്ള മന്സ്സാന്നിധ്യം ഉണ്ടാകാറില്ല പലപ്പോഴും.      എന്തോ പദ്ധതിയില്‍ ചെറിയ തുക നിക്ഷേപിച്ചാല്‍ അറിയാതെ തന്നെ ബാങ്ക് പലിശയുടെതിനെക്കാള്‍ ലാഭകരമായ തുക ലഭിക്കുമെന്നും മറ്റും.  ഇനിയും സമാധാനത്തോടെ ഒരു നിക്ഷേപത്തെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ എത്ര കാലം കഴിയണം!

     അതില്‍ പിന്നെ അവരെ കാണുന്നത് കഴിവതും ഒഴിവാക്കിയിരുന്നു. പാലക്കാട്ടുകാരിയാണ് . എന്‍റെ പാലക്കാടന്‍ ഭാഷയുടെ ഗൃഹാതുരത്വം പങ്കുവെക്കാനൊക്കെ തോന്നുമെങ്കിലും ഞാനായി  ഒഴിഞ്ഞു മാറുവാനാണ്  പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.  ഇപ്പോഴിതാ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.

 നല്ല തിരക്കാണ് അല്ലേ?

ഏയ് അങ്ങനെയൊന്നുമില്ല ഞാന്‍....... അവള്‍ കാബിനിലേക്ക് കടന്നു.

അപ്പോള്‍ പറഞ്ഞത് പോലെ മിസ്റ്റര്‍ ജേക്കബ് ... മാനേജര്‍ തന്‍റെ മുന്നിലിരിക്കുന്ന കസ്റ്റമറെ വേഗം പറഞ്ഞു വിട്ടു. 

ഇരിക്കൂ മേഡം,

അവള്‍ ഇരുന്നു. .. മേഡം അന്ന് പറഞ്ഞ നിക്ഷേപം ഞാന്‍ ചേട്ടനോടു പറഞ്ഞിട്ടുണ്ട്. ചേട്ടന്‍ ഒന്നും പറഞ്ഞില്ല. അതോണ്ടാ..

അയ്യേ.. ഞാന്‍ വെറുതെ വിളിചെന്നെ ഉള്ളൂ മേഡം, .. ശകലം പാലക്കാട് ഭാഷ കേക്കാനായിട്ടാന്ന് ...  കുട്ട്യോളൊക്കെ എന്തു പറേണ്?

 

അവരൊക്കെ അവിടെണ്ട് മേഡം, വല്യതിന്‍റെ കോഴ്സ് കഴിഞ്ഞിട്ടില്ല. ചേര്‍യത് ലെവെന്‍ ത്തിലാണ്.

മാഡത്തിന് ശരിക്കും പാലക്കാടന്‍ ആക്സെന്‍റ് ഇല്ല ട്ടോ ...  അവര്‍ പറഞ്ഞു

അവളുടെ മനസ്സ് കാബിനിലേക്ക് കടന്നത് അപ്പോഴാണ്. അവള്‍ പറഞ്ഞു... പതിനെട്ടു കൊല്ലത്തില്‍ നല്ല ഓര്‍മ്മയോടെ കുറച്ചു വര്‍ഷങ്ങള്‍ മാത്രല്ലേ പാലക്കാടുണ്ടായിരുന്നുള്ളൂ .. 23 വര്‍ഷമായില്ലെ തൃശൂരില്‍...

പാലക്കാട് എവിടെയാ പഠിച്ചത് ? മാനേജര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരുന്നു. പഠിച്ച കോളേജ്, വിഷയം, തുടര്‍ പഠനം, ട്യൂഷന്‍ centre നടത്തികൊണ്ട് പോകുന്ന കാര്യം. മാനേജരും പണ്ട് ട്യൂഷന്‍ എടുത്തു കൊടുത്തിരുന്നുവത്രെ. അങ്ങനെ പലതും പറഞ്ഞ കൂട്ടത്തില്‍ പഴയ കൂട്ടുകാരെയും അദ്ധ്യാപകരെയും പറ്റിയൊക്കെ അന്വേഷിച്ചു. ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍  അങ്ങനെ പലതും.

ബാച്ച് മീറ്റിലൊക്കെ പങ്കെടുക്കാറുണ്ടോ ? 

2012 ലാണ് അവസാനമായി പോയത്. അന്ന ത്തോടെ നിറുത്തി. പിന്നെ പോയിട്ടില്ല . അന്ന് ഞങ്ങള്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസം സ്പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചു. പലപ്പോഴായി പൈസ അയച്ചു കൊടുക്കാറുള്ളതൊഴികെ ...  ബന്ധങ്ങളെല്ലാം എല്ലാം വാട്സാപ്പില്‍ മാത്രമായി.. 

 ഏത് ബാച്ചിലെ കുട്ടിയെ ആണ് പഠിപ്പിച്ചത് ? മാനേജര്‍  ചോദിച്ചു.

എനിക്കു ഓര്‍മയില്ല അവള്‍ പറഞ്ഞു. ...പേര്.... അവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ...... ഉ .. ഉ... അവരുടെ മേശപ്പുറത്തെ നെയിം ബോര്‍ഡില്‍  കൊത്തി വെച്ചിരുന്ന പേരും ഓര്‍മയില്‍ അവള്‍ പരതുന്ന പേരും ഒന്നാണെന്ന് കണ്ടെത്തിയത് .

നഷ്ടപ്പെട്ട മകളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ വികാരവായ്പ്പോടെ അവര്‍ രണ്ടുപേരും പരിസരം മറന്നുകൊണ്ടു ഏന്തി ഏന്തി കരഞ്ഞു ..

സുധാകരന്‍ സാറിനെ മാത്രമേ ഇപ്പോഴും വിളിക്കാറുള്ളൂ. അന്ന് വയ്യാതെ കിടന്നിരുന്ന അച്ഛന്‍ ആയിടയ്ക്ക് തന്നെ മരിച്ചു.

കരച്ചില്‍ നിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോഴാണെന്ന് തോന്നുന്നു, മാനേജര്‍ അവളെ കൂട്ടി റസ്റ്റ് റൂമിലേക്ക് പോയി. തുടച്ചിട്ടും തുടച്ചിട്ടും കണ്ണീരിങ്ങനെ വാര്‍ന്നുകൊണ്ടേയിരുന്നു.

ഒരു കാര്യം ചെയ്യാം.. ഒന്നു വീഡിയോ എടുക്കുമോ ചേച്ചീ ... ഞാന്‍ ചേച്ചീ എന്നേ ഇനി വിളിക്കൂ കേട്ടോ ... നിങ്ങളുടെ ഗ്രൂപ്പില്‍ ഇടാനാണ്... എനിക്കും എന്‍റെ കുടുംബത്തിനും ഒരു നിലനില്‍പ്പ് ഉണ്ടായത് നിങ്ങളുടെ സഹായം കൊണ്ടാണ്.

ആ കുട്ടി പറഞ്ഞുകൊണ്ടേ ഇരുന്നു. ഭാഗ്യം ആ കുട്ടിയുടെ സഹപ്രവര്‍ത്തകരുടെ ശ്രദ്ധയിലൊന്നും പെട്ടില്ല. അവള്‍ അവരുടെ മുന്നില്‍ കൊച്ചായില്ലല്ലോ.... എന്നു സമാധാനിച്ചുകൊണ്ട്  അവള്‍ സ്വന്തം മുഖവും കഴുകി തുടച്ചു. വീഡിയോ എടുത്തു. എന്നിട്ട് മാനേജര്‍ തന്റെ കൈ വിടാതെ തന്നെ ഓഫീസിന്റെ നടുത്തളത്തിലേക്ക് നടന്നു. അവളെ അല്‍ഭൂതപ്പെടുത്തിക്കൊണ്ട് ആ മാനേജര്‍ അവിടെ ഉള്ളവരോടായി ഉറക്കെ പറഞ്ഞു...

ഞാന്‍ ഇവരോട് കടപ്പെട്ടിരിക്കുന്നു........പിന്നേയും എന്തൊക്കെയോ.

അഭിമാനവും ആത്മ സംതൃപ്തിയും കൊണ്ടുള്ള ലാഘവം അവളെ കൂടുതല്‍ തിരക്കിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്താന്‍ പ്രേരിപ്പിച്ചു. നിര്‍ത്താതെ പെയ്ത വര്‍ഷങ്ങളെ വകഞ്ഞു കൊണ്ട് അവള്‍ കാര്‍മേഘങ്ങള്‍ ക്കിടയിലൂടുള്ള അവളുടെ യാത്ര തുടര്‍ന്നു.

 ഒരു വീഡിയോ കൂടി ഇതോടൊപ്പം ഉണ്ട്. കണ്ടാലും.