2023 ജൂലൈ 22, ശനിയാഴ്‌ച

Reply to an unserved / unreceived memo

 മറ്റുള്ളവരുടെയൊ അവനവന്റെയോ യാതനകൾ കണ്ടു മനസ്സ് ചലിക്കുന്നവരാണല്ലോ നല്ല വായനക്കാരും എഴുത്തുകാരും. ഈ ഗ്രൂപ് നിവാസികളും അതിലേക്കുള്ള യാത്രയിലാണല്ലോ.

  പരിഷകൃതവും സമസ്ത ലോക സൗഖ്യവും ഉള്ള ഒരു സാമൂഹ്യ അവസ്ഥയിലേക്കുള്ള യാത്രകളെ പിന്നോട്ട് വലിക്കുന്ന ചില ചെയ്തികൾ ഇടയ്ക്കു ഈ ഇത്തിരിപോന്ന ജീവിതത്തിനിടയിലും നടത്തുന്നതിന് തുനിയുന്നവരെകൊണ്ടാണ്  മനുഷ്യ കുലം എന്നും  തോറ്റിട്ടുള്ളത് .

മറ്റുള്ളവരുടെ മേലുള്ള നമ്മുടെ അധിനിവേശവും കൈകടത്തലുകളും ഒഴിവാക്കാൻ ശീലിക്കുക എന്നതാണ് പ്രാഥമിക പാഠം. അന്യന്റെ ദുഃഖം അവനവന്റെ ദുഃഖമാണെന്ന്  തിരിച്ചറിയുവാനുള്ള ആര്‍ജ്ജവവും.

 ഇങ്ങനെയൊക്കെ വിചാരമുള്ളവരായിരിക്കും സാമാന്യേന എല്ലാവരും പ്രത്യേകിച്ചു പുസ്തകം വായിക്കുന്നവര്‍ എന്ന ഒരു ധാരണ പരക്കെ ഉണ്ടല്ലോ. ആ നിലയില്‍ മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് മണിപ്പൂര്‍ വിഷയത്തില്‍ എന്തെങ്കിലും ഒന്നു പറഞ്ഞില്ലെങ്കില്‍  ദഹനക്കേടെങ്കിലും മിനിമം വരേണ്ടതാണ്. ആസൂത്രിതമെന്നും ഭരണകൂടം എന്ന ഒരു സ്ഥാപനത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സമയം ആയതുകൊണ്ടുമാണ്  ഈ കാര്യമെങ്കിലും പറഞ്ഞു വെക്കാന്‍ ഉദേശിച്ചത്.

 ആരെയും വേദനിപ്പിക്കാത്ത നല്ല രുചിയുള്ള വര്‍ത്തമാനങ്ങള്‍ മാത്രം ഈ ഗ്രൂപ്പില്‍ മതി എന്നു തന്നെയായിരുന്നു ഉദ്ദേശം. പക്ഷേ ഇക്കാര്യത്തില്‍ എനിക്കു എന്തെങ്കിലുമൊക്കെ സമാന ചിന്താഗതിയുണ്ടെന്ന് കരുത്തുന്ന നിങ്ങളോട് പറയാതിരിക്കാന്‍ ആകുന്നില്ല. പകയുടെയും വെറുപ്പിന്റെയും മനുഷ്യരെ ആയുധമാക്കുന്ന വൈരം നിറഞ്ഞ കലാപങ്ങളുടെയും ആകസ്മികമല്ലാത്ത സംഭവങ്ങളാണ് ഈ നടക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്.

 ഇന്നലെ എന്റെ ഷര്‍ട്ടിന്‍റെ ഒരു ബട്ടണ്‍ പൊട്ടിയിരുന്നു. ഞാന്‍ അത് മനസ്സിലാക്കിയിട്ടു ഒരു സൂചികിട്ടുന്ന നേരം വരെയും ലജ്ജകൊണ്ടു കൂടക്കൂടെ മറപിടിച്ചിരുന്ന് സമയം കളഞ്ഞതല്ല ലജ്ജ എന്നും, ഒരാളോ ഒരാള്‍ക്കൂട്ടമോ മറ്റൊരാളെയോ ആളുകളെയോ ഒരു വിഭാഗം ആളുകളെയോ നഗ്നരായി നടത്തുവാനും അത് നിശബ്ദമായി കണ്ടുകൊണ്ടിരിക്കുവാനുമുള്ള നമ്മുടെ മാനസികാവസ്ഥയെയാണ് ലജ്ജാകരം എന്നു   പറയുന്നതെന്നും   തിരിച്ചറിയുന്നു. മക്കളോടെങ്കിലും ഇതിനെക്കുറിച്ച് പറയുക എന്നത്  നമ്മുടെ ഉത്തരവാദിത്തമാണ്. 

 അതുകൊണ്ട് ഈ കുറിപ്പ് .

 

 

 

അഭിപ്രായങ്ങളൊന്നുമില്ല: