2021 ഫെബ്രുവരി 28, ഞായറാഴ്‌ച

കാല്‍ ഭാഗം

 

ഓസ്കാര്‍ പിറ്റോറിയസ്

 

 

ആശ പഴുത്തു

നാണമുരുകാതെ

പ്രണയമിറ്റു വീഴില്ല

മണ്ണില്‍ .

 

മണ്‍ പരാഗങ്ങ

ളൊന്നു ചേരാതെ

കൊടിയടക്കില്ല

ചേതന .

 

 

നനവറിയാതെ

നാമ്പു മുളപൊട്ടില്ല

വിത്തു പാത്രത്തി

ലിന്നോളം

 

ചുട്ടവെയില്‍

ചെയ്തികള്‍ക്ക്

മറുപടിയായ്

കറുത്തു തണുത്ത

കവിള്‍ വീര്‍ത്തു

കനക്കാതെ  

കണ്ണീരു തുളുമ്പില്ലൊരു

മേഘവും .

 

അങ്ങനെയൊരമ്മ പെറ്റു

പിറ്റൊരിയസ്സിനെ

പെറാതിരിക്കാന്‍

ആവാഞ്ഞപ്പോള്‍ .

 

പെരുവിരല്‍,

കുതികാല്‍, ഞെരിയാണി,

കണങ്കാല്‍, നഖങ്ങള്‍ ,

ഇല്ലാതെ

അതിനാല്‍ ......

കീറി വിണ്ട പാദങ്ങള്‍,

നഖത്തിലഴുക്ക്, ഇക്കിളി,

കുത്തിപ്പഴുക്കല്‍, വ്രണങ്ങള്‍,

ഉപ്പൂറ്റി വേദനകളില്ലാതെ

കൌമാരം കടന്നു പോയി

മുദ്ര പതീക്കാത്തൊരു

കാല പാദം.

 

കരയാനൊരു വേദനയോ

വേദനിക്കുവാനൊരു സമയമോ

ഇല്ലാതായെത്രനാള്‍ ?

വൈദ്യം, കവിത ,

ചിത്രമെഴുത്ത്‌,

കരകൌശലങ്ങളൊന്നുമെയല്ല,

 

കൌതുകമെഴും

കളികള്‍ , പുസ്തകം

കളിപ്പാട്ടവും വേണ്ട ...

മനം നിറയെ കിനാക്കള്‍ വേണ്ട

ഭൂമി പെണ്മടിയില്‍

നിവര്‍ന്നു നില്‍ക്കാന്‍

കാലുകള്‍ മാത്രം .

കാലുകള്‍ മാത്രം.

ചരാചരങ്ങളുടെ വേദന

ഓംനിപൊട്ടനെന്തറിഞ്ഞു.?

 

 

സൃഷ്ടിപ്പുര താക്കോല്‍

അപഹരിച്ചൊരു സൃഷ്ടി

പിന്നീട് പിറ്റൊരിയസ്സിനു

കാലുകള്‍ കൊടുത്ത്

സ്രഷ്ടാവിനെ 

കൊഞ്ഞനം കുത്തി.

 

 

കാലുകള്‍ -

പാദങ്ങള്‍ 

വണ്ണ കള്‍ 

ഞരമ്പുകള്‍ 

മാംസം, 

പേശികള്‍ 

എല്ലാം

മനക്കരുത്തില്‍ 

വാര്ത്ത 

ഉരുക്കുമാത്രമായ് 

നേടുന്നനെ നിവര്‍ന്നു ,

കുതിക്കുവാന്‍

വെമ്പി തുടിച്ച

ജന്മമെ,

ഇഴയുന്ന

ലോക യവ്വനത്തെ 

പോരിനായി വിളിച്ച് 


 

 

രതി യൂറി ഇറ്റിറ്റായ്

മതി നിറഞ്ഞു വീര്‍ത്തു

പൊട്ടി മുളച്ചതെന്റെ

പോയ്കാല്‍ പ്രണയം

 

 

 

 

ഏകലവ്യന്‍

 


 

ഏയ്‌

-        അരുത് !

“ഇവിടം

ശുദ്ധശുഭ്ര

വിദ്യാനിലയം”

 

ഇല്ലിത്തലപ്പുണങ്ങി

മുലപ്പൊള്ളയിലൂന്നി

നില്‍പ്പാണെങ്കിലും

ഉശിരു കെടാത്ത

ഇലകളെഴുന്നു

നില്‍ക്കുമാ

“വേലിക്കിപ്പുറം

കടക്കരുതു നീ

കാട്ടാളക്കുട്ടി

ഒരടി”

 

ഒരടി.

ഒരടിവീണമാതിരി

ഞെട്ടിത്തറിച്ചു

കണ്ചിമ്മി നിന്നൂ ,

നെറുകയില്‍

കാട്ടു വള്ളി

ക്കുരുക്കില്‍പ്പെട്ട

കറു കറു കുറുനിരകള്‍

-        വിയര്‍പ്പില്‍ നിന്നു

-        മുര്‍ന്നെഴുന്നേറ്റു

-        കൊണ്ടു നെടുങ്ങനെ !

 

തരിച്ചു;

കുനിഞ്ഞിരുന്നു കരഞ്ഞു

തിരിച്ചു നടന്നേ പോയ്‌

കാട്ടമ്മിഞ്ഞ

തെടിയവനൊരേ

യിരുള്‍

വഴിതുരന്നു

കൊണ്ടങ്ങനെ ...

 

 

അന്നേ പഠിച്ചു

പോകേണ്ടതായിരുന്നു  -

ഇലത്തലപ്പിലില്ലാ

ത്തൊരറിവില്ല

എഴുത്തോലയിലെന്നു ,

ചെരുപ്പുള്ളവന്‍

ഭൂമിയറിയുന്നില്ലെന്നു,

ഇന്ദ്രിയമറിയുന്നോരാള്‍ക്ക്  

അസ്ത്രവും

ആവനാഴിയും  വേണ്ടെന്നു.

   മാര്ച്ചട്ടകളില്‍

തടഞ്ഞു നിര്ത്താനാകില്ല

മൃതിയുടെ താണ്ടവമെന്നു....

 

അങ്ങനെ നീണ്ട

പതിനെട്ടടവുകള്‍ക്കിട

യിലെപ്പോഴോ

അവനൊരവനായി .....

 

 

 

ഏകലവ്യന്‍

ഏക

ഏകന്‍

എകല്‍

ഏക ല

ഏക ലവ്

ഏക ലവന്‍

ഏക ലവ്യന്‍ .

 

 

മാമരത്തണലില്‍

വന്യമൃഗ ക്ഷിപ്ര

ച്ച്ചുവടുകള്‍ക്ക്

മറുപടിയായും

 

വന്‍ ശില്‍പ്പികളുടെ

കൈത്തഴക്കമില്ലാത്തനേകം

ആയുധങ്ങളായി

കല്ല്‌, മുള, വേര്,

വള്ളി, ചില്ല, കൊമ്പ്,

ചിലനേരം പുല്ലും ..

ചുഴറ്റി –

അവനൊരു

പ്രവീണനായി;

മണ്ണിന്‍റെ,

ഗുരുപ്രതിമ സാക്ഷിയായവന്‍

അവനെ തന്നെ

.കണ്ടെത്തി.

 

 

നൂറ്റാണ്ടുകള്‍ കടന്നു പോയി

 

കൂവളകണ്ണിതളാ

ലുഴിഞ്ഞു നോക്കി

കൊണ്ടങ്ങനെയൊരു

ഗുരു അവനെ

തേടിയെത്തി

ച്ചോദിച്ചതിങ്ങനെ  :

 

 

ഗുരു:  ആയോധനമുറകളറിയുമോ ?

ഏകലവ്യന്‍ : ഉന്നവും തടയും ശീലമായി ഗുരോ

 

ഗുരു:  ആയുധങ്ങളെവിടെ  ?

ഏകലവ്യന്‍ : ശരീരത്തില്‍ തന്നെ

 

ഗുരു:  കാറ്റ് തേടുന്നതെന്ത്  ?

ഏകലവ്യന്‍ : സ്വസ്ഥത

 

ഗുരു:  കടലൊഴുകുന്നതെങ്ങോട്ട്  ?

ഏകലവ്യന്‍ : മേലോട്ട്

 

ഗുരു:  ഈ പ്രപഞ്ച ത്തില്‍ നക്ഷത്ര മെത്രയുണ്ട്  ?

ഏകലവ്യന്‍ : കോടാനുകോടി എന്നാല്‍ സുഗന്ധമുള്ളത് ഗുരു  

 

 

മുറ്റത്ത്  മണ്ണിലെ  ഗുരുപ്രതിമ

വളരുവാന്‍  തുടങ്ങിയപ്പോള്‍

ഗുരുവിനൊരു മാര്‍ഗമേ

ബാക്കിയുണ്ടായുള്ളൂ..

 

ദക്ഷിണ

 

 

വലം കൈ പെരുവിരല്‍

 

 

സുഗന്ധമുള്ള

നക്ഷത്രത്തിന്

ലോകത്തിന്‍റെ

ഏക ലവ്യന്‍

അതും

കൊടുത്തു .

 

 

പഠിച്ചതെല്ലാം

നിരത്തി

ഇനിയുള്ള

പഠനം

നിറുത്തി

ചോരയിറ്റുന്ന

കയ്യാല്‍

ഗുരുപാദങ്ങളില്‍

നന്ദിയര്‍പ്പിച്ചു

ക്ഷിപ്രം

ശിരസ്സ്‌ കുനിഞ്ഞ

ഗുരുവിനെ

കാണാനിടവരാതെ

യിലകള്‍ ക്കിടയിലേക്ക്

വീണു പോയ

തൂലികയെടുക്കാതെ 

അവന്‍ 

കാടിന്‍റെ

മര്‍മരങ്ങള്‍ക്കിടയിലേക്ക്

ഗദ്ഗദമായി തിരിഞ്ഞു

നടന്നു വത്രേ .

 

അനേക ലവ്യരിലൊരാളായി

ഏകലവ്യന്‍