2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 10

 

കുറിപ്പ് 10

 

സോണാര്‍ സ്വപ്നോ

സ്വര്‍ണം കൊണ്ടുള്ള സ്വപ്‌നങ്ങള്‍

 

രാത്രി കുറേ വൈകിയും വാടകക്കാരായ ആ അയല്‍ക്കാര്‍ അവരവരുടെ വാതിലുകള്‍ അടച്ച് അകത്തിരുന്നിരുന്നില്ല. അവർ അപ്പോഴും വട്ടം കൂടി സംസാരിച്ചു കൊണ്ടിരുന്നു. ഈ ഭൂമിലെ ജീവികള്‍ക്ക് സംവദിക്കാന്‍ ഒരേ ഭാഷ തന്നെ വേണമെന്നില്ല, വാക്കുകള്‍   ഒരു അധിക പറ്റാണ്  പലപ്പോഴും. അസ്ഥാനത് പ്രയോഗിച്ചാല്‍ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ പറയുന്നതിന് മുന്പ് ആലോചിക്കാന്‍ സമയം കിട്ടുക അല്പം വിക്കുള്ളവര്‍ക്കും ഭാഷ പച്ചവെള്ളം പോലെ അറിയാത്തവര്‍ക്കുമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ആലോചിച്ചു പറയുന്നത് തന്നെയാണ് നല്ലത്. ഒരു കൃത്രിമത്വം ഉണ്ടെങ്കില്‍ തന്നെ...

പെട്ടെന്നുള്ള പ്രതികരണമാണ് ഉള്ളറിയാന്‍ നല്ലത്, ആത്മാര്‍ഥതയുടെ അളവുകോലും.   

സംഭാഷണത്തില്‍ മുഴുകാതെ

ദൂരെ നിന്ന് നോക്കുമ്പോളാണ് അത് കൂടുതൽ വ്യക്തമാകുന്നത്:

ഒരാൾ എന്തോ ഒരു കാര്യം പറയുന്നു, എല്ലാവര്ക്കും എല്ലാ ഭാഷയും വ്യക്തമല്ലാത്തതുകൊണ്ട്  ബാക്കി എല്ലാവരും ആ പറയുന്ന ആളിലേക്ക് മാത്രം ശ്രദ്ധിക്കുന്നു, കാര്യം  പറഞ്ഞു  തീരുന്നതിനു മുൻപ് തന്നെ മറ്റുള്ളവരെല്ലാം അതിലെ ഹാസ്യം ആസ്വദിച്ചു ചിരിക്കുന്ന കാര്യം അത്ഭുതത്തോടെയാണ് അയാൾ കണ്ടത്.

സംവേദനം എന്ന പ്രക്രിയയിൽ ആത്മാർത്ഥതയ്ക്കും അടുപ്പത്തിനും കൗതുകത്തിനും ഉള്ള പങ്കൊക്കെ തന്നെയേ അനുഭവസമ്പത്തിനും വ്യാകരണത്തിനുമുള്ളൂ  എന്നയാൾക്ക്‌ അറിയില്ലായിരുന്നു. 

ആ അയൽക്കാരിലെ വൈവിധ്യങ്ങൾ പിന്നെയും കുറച്ചുകൊണ്ട് പിങ്കിവിന്റെ അമ്മ കൊണ്ടുവന്ന  ഷർബത്  ആർത്തിയോടെ രുചിച്ചു. പിന്നെയും പല മധുരങ്ങളും പല വീടുകളിൽ നിന്നായി കൊണ്ട് വന്നു പങ്കുവെച്ചു.  

സന്ദീപിന്റെ വീട്ടുകാർ ചക്കവരട്ടിയതും ചക്ക വറുത്തതുമായി വന്നു. അത് പലർക്കും   ആസ്വദിക്കാൻ സാധിച്ചില്ല , എങ്കിലും കൊണ്ടുവന്ന അത്രയും കഴിഞ്ഞു. ആദ്യം ചക്ക വറുത്തതും  പിന്നെ വരട്ടിയതും.   

 

 

കുട്ടികൾ പല കളികളും  കളിച്ചുകൊണ്ടിരുന്നു. റുമാലുകൾ അപ്പോഴും അവരുടെ കൈ വിരലുകൾക്കിടയിൽ   തലോടൽ സ്വീകരിക്കുന്ന കുഞ്ഞു പൂച്ചയെ പോലെ  പതുങ്ങി ഒതുങ്ങി ഇരുന്നു. കളിച്ചു കളിച്ചു അവർ കോവണിയുടെ പടികളിൽ ഞെരുങ്ങി  ഇരുന്നു.  കളിമൺ  കുടുക്കയിൽ  വിരലുകൾ  ഇട്ടു  വടിച്ചു നക്കി കൊണ്ട് മിസ്റ്റി ദഹി യുടെ പുളിപ്പും മധുരവും അവർ ആസ്വദിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ആ അയൽക്കൂട്ടം പിരിഞ്ഞത്. അതിനിടയിൽ സന്ദീപും പിങ്കുവും ടെറസിന്റെ മുകളിൽ ഒന്ന് എത്തി നോക്കാൻ പോയി. എന്നാൽ ലൊക്കി അവിടെ തന്നെ ഇരുന്നു കഴിച്ചു കൊണ്ടിരുന്നു.

ശകലം മഞ്ഞുള്ള രാത്രിയിൽ  മൈതാനത്തു  മാത്രം വെളിച്ചമുള്ള നേരം  മനുഷ്യരും വിവിധ സാധനങ്ങളും   ഒരു സ്വപ്നത്തിൽ എന്ന പോലെ തെളിഞ്ഞു നിൽക്കുന്ന നല്ല  കാഴ്ച കാണാനായി  സന്ദീപ് ലൊക്കിയെ  വിളിച്ചതാണ്, പക്ഷെ ; ലൊക്കി അപ്പോൾ യാത്ര പറഞ്ഞു പിരിഞ്ഞു. ലൊക്കി പോയതോടു കൂടി രണ്ടു അമ്മമാരും പിങ്കുവിനേയും സന്ദീപിനെയും യും  അവരവരുടെ വീടുകളിലേക്ക് തിരിച്ചു വിളിച്ചു.  വെള്ള ചാമ്പയുടെ നീളൻ കൊമ്പുകളിൽ മണികൾ തൂക്കിയിട്ട പോലെ മൂത്ത ചാമ്പക്കകൾ തെറിച്ചു നിന്നിരുന്നു. ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഇലകള്‍ ദൂരെ നിന്നുമുള്ള വെളിച്ചവും നിലാവെളിച്ചവും മത്സരിച്ചു പ്രതിഫലിപ്പിച്ചു കൊതിപ്പിച്ചു.

 അതിന്റെ അടുത്തേക്ക് പോകാൻ രമാലു വിനെപോലെ ഒരുത്തിയെ  കൂട്ട് പിടിക്കുന്നതായിരിക്കും നല്ലത് എന്ന്  സന്ദീപ് മനസ്സിൽ കരുതി വെച്ചു. പിങ്കുവിനോട് രാവിലെ തന്നെ ടെറസ്സില്‍ നിന്നും മൈതാനത്തേക്ക് നോക്കാം എന്നും പറഞ്ഞു പടികള്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ ഉത്സാഹം പെട്ടെന്ന് കാല്‍ അറിയാതെ തട്ടി ദഹി പാത്രം തട്ടി താഴെയിട്ടപ്പോള്‍ അവസാനിച്ചു.

മൂന്ന് പാത്രങ്ങളില്‍ ഒന്ന് ലൊക്കി തിരിച്ചു കൊടുത്തിരുന്നു. പിങ്കുവിന്റെയും സന്ദീപിന്റെയും പാത്രങ്ങളില്‍ പിന്നെയും മിസ്റ്റി ദഹി അവിടവിടെയായി ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം ലൊക്കി അത് തിരിച്ചു കൊടുത്തിരുന്നില്ല. അതില്‍ ഒന്നാണ് താഴെ വീണത്‌. സന്ദീപിന്‍റെ കുറ്റബോധം ഉരുണ്ടുരുണ്ട് കണ്ണില്‍ നിന്നും പൊട്ടി ഒഴുകി. പൊട്ടിയ പാത്രവും പൊട്ടാത്ത പാത്രവും വാരി പിടിച്ചു അവന്‍ അമ്മയുടെ അടുത്ത് പോയി സാഷ്ടാംഗം കീഴടങ്ങി. കരഞ്ഞുകൊണ്ടിരുന്നു.

 

അവനെ ആശ്വസിപ്പിക്കാന്‍ ഒരുപാട് പേര്‍ വന്നു. പക്ഷെ അവന്റെ കരച്ചില്‍ മാറിയില്ല, ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു. പിന്കുവിന്റെ അമ്മ അവനെ  ആശ്വസിപ്പിക്കാനായി ചെയ്തത് ഒരു കുട്ട നിറയെ മണ്‍ പാത്രങ്ങള്‍ കൊണ്ട് വന്നു മുന്നില്‍ വെച്ച് കൊടുത്തപ്പോഴാണ്‌. അവിടങ്ങളില്‍ മണ്‍ പാത്രങ്ങള്‍ ഒരു തവണ  ഉപയോഗിച്ചു കഴിഞ്ഞാല്‍ പൊട്ടിച്ചു കളയാനുളളതാണ്. വീടിലായത് കൊണ്ട് അത് ചിലപ്പോള്‍ കഴുകി ഉപയോഗിക്കും അത്ര തന്നെ. അതില്‍ ഒന്നുമിരിക്കുന്നില്ല . പൊട്ടിയാല്‍ പൊട്ടി ഇല്ലങ്കില്‍ ഇല്ല. ട്രെയിനില്‍ കിട്ടിയ ചായപ്പാത്രങ്ങള്‍  അച്ചാച്ചന്‍ ഏതോ കടല്ലാസില്‍ പൊതിഞ്ഞു സീറ്റിന്‍റെ ഇടയില്‍ വെച്ചതും  ട്രെയിനില്‍ നിന്നും എടുക്കാന്‍ മറന്നു പോയതും അയാള്‍ ഓര്‍ത്തു.

ചില സംഭവങ്ങളും ആളുകളും അവയോടുള്ള ബന്ധങ്ങളും ഓര്‍മകളും അത്ര മാത്രമേ കാണൂ. അത് പിന്നെ ജീവിതം മുഴുവനും പൊതിഞ്ഞു കൊണ്ട് നടക്കേണ്ട കാര്യമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒരാള്‍ക്ക്‌ മാത്രമായി ഒരിക്കലും ആവര്‍ത്തിക്കാത്ത ഉപയോഗം (one time use ) ഒരു അഹങ്കാരമാണെന്ന് പിന്നീട് അയാള്‍ക്ക് തോന്നിയിരുന്നെങ്കിലും അന്നത്തേക്ക്‌ ആ അറിവ് അവന്റെ കുറ്റബോധം ഇല്ലാതാക്കി. കരച്ചിലും അടങ്ങി. നേര്‍ത്ത്   നേര്‍ത്ത് അവന്‍റെ  സങ്കടം ഒരു താരാട്ടിന്റെ വിദൂര കേള്‍വി പോലെ അവനെ ഉറക്കത്തിലേക്ക് ആനയിച്ചു  കൊണ്ടുപോയി

 

നിലവിലുണ്ടായിരുന്ന  ജലദോഷം കൂടി; ശ്വാസം വലിക്കുമ്പോള്‍ ശബ്ദത്തിന് വ്യത്യാസം വന്നു തുടങ്ങി, ഉറക്കത്തില്‍ ഏതൊക്കെയോ കഥാപാത്രങ്ങളായി അവന്‍ മാറി മാറി സംസാരിച്ചു തുടങ്ങി. കഥകളില്‍ പറഞ്ഞ സ്ഥലങ്ങളിലൂടെ സര്‍വാഭരണ വിഭൂഷിതനായി ദുര്ഗാ ദേവിയുടെ കൂടെ സഞ്ചരിച്ചു അസുരന്മാരെ കണ്ടു, യുദ്ധം ചെയ്തു, ശത്രുക്കളെ ഉറക്കെ വെല്ലു വിളിച്ചു . കണ്ണടച്ചാല്‍ ഉടന്‍ ദേവലോകം കാണാന്‍ തുടങ്ങി. പരിചിതരായവര്‍ മിക്കവാറും ഉടുത്തിരുന്നത് തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും താമസിച്ചിരുന്നത് സ്വര്‍ണം കെട്ടിയ തൂണുകള്‍ ഉള്ള വീടുകളിലും കൊട്ടാരങ്ങളിലും. വെള്ളം ലഭിക്കാന്‍ കിണറുകളും കൈപംബുകളും ഉണ്ടായിരുന്നു. എല്ലാം പക്ഷെ സ്വര്‍ണ്ണം കെട്ടിയതായിരുന്നു.  എല്ലാവരുടെയും അരയില്‍ വാളുകളും തലയില്‍ തലപ്പാവുകളും ഉണ്ടായിരുന്നു.

 

പനിയും തുടര്‍ന്ന് വരാറുള്ള ഫിട്സും  വരുന്നതിനുള്ള മുന്നൊരുക്കം ഇത്തരം സുന്ദരമായ സ്വപ്നങ്ങളിലൂടെ അവനു മുന്‍കൂട്ടി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ പനി വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നു.

 

അമ്മമ  യുടെ മുഖവും സ്വര്‍ണ്ണ കിരീടവും കൈകളില്‍ ശൂലവും മറ്റു ആയുധങ്ങളും മറ്റുമുള്ള ദേവി പറഞ്ഞു: ഫിട്സ് വരാതിരുന്നാല്‍ മാത്രം മതിയായിരുന്നു.

Santhragachi 9

 

കുറിപ്പ് 9

മിസ്തി  ധൊഹി

 അവര്‍ രണ്ടുപേരും ആ പൂജകള്‍ കണ്ടും സ്റ്റേജിനു ചുറ്റിപ്പറ്റിയും നിന്നു. കുറേകൂടി കഴിഞ്ഞാണ് വീട്ടുകാരും അയല്‍ക്കാരും കൂട്ടമായി വന്നത്. ലോക്കിയുടെയും  സന്ദീപിന്റെയും വീട്ടുകാര്‍ കയ്യും വീശി വന്നപ്പോള്‍ പിങ്കു വിന്റെ അമ്മ പൂജക്കുള്ള എന്തോക്കെയോ സാധനങ്ങള്‍ ഒരു മുളംകുട്ടയില്‍ കൊണ്ട് വന്നു; പൂജ ചെയ്യുന്നവരുടെ കയ്യില്‍ കൊടുത്തു ഭവ്യതയോടെ മാറി നിന്നു.

പലഹാരങ്ങളുടെ കടകള്‍ക്ക് മുന്നിലെ 25 വാട്ട് ബള്‍ബുകള്‍ക്ക് ചുറ്റും പ്രാണികള്‍ പറന്നു കൊണ്ടിരുന്നു. ചില കടകളില്‍ മാത്രം പഴയ പെട്രോമാക്സ് വിളക്കുകള്‍ ആയിരുന്നു. 


രസഗുള്ളചുംചുംസന്ദേഷ്രസബലിചെന്ന പോടചെന്ന ഗാജചെന്ന ജലേബി , ഖീരി” മേമ ചില ബോര്‍ഡുകള്‍ വായിച്ചു. എന്നാല്‍ പൂജ തീരും വരെ ആ കടകളിലേക്ക് പോകേണ്ടെന്നു അമ്മമ്മ ആംഗ്യം  കാണിച്ചു.  വളരെ നീണ്ട പൂജയ്ക്ക് ശേഷം കൈ നിറയെ പ്രസാദം ലഭിച്ചത് കൊണ്ട് അത് കഴിയും വരെ മറ്റൊരു സാധനവും വാങ്ങാനുള്ള സാധ്യത ഇല്ലായിരുന്നു.

 


എല്ലാവരും പ്രസാദം കഴിച്ചുകൊണ്ട് കടകള്‍ ചുറ്റി കാണുവാന്‍ തുടങ്ങി. ഒരു സാധനം പോലും വാങ്ങിയില്ലെങ്കിലും സംസാരം മുഴുവന്‍ ഭക്ഷ്യ സാധനങ്ങളെ പറ്റിയായിരുന്നു. രമാലൂ ആണ് ഇതൊക്കെ പറയുന്നത്.

അസാംബംഗാൾ and ഒറീസ എന്നിവടങ്ങളിൽ നിന്നുള്ള പരമ്പരാഗത വിഭവങ്ങൾ വളരെ എരിവും പുളിയും നിറഞ്ഞതാണ്‌. ഇതിന്റെ മസാലകളിലേയും, സുഗന്ധവ്യഞ്ജനങ്ങളിലേയും പ്രധാനഘടകങ്ങൾ കടുക്, ജീരകം, കരിം ജീരകം, പച്ചമുളക്, ജീരകമിശ്രിതംപഞ്ച് ഫോരൊൻ എന്ന മിശ്രിതം ഒക്കെയാണ്.


പല തരം എണ്ണ ചെറിയ കുപ്പികളില്‍ വില്‍ക്കുന്ന ഒരു സ്റ്റാള്‍ ഉണ്ടായിരുന്നു.  കടുകെണ്ണ സമൃദ്ധമായി ഉപയോഗിക്കുന്നത് ആന്ധ്രക്കാരായ രമാലുവിന്റെ വീട്ടുകാര്‍ക്കു തങ്ങളെ പോലെ തന്നെ  ഇഷ്ടമല്ല. എന്നാല്‍ ബംഗാളികളായ പിന്കുവിന്റെ വീട്ടുകാര്‍ക്കും രമാലുവിന്റെ വീട്ടുകാര്‍ക്കും വെളിച്ചെണ്ണയില്‍ കറി വെക്കുന്ന കാര്യം ആലോചിക്കാനേ പറ്റുമായിരുന്നില്ല. അത് തലയില്‍ പുരട്ടാനുള്ള സുഗന്ധലെപനമല്ലേ? ഷാലിമാര്‍ എന്ന ബ്രാന്‍ഡില്‍ ടിന്നില്‍ ലഭിക്കുന്ന വെളിച്ചെണ്ണ അവിടെ നല്ല പ്രചാരമുണ്ട്. നാട്ടില്‍ നിന്നും കൊണ്ടുവന്ന ആട്ടിയ വെളിച്ചെണ്ണ തീര്‍ന്നപ്പോള്‍ സൂര്യകാന്തി എണ്ണയും കടലെണ്ണയും വീട്ടില്‍ പരീക്ഷിച്ചു വിജയിച്ചു.

 

വാതത്തിന് കാലില്‍ കടുകെണ്ണ പുരട്ടുന്നത് നല്ലതാണെന്ന് അച്ചാച്ചന്‍ പറഞ്ഞു തന്നു. ഭക്ഷണത്തില്‍ കടുകെണ്ണ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് ബംഗാളികള്‍ക്ക് വാതത്തിന്റെ അസുഖം കുറവാണെന്നും അച്ചാച്ചന്‍ തട്ടി വിട്ടു. നന്നേ വെളുത്ത നിറമുള്ള പിങ്കുവിന്റെ വിയര്‍പ്പിന് കടുകെണ്ണയുടെ മണമുള്ളതില്‍ ഒരു പൊരുത്തക്കേട് അയാള്‍ക്ക്‌ തോന്നിയിരുന്നു. എന്നാല്‍ ലോക്കിയെ എപ്പോഴും വാസന സോപ്പിന്റെയും ക്യൂട്ടിക്കൂറ പൌഡറിന്‍റെയും ഒക്കെ വാസനയോടു കൂടിയാണ് പുറത്ത് കണ്ടിരുന്നത്‌. അവന്‍റെ വീട്ടില്‍ രണ്ടു ചേച്ചിമാരും അതൊക്കെ ഇത്തിരി നന്നായി തന്നെ ഉപയോഗിക്കുന്നവരാണ്.

 

റിക്ഷാ മാമന്‍റെ കടകള്‍ ആണ് തൊട്ടടുത്ത്. കടയില്‍ എടുത്തു കൊടുക്കാന്‍ തന്നെ അഞ്ചെട്ടു പേരുണ്ടായിരുന്നു.   ചെറിയ രണ്ടു സ്റ്റാളുകള്‍. അമ്മയോട് നല്ല ബഹുമാന ത്തോട് കൂടിയാണ് മാമന്‍ സംസാരിച്ചിരുന്നത്. “ഇതൊന്നും എന്‍റെ കഴിവല്ല, ഒരു പരീക്ഷണമാണ്, കടയില്‍ നില്‍ക്കുന്നതൊക്കെ തന്‍റെ മക്കളും മരുമക്കളും അയല്‍ക്കാരും ഒക്കെയാണ്.....” റിക്ഷാമാമന്റെ  പെരുമാറ്റം എല്ല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ ഒരു തുണി പോലും അവര്‍ വാങ്ങിയിരുന്നില്ല. അത് സന്ദീപിന് കുറച്ചിലും സങ്കടവുമായി. അമ്മയോട് സ്വകാര്യമായി പറഞ്ഞു നോക്കിയിട്ടും ഫലം ഇല്ലായിരുന്നു. ലോക്കിയും മറ്റും ഇല്ലാത്ത സമയമായിരുന്നെങ്കില്‍ ഒന്ന് കരഞ്ഞു വാശി പിടിക്കാമായിരുന്നു....

 

ഒരുപക്ഷെ തനിക്ക് എന്തൊക്കെയോ തുണികള്‍ സൗജന്യമായി കിട്ടുമായിരുന്ന അവസരം നഷ്ടമായി എന്ന് തന്നെ അയാള്‍ കരുതി. സ്റ്റാളുകള്‍ കണ്ടു തിരിച്ചു വരുന്ന സമയം റിക്ഷാമാമന്‍ കാണാതി രിക്കാന്‍ സന്ദീപ്‌ അച്ചാച്ചന്റെ മറയില്‍ നടന്നു.

 

എന്നാല്‍ റിക്ഷാമാമന്‍ സന്ദീപിനെ കൈ വിട്ടില്ലാ. അയാള്‍ തിടുക്കത്തില്‍ സന്ദീപിന് പിന്നാലെ എത്തി. തിളങ്ങുന്ന ചുവപ്പ് നിറത്തില്‍ അഞ്ച് റുമാലുകള്‍ കൊടുത്തു. കോണോടു കോണ്‍ മടക്കിയാല്‍ ഒരു ഒത്ത ആള്‍ക്ക് കഴുത്തില്‍ കെട്ടാന്‍ പാകത്തിനുള്ള അളവില്‍ അരികു തയിച്ചിട്ടില്ലാത്ത്ത പുത്തന്‍ പോളിയെസ്റ്റര്‍ തുണികള്‍  അഞ്ചെണ്ണം. ഇതൊന്നും വേണ്ടായിരുന്നു എന്ന് അമ്മ ഇത്തിരി ഉച്ചത്തില്‍ തന്നെ പറഞ്ഞു.

“പര്‍വാ നഹിം മേം സാബ്.. . മേരാ നയാ സ്റ്റാള്‍ ....”

അത് എല്ലാവരിലും ഇതി കര്തവ്യാ മൂഡത ഉണ്ടാക്കി. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഇനി ഇപ്പോള്‍ എന്തെങ്കിലും വാങ്ങിക്കാന്‍ ചെന്നാല്‍ അതൊരു പകരം വീട്ടലാകും. ഒന്നും വാങ്ങിക്കാതിരുന്നതു മോശമായി പോയോ എന്ന് എല്ലാവര്‍ക്കുമം തോന്നിയോ എന്തോ....

“കല്‍ ടെഖേന്ഗെ” എന്ന് അച്ചാച്ചന്‍ പറഞ്ഞതുകൊണ്ട് ആ അനിശ്ചിതാവസ്ഥ മറികടന്നു. എല്ലാവരും വീട്ടിലേക്കു നടന്നു. ആര്‍ക്കൊക്കെ എന്നൊന്നും പറയാതെ തന്നത് കൊണ്ട് അത് എങ്ങനെ പങ്കു വെക്കണം എന്ന കാര്യത്തില്‍ ഒരു സംശയം ഉണ്ടായി. അച്ച്ചാച്ചനൊഴിച് ബാക്കി അഞ്ചു കുട്ടികള്‍ക്കുമായി റുമാലുകള്‍ പെട്ടെന്ന് തന്നെ വീതിക്കപ്പെട്ടു. അമ്മൂമ്മയാണ് അത് ചെയ്തത് . ലൊക്കി, പിങ്കു, സന്ദീപ്‌, ഭാരതി, രമ. അയാള്‍ അത് വിരലുകള്‍ക്കിടയില്‍ വെച്ച് തിരുമ്മി അതിന്‍റെ

ദുര്‍ഗാ പ്രതിമയുടെ മുന്നിലൂടെ പോരുമ്പോള്‍ കൂടുതല്‍ ഭംഗിയായ്യും വ്യക്തമായും കാണാന്‍ സാധിച്ചു. ഒന്നും വാങ്ങിക്കാതെ പോന്നതിന്റെ ഭാരം കാരണം വീടെത്തുന്നത് വരെ ആരും കാര്യമായൊന്നും സംസാരിച്ചിരുന്നില്ല.  സന്ദീപ്‌ പ്രതിമയെ തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ട് നടന്നു.

 

വീടിന്‍റെ  അടുത്ത് റോഡരുകിലെ  അവസാനത്തെ  ശര്ബത്ത് കട എത്തിയതോടെ  അത്ര നേരം  അവന്റെ അമ്മയോട് സ്വകാര്യമായി പറഞ്ഞുകൊണ്ടിരുന്ന കാര്യം  ലൊക്കി കുറെ കൂടി ഉച്ചത്തിലാക്കി.

തള്ളി, നീതി

അത് കേട്ട് അയാളും അത് ഏറ്റു പിടിച്ചു.  വെള്ളം

വീട് എത്തിയില്ലേ ഇപ്പൊ തരാം.

അതാ അമ്മെ ലസ്സി.. ദാഹിച്ചിട്ടു വയ്യ .. സന്ദീപ്‌ പിന്നെയും ചിണുങ്ങി. അച്ചാച്ചന്‍ കടയുടെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞോ എന്ന സംശയത്തില്‍ അമ്മ ഒന്ന് തിരിഞ്ഞു നോക്കി. അച്ചാച്ചന്‍ പിന്നെയും ട്രാക്കിലേക്ക് തന്നെ തിരിച്ചു വന്നു. പിങ്കുവും വെള്ളത്തിനായി ആഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പിങ്കുവിന്റെ അമ്മ പ്രഖ്യാപിച്ചു: കോയി ബാഹര്‍ സെ പാനി നാ ഖരീദേം. സബ്കെ ലിയെ മേഇം ശര്ബത്ത് ബനാ ധേന്ഗെ ഔര്‍  ബച്ചോം കെ ലിയെ മിസ്തി  ധൊഹി. അതോടെ കടകളില്‍ നിന്നും മധുരപാനീയങ്ങള്‍ക്കായുള്ള മോഹം അന്നത്തെക്ക് നിന്നു.  traditional bengali menu, traditional bengali cuisine

 

 

Santhragachi 8

 

കുറിപ്പ് 8

 

ഉത്സവപ്പറമ്പ്

 

സന്ദീപ്‌ ഒറ്റക്ക് കുളിക്കുമ്പോള്‍ ആകെ സോപ്പ് തേക്കുന്നത് വയറ്റിലാണ്. പിന്നെ രണ്ടു കൈ തണ്ടയിലും. വയറ്റില്‍ ഓ എന്ന ഇംഗ്ലീഷ് അക്ഷരം കുറേ വരച്ചു വെള്ളം ഒഴിച്ച് കഴുകിക്കളഞ്ഞാല്‍  കുളി കഴിഞ്ഞു. അമ്മ എപ്പോഴും അമ്മമ്മയോടു കയര്‍ക്കുന്നതും ചെക്കനെ ഒറ്റക്ക് കുളിക്കാന്‍ വിടുന്ന കാര്യത്തിലാണ്.  ലൈഫ് ബോയ്‌ സോപ്പ് കണ്ണില്‍ പെട്ടാല്‍ പിന്നെ സഹിക്കാന്‍ പറ്റാത്ത നീറ്റമാണ്. നാട്ടില്‍ താളി തേച്ചുള്ള കുളി ഒരു കുഴപ്പവുമില്ല . അഴുക്ക് മുഴുവനായി ഇല്ലാതായി Phyllanthus Tenellus Plant Flowers Fruit Stock Photo 1464821354 |  Shutterstockപോകുന്നത് പോലെയാണ്. ചെമ്പരത്തി ഇലയുടെയോ നീരോലി ഇലയുടെയോ താളി എപ്പോഴും ഒരു മൊന്തയില്‍ ബാക്കിയുണ്ടാകും. അത് തേച്ച് അതിന്‍റെ വഴു വഴുപ്പ് മാറുന്നത് വരെ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക. പതം വന്ന  പീച്ചിങ്ങ കൊണ്ട് ദേഹത്ത് ഉരക്കുക. കുളികഴിഞ്ഞാല്‍ തന്നെ ഒരു നീറ്റമാണ്. കാല്‍ മുട്ടില്‍ , കൈമുട്ടില്‍, കാല്‍ വിരലുകളിലും  എന്തായാലും നീറ്റല്‍ അധികം ഉണ്ടാകും.

എന്നാലും കുളിച്ചു എന്ന് തോന്നും. ലൈഫ് ബോയ്‌ സോപ്പ് അത്ര ഇഷ്ടമല്ല, പക്ഷെ മണം നല്ലതാണ്. അച്ചമ്മയോക്കെ നാട്ടില്‍ ചില ദിവസങ്ങളില്‍ ബാര്‍ സോപ്പിട്ടാണ് കുളിക്കുന്നത്. അതിനെക്കാള്‍ നല്ലതാണ് ലൈഫ് ബോയ്‌. ലൈഫ് ബോയ്‌ എവിടെയോ അവിടെയാണാരോഗ്യം.  വൈകീട്ടത്തെ കുളി മിക്കപ്പോഴും പകുതി അമ്മമ്മയും പകുതി അയാളുമായി പങ്കുവെക്കാറാണ്  പതിവു. 

തന്നെ അമ്മൂമ്മ കുളിപ്പിക്കുന്ന നേരം അനിയത്തി ഒന്നുകില്‍ ലൊക്കിയുടെ ചേച്ചിമാരുടെ കയ്യില്‍ അല്ലെങ്കില്‍ പിന്കുവിന്റെ അമ്മയുടെ കയ്യിലായിരിക്കും. കുറച്ച് കഴിയുമ്പോഴേക്കും അനിയത്തിക്കുട്ടി കരഞ്ഞു തുടങ്ങും. അപ്പോള്‍ അമ്മാമ്മ അവളെ എടുക്കാന്‍ പോകും. പിന്നെ വട്ടകയില്‍ ഇരുന്ന് തന്‍റെ വക ഒരു അറ്മാദിക്കലാണ്.

അന്ന് കറങ്ങി നടന്നു നേരം പോയത് കൊണ്ട് കുളി അല്‍പ്പം വൈകി. അതുകൊണ്ട് അമ്മൂമ്മ കുളിപ്പിക്കുന്നതും കണ്ടു കൊണ്ടാണ് അമ്മയും മേമ്മയും  ഓഫീസില്‍ നിന്നും വന്നത്. രമാലുവിന്റെ കയ്യില്‍ നിന്നും പ്രിയയെ വാങ്ങി അമ്മ വേഗം വീടിന്‍റെ അകത്തേക്ക് പോയി. മേമ രമാലുവുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ കെട്ടിടത്തിലെ മിക്കവാറും  പെണ്ണുങ്ങളെല്ലാം അപ്രതീക്ഷിതമായി ഒത്തു കൂടി എന്തൊക്കെയോ സംസാരിച്ചുകൊണ്ടു നിന്നു.

ഇത്രയും സ്ത്രീ ജനങ്ങളുടെ മുന്നില്‍ കുളി നീട്ടി കൊണ്ട് പോകുന്നതില്‍ സന്ദീപ്‌ അസ്വസ്ഥനായി അമ്മാമ്മയോടു ദേഷ്യപ്പെട്ടു. വേഗം തുവര്‍ത്തി അകത്തേക്ക് ഓടിക്കയറി, അമ്മയുടെ ബാഗ് പരിശോധിക്കാന്‍ തുടങ്ങി. അന്ന്  ചുക്കുണ്ട പോലെ എന്തോ സാധനമായിരുന്നു ലഭിച്ചത്. പാക്കറ്റ് എടുത്ത് അമ്മയുടെ അടുത്തേക്ക് പോയി പൊളിച്ചു കിട്ടാനായി കാത്തു നിന്നപ്പോള്‍ പതിവു പോലെ ഉണ്ണിമോളുടെ കയ്യില്‍ അവന്‍ വിരല്‍ വെച്ചു കൊടുത്തു. അവള്‍ അവന്‍റെ  വിരലില്‍ മുറുക്കെ പിടിച്ചു കൊണ്ട് പാല്‍ കുടിക്കുന്നത്  തുടര്‍ന്നു.

അമ്മ വിശേഷങ്ങള്‍ ചോദിക്കുമ്പോഴും അവന്‍ മറുപടി  പറയുമ്പോഴും അവന്‍റെ കണ്ണുകള്‍ അമ്മ ചാരി ഇരുന്നിരുന്ന ജനലിന്റെ പുറത്തേക്ക് മൈതാനത്തിന്‍റെ മൂലയില്‍ പ്രതിഷ്ടിച്ച ദുര്‍ഗാ പ്രതിമയുടെ ചുറ്റും തേരാ പാരാ ഉലാത്തുകയായിരുന്നു.

അമ്മൂമ്മ കുളിമുറി കഴുകി തിരിചെത്തുംബോഴേക്കും അമ്മ അവന്‍റെ തല നന്നായി തോര്‍ത്തി കൊടുക്കുകയും നീരിളകിയ മൂക്ക് നനഞ്ഞ തോര്‍ത്ത്  അഴിച്ചെടുത്ത് കൊണ്ട് തന്നെ വൃത്ത്തിയാക്കി കൊടുക്കുയും ചെയ്തു.

 

മൈതാനത്ത് കറങ്ങിയ കഥ പറഞ്ഞു തുടങ്ങുമ്പോ ഴേക്കും മേമ ആ നല്ല വാര്‍ത്ത കൊണ്ട് വന്നു: “ലൊക്കി ഫാമിലി, പിങ്കു ഫാമിലി പിന്നെ നമ്മളും മൈതാനത്ത് കറങ്ങാന്‍ പോകുന്നു!”

 

മധുരമില്ലാത്ത വിഭവം കട്ടിലിന്റെ മുകളില്‍ തന്നെ വെച്ച് സന്ദീപ്‌ വീട്ടില്‍ ഇടുന്ന ട്രവസറും ഷര്‍ട്ടും എടുത്തിട്ടു വീടിനു വെളിയിലേക്ക് പോയി.

“ലോക്കി കിദര്‍ ഹേ രമാലു അക്ക?” അയാള്‍ അപ്പോഴും പിരിഞ്ഞിട്ടില്ലാത്ത പെണ് കൂട്ടത്തിലേക്ക് നോക്കി ചോദിചു.

“അഭി ആയേഗാ ചോട്ടൂ..” അവര്‍ മറുപടി പറഞ്ഞു. രാമലു അക്ക – സ്ലയിസ് ചെയ്യാതെ കിട്ടുന്ന ബ്രെഡ്‌ ലോഫിന്റെ ഉള്നിറവും എന്നാല്‍ മോഡേണ്‍ ബ്രെഡിന്റെ പോലെ ശക്തിയും ഉള്ളയാളായിരുന്നു. രമാലൂ അക്കക്ക് പതിനഞ്ചു വയസ്സൊക്കെ ഉണ്ടായിരുന്നു. അവരാണ് പിന്നീട് അമ്മയെയും മേമ്മയെയും ലൈബ്രറിയില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയത്. അവര്‍ അവരുടെ സ്കൂളില്‍ കുറെ കായിക മത്സരങ്ങളില്‍ പങ്കെടുത്ത്  പല ഇനങ്ങളില്‍ സമ്മാനങ്ങള്‍ നെടുമായിരുന്നു.  നാട്ടിലെ പെണ്‍കുട്ടികള്‍ പാന്‍റ് ധരിച്ചിട്ട് കണ്ടിട്ടില്ലാ. പാന്‍റ് ധരിച്ച പെണ്‍കുട്ടിയെ അയാള്‍ നേരില്‍ ആദ്യമായി കണ്ടത് രമാലു അക്ക പാന്‍റ് ധരിച്ചിട്ടാണ്.   അക്ക സന്ദീപിനോട് കുശലം ചോദിച്ചു  കൊണ്ടിരുന്നു. 

 

“സന്ദീ ......”

ലോക്കി   അവരുടെ വീടിന്‍റെ അകത്തു നിന്നും വിളിച്ചു. വീടിന്‍റെ അകത്തെ ഇരുളില്‍ നില്‍ക്കുന്ന രൂപം ലോക്കിയുടെ ചേച്ചി ഭാരതി ആണെന്നാണ്‌  പെട്ടെന്ന് തോന്നിയത്. പക്ഷെ ലോക്കി   ആയിരുന്നു. വലിയ ടര്‍ക്കി ടവല്‍ കൊണ്ട് തല സ്വയം തോര്‍ത്തി അവന്‍ പുറത്തേക്ക്  കൈ കാണിച്ചു.

“ഹം അച്ചാച്ചന്‍ കെ സാഥ് പഹലേ ജായെന്കെ .....” സന്ദീപ്‌ പറഞ്ഞതും ആദ്യത്തെ വെടിപൊട്ടി; അകലെ ഒരു ഉത്സവത്തിനു കൊടി ഏറി! ഒപ്പം പ്രാര്‍ഥനയും പൂജയും. അമ്മ തല തോര്‍ത്തി തരുമ്പോള്‍ മൈതാനത്ത് സ്റ്റേജില്‍ ദുര്‍ഗാ പ്രതിമ മൂടി തന്നെയാണ് കിടന്നിരുന്നതെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.    ഇപ്പൊ എങ്ങനെയുണ്ട് എന്നറിയാന്‍ തിടുക്കമായത് കൊണ്ട് ലോക്കിയുടെ വീടിനു ഉള്ളിലെ ജനലിലൂടെ സ്റ്റേജിലെക്ക് നോക്കാന്‍ വേണ്ടി അയാള്‍ തിടുക്കപ്പെട്ടു പാഞ്ഞു. ലോക്കിയുടെ വീടിന്‍റെ ഉള്ളില്‍ സുഗന്ധ സോപ്പിന്‍റെ ഹൃദ്യമായ ഗന്ധം അയാളെ സ്വാഗതം ചെയ്തു. ആ സുഗന്ധവും പേറി വന്ന ലോക്കിയും അയാളും ലോക്കിയുടെ ജനലിലൂടെ ദുര്‍ഗാ പ്രതിമയുടെ വിദൂര ദൃശ്യം കണ്ടു.  

ജൊല്ധി ... ലോക്കി ജൊല്ധി ആജാ”  എന്നും പറഞ്ഞുകൊണ്ട് അച്ചാച്ചനെ ലക്ഷ്യമാക്കി അയാള്‍ പാഞ്ഞു.

“അച്ചാച്ചാ.............”

“നമുക്ക് പൂവാടാ കുട്ടാ....” അച്ചാച്ചന്‍ ഷര്‍ട്ടിന്റെ നീളന്‍  കൈ മടക്കിവെച്ചുക്കൊണ്ട് പറഞ്ഞു.

“നീ ശോഭീടിം ഓമ്നേടിം  ഒപ്പം പോന്നോ ട്രീ...” അച്ചാച്ചന്‍ അമ്മോമ്മയോടു പറഞ്ഞു തിടുക്കത്തില്‍ പുറത്ത് കടന്നു. 

പിങ്കു വന്നില്ല; ലോക്കിയും.

സന്ദീപും അച്ചാച്ചനും നെന്മണിക്കര ശിവന്‍റെ അമ്പലത്തിലെ ശിവരാത്രി ആഘോഷപ്പറമ്പിലെക്കെന്ന പോലെ വേഗത്തില്‍ നടന്നു.

വീടിന്‍റെ ഇരുമ്പ് ഗെയിറ്റിനു വെളിയിലും ഈ നേരമായിട്ടും നല്ല വെളിച്ചമുണ്ടായിരുന്നു. എത്ര കൊച്ചു കൊച്ചു കടകളാണ്!  പാന്‍ കട, പല ഇനം പാനീയങ്ങള്‍, മിട്ടായികള്‍, ലഘു ഭക്ഷണങ്ങള്‍, പഴക്കടകള്‍, മണ്ണിന്‍റെ യും മരത്തിന്റെയും കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഒക്കെയും സന്ത്രഗ്ച്ചിയുടെ മക്കള്‍ക്കായി തുറന്നു വെച്ചിരിക്കുന്നു. ഈച്ചകളും പൂച്ചികളും ആളുകളും  കൂട്ടം കൂട്ടമായി വന്നുകൊണ്ടിരുന്നു.  

 

   അച്ചാച്ചനും അയാളും നേരെ പോയത് സ്റ്റേജിന്‍റെ ഭാഗത്തെക്കാണ്. നാടകരംഗം   പോലെ വലിയ ബള്‍ബുകള്‍ തെളിച്ചു ഭംഗിയാക്കിയിരിക്കുന്നു. സ്റ്റേജിന്‍റെ രണ്ടു മൂലകളില്‍ നിന്നും പല നിറത്തിലുള്ള വെളിച്ചം അടിക്കുന്നതിനായി രണ്ടു പേര്‍  നിന്നു ഇഡലി തട്ട് പോലുള്ള വര്‍ണ്ണ തട്ട് തിരിക്കുന്നു. രണ്ടു പേര്‍ പൂജകള്‍ ചെയ്യുന്നുണ്ടായിരുന്നു. സ്റ്റേജിനു അരികിലായി പാട്ടുകാരും മേളക്കാരും നിര്‍ത്താതെ പാടുന്നുണ്ടായിരുന്നു. ഈ പരിസരം ഒരു കാട് പിടിച്ച വെറും പറമ്പായിരുന്നു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അത്രകണ്ട് മാറിയിരിക്കുന്നു.

 

Santhragachi 7

 

കുറിപ്പ് 7

 

L+S+P

 

     നാലു മണിക്കുള്ള ചായക്ക് അരി വറുത്തതാ യിരുന്നു അന്ന് കടി. കട്ടന്‍ ചായ ഒറ്റ വലിക്ക് കുടിച്ചതോടു കൂടി അരി ബാക്കിയായി. ചെറിയ പ്ലേറ്റ് മാറാന്‍ ഉദ്ദേശിച്ച ട്രൌസറിന്റെ പോക്കറ്റിലേക്കു മൊത്തമായി  ചെരിഞ്ഞു. എന്നിട്ടാണ്  ട്രൌസര്‍ ധരിക്കാന്‍ തുടങ്ങിയത്. കുറച്ചു അരി നിലത്ത് പോയെങ്കിലും പ്ലേറ്റ് കാലിയായി കണ്ടാല്‍ പിന്നെ അമ്മൂമ്മയ്ക്ക് സമാധാനമാകും.

 

ജനലുകള്‍ക്ക് പുറത്തുള്ള ചെടികള്‍ വെട്ടി ഒതുക്കിയിരുന്നു. സ്റെജ് ശരിക്ക് കാണാം. വീട്ടിലിടുന്ന ഷര്‍ട്ട് എടുത്ത് ഇട്ടുകൊണ്ട്‌ പുറത്തേക്ക് ഓടുമ്പോള്‍ മാത്രമാണ് അമ്മൂമ്മ വാതില്‍ കടന്നു എത്തിയത്.

“ചായ അവിടെ വെച്ചിട്ട്ണ്ട്.... അത് കുടിച്ചുട്ടു പോയാമതി....”

“കുടിച്ചു  ന്‍റെ അമ്മാമ്മേ...” എന്നും പറഞ്ഞു തിരിച്ചു റോട്ടിലേക്ക് പാഞ്ഞു.

 

ഗേറ്റില്‍ അപ്പോള്‍ ലൊക്കി നില്‍ക്കുന്നു. ഗേറ്റിന്റെഗ്രില്ലില്‍ - ലോക്കിക്കൊന്നും ഗേറ്റിന്റെ ഗ്രില്ലില്‍ ചവിട്ടി ഗേറ്റിനെ മുന്നോട്ടും പിന്നോട്ടും ആട്ടാന്‍ പറ്റില്ല. അത്ര വലിയ ഗേറ്റാണ്‌. കാരണം ലൊക്കി എപ്പോഴും വിജാകിരിയുടെ അടുത്ത് ഒതുങ്ങിയാണ് നില്‍ക്കുക. എന്നിട്ട് താന്‍ ചെയ്യാറുള്ളത് പോലെ ഗേറ്റ് ചലിപ്പിക്കുവാനും നോക്കും. പക്ഷെ ഗേറ്റ് ചലിപ്പിക്കുന്ന സൂത്രം തനിക്കു മാത്രമേ പറ്റാറുള്ളൂ.

 

“ലൊക്കി ............. ആത്താ?

ദുര്‍ഗാ പ്രതിമയുടെ അടുത്തേക്ക് പോകാന്‍ അച്ചാച്ചന്‍ തന്നെ കാത്തു നില്‍ക്കുകയായിരിക്കുമെന്നു അയാള്‍ക്ക് ഉറപ്പായിരുന്നു.   ലൊക്കി വരാന്‍ തയ്യാറായി.

“ഇന്‍ കൊ ബി ലേലോ ....... “ പിന്നില്‍ നിന്നും പിന്കുവിന്റെ അമ്മ അചാച്ചനോട് വിളിച്ചു പറഞ്ഞു. അച്ഛച്ചനും അമ്മൂമയും അവരുടെ ദൈനംദിന വ്യവഹാരങ്ങള്‍ക്കിടയില്‍ അയല്‍ പക്കക്കാരെ പരിചയപ്പെട്ടിരുന്നു എന്ന് അറിയാമായിരുന്നെങ്കിലും. ഇത്രത്തോളം പരിചയം വളര്‍ന്നത് അയാളെ അത്ഭുതപ്പെടുത്തി.

 

 

അങ്ങനെയാണ്  ലൊക്കി + സന്ദീപ്‌ + പിങ്കു എന്ന ഗാങ്ങ് ഉണ്ടായത്. ഒരേ മാനസികാവസ്ഥ ഉള്ളയാളായിരുന്നെങ്കിലും അച്ചാച്ചന്‍ അവരുടെ ഒപ്പം എപ്പോഴുമൊന്നും കൂട്ട് കൂടാറില്ലായിരുന്നു. ഒരു മണിക്കൂറോളം ആ പൂരപ്പറമ്പില്‍ തന്നെ അവര്‍ നാല് പേരും ചുറ്റി തിരിഞ്ഞു.

ആ പറമ്പിന്റെ ചുറ്റും എന്നാ പോലെ കടകള്‍ വന്നു. ചിലതില്‍ മാത്രമേ സാധനങ്ങള്‍ ഒരുക്കിയിരുന്നുള്ളൂ. പഴയ റിക്ഷാ മാമന്‍റെ കടയും  കണ്ടു. ജവുളിത്തരങ്ങള്‍. വീടിന്‍റെ പിന്നിലെ കുളത്തിലേക്ക് മൈതാനത്ത് നിന്നും വലിയൊരു കവാടം പോലെ കടകള്‍ ഒഴിവാക്കിയിരുന്നു.  അങ്ങനെ ഒഴിവാക്കി ഒരുക്കിയിരുന്നത് കൊണ്ട് സ്റെജിലേക്ക് നേരെ കാണാമായിരുന്നു, അല്ലായെങ്കില്‍ ജനല്‍ അരുകിലെ പുല്ല് വെട്ടിയാലും കടകള്‍കാരണം സ്റെജ് കാണാന്‍ ആകുമായിരുന്നില്ല. മൈതാനത്ത് നിന്നും നോക്കി ആ നാല് കുട്ടികളും പരിസരം നല്ലപോലെ നിരീക്ഷിച്ചും  ചര്‍ച്ച ചെയ്തും നടന്നു. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ടേ തുറക്കുകയുള്ളു എന്ന് ആരോ പറഞ്ഞു. അതുകൊണ്ട് സന്ദീപിന്‍റെ പോക്കറ്റിലെ അരി വറുത്ത വിഭവത്തിനു നല്ല ചിലവായിരുന്നു. പിന്കുവിനു അത് നന്നെ ഇഷ്ടമായി. പൊരിയും അവിലും മലരും മാത്രം കണ്ട അവര്‍ ഇത് ഭൂന്ദി പോലെ എന്തോ ആണെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പിങ്കു ഒരുമിച്ചാണ് വായിലിട്ടു കറുമുറെ കഴിക്കുന്നത്‌ . ലൊക്കി വളരെ സാവധാനത്തില്‍ ഓരോ അരിമണിയും എണ്ണി  വായിലിട്ടു കഴിക്കുന്ന പോലെയും. കുറേശെ തൊണ്ട വേദന ഉള്ളതുകൊണ്ട് സന്ദീപ്‌ പരമാവധി അവര്‍ രണ്ടു പേര്‍ക്കും വീതിച്ചു കൊടുത്തുകൊണ്ടിരുന്നു.

 

റിക്ഷാമാമന് രണ്ടു കടകള്‍ ഉണ്ടായിരുന്നു. ഒന്നില്‍ കൈത്തറി വസ്ത്രങ്ങളും മറ്റൊന്നില്‍ ആധുനികമായ പോളിയെസ്റ്റര്‍ തുണികളും. പോളിയെസ്റ്റര്‍ തുണികള്‍ നഗരത്തിലെ വലിയ തുണിക്കടകളില്‍ മാത്രമേ അന്ന് വില്‍ക്കുന്നുണ്ടായിരുന്നുള്ളൂ. ഇത്തവണ ആദ്യമായി റിക്ഷാമാമന്‍ പൂജ പ്രമാണിച്ച് പുതിയ ഐറ്റം തുടങ്ങി നോക്കുന്നതാണ്. അയാളുടെ മരുമകന് തുണി മില്ലിലാണ് ജോലി. അത് ബംഗാളിന്റെ തനതായ ചണമോ പരുത്തിയോ പട്ടു വസ്ത്രങ്ങളോ അല്ല. പോളിയെസ്റ്റര്‍ ആണ്. ഒരിക്കലും നാശമാകാത്ത തുണി തുച്ചം വിലയ്ക്ക് എന്നും പറഞ്ഞാണ് അവ വിപണി പിടിച്ചത്. അവ പക്ഷെ നഗരത്തിലെ തുണിക്കടകളില്‍ മാത്രമാണ് കൂടുതല്‍ ലഭ്യമായിരുന്നത്. അത് ആദ്യമായി ഗ്രാമത്തിലെ പൂരപ്പറമ്പില്‍ ലഭ്യമാക്കുന്ന ഏര്‍പ്പാട് അന്ന് ആര്‍ക്കും ചിന്തിക്കാന്‍ കൂടി സാധിക്കാത്ത കാര്യമായിരുന്നു. അതൊക്കെ ഈ ഗ്രാമത്തില്‍ വിജയിക്കുമോ എന്തോ... ഇക്കാര്യങ്ങള്‍ ഒക്കെ അമ്മൂമ്മ പറഞ്ഞാണ് വീട്ടില്‍ അറിയുന്നത്.  

 

പിന്കുവിന്റെ അമ്മ ഇടക്ക് സന്ദീപിന്‍റെ വീടിന്‍റെ തൊട്ടു മുന്നിലുള്ള ടാപ്പിനു അടിയില്‍ തുണി അലക്കുവാന്‍ വരുന്ന മധ്യാഹ്നത്തിലെ സംസാരങ്ങളില്‍ കൈമാറുന്ന വിശേഷങ്ങള്‍ ആണ്. ഇവയൊക്കെ.

   പുതിയ താമസ സ്ഥലത്തെ അനിവാര്യമായ  വരണ്ട അന്യത അമ്മൂമ്മയുടെ നനഞ്ഞതും പതിഞ്ഞതുമായ ഇടപെടലിലൂടെ ഒഴിവായി. അയല്‍ക്കാര്‍ക്കിടയില്‍ ഒരു അടുപ്പമോക്കെ ഉണ്ടായി. പകല്‍ പ്രത്യക്ഷപ്പെടാത്ത അമ്മയ്ക്കോ മേമയ്ക്കോ സന്ദീപിനോ അതുകൊണ്ട് തന്നെ അയല്‍ക്കാരെ അറിയാനും അവരെ അയല്‍ക്കാര്‍ക്ക് അറിയാനും നേരിട്ട് കാണേണ്ട ആവശ്യം തന്നെ വേണ്ടി വന്നില്ല.

 

ലൊക്കി + സന്ദീപ്‌  + പിങ്കു എന്ന ഗാങ്ങ് നില വില്‍ വന്നതു തന്നെ ആകെ മൂന്നു കൂടിക്കഴ്ച്ചകളി ലൂടെയാണ്. ദുര്‍ഗാ പൂജ യോടനുബന്ധിച്ചുള്ള ഈ മൈതാനം ചുറ്റലാണ് വറു ത്ത അരിമണി പോലെ വേര്‍പെട്ടു കിടന്നിരുന്ന അവരെ  ചവച്ചരച്ച മാവി ന്‍റെ അഗാധ ബാന്ധവം ഉള്ളവരാക്കി യത്.

 

അച്ചാച്ചന്‍ അവര്‍ മൂന്നു പേരുടെയും കളിക്കൂട്ടു കാരനായി എല്ലാ കൌതുകങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാന്‍ കൂടെ നിന്നു. മുളയും ഓടയും ആണ് ഷെഡ്‌ഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോ ഗിച്ചത് എന്നായിരുന്നു. അവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ചണം തണ്ടുകളും മുളയുമാണ് അവ എന്ന് അവര്‍ അറിഞ്ഞു. ഈ ചണം തണ്ട് തന്നെ യാണ് ചതച്ചു പരത്തി മറ ഉണ്ടാക്കുന്നത്‌. ഇതേ ചണം തണ്ട് തന്നെയാണ് ചണ നൂലായി നിറം മുക്കി തോരണങ്ങളായി തൂക്കുന്നത്‌. ഇത് തന്നെ യാണ് ചരടായും ചാക്കായും സാരിയായും മറ്റും നിര്‍മ്മിക്കാ പെടുന്നതെന്ന് ആ യാത്രയില്‍ തന്നെ അവര്‍ക്ക് അവ്യക്തമായി മനസ്സിലായിരുന്നു.

 

ദുര്‍ഗാ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനും അതിനു വളവുകളും ചുളിവുകളും നല്‍കുന്നതിനും ചണം പല രൂപത്തിലും ഉപയോഗിച്ച് പോന്നു.

കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും എന്നല്ല ഒട്ടേറെ സാധനങ്ങള്‍ ആ പ്രദര്‍ശനങ്ങളില്‍ ആ എട്ടു കണ്ണുകളെയും അത്ഭുതപ്പെടുത്തി.  ആള്‍കൂട്ടമില്ലാത്ത ആ ദിവസം കറങ്ങി നടന്നത് കൊണ്ട് എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സൌകര്യമായി. “അമ്മൂമ്മയെയും കൊണ്ട് വരണം” – അച്ചാച്ചന്‍ പറഞ്ഞു.

ഓരോന്നു പറഞ്ഞും തര്‍ക്കിച്ചും അവര്‍ നാല് പേരും നടന്നു .. കുറച്ചു ദൂരമേ ഉള്ളൂവെങ്കിലും സന്ദീപ്‌ റോഡരുകില്‍ ഒന്ന് മൂത്രം ഒഴിക്കാന്‍ നിന്നു. പിങ്കുവും. ലൊക്കിതിരിഞ്ഞു നോക്കി വീടിന്‍റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. അച്ചാച്ചനും. അപ്പോള്‍ പിങ്കു ഒരു ഗംഭീര ആശയം പറഞ്ഞു:

“ഊപ്പര്‍  ടെറസ്സ് പേ ജയേന്കെ ക്യാ?.......

ഓര്‍ മസത് ദിക്കായാ ജയേങ്കെ......”   

“ചലോ” സന്ദീപ്‌ ആ ഐഡിയയോട്   യോജിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി .

 

“ആജാ ലൊക്കി.... ഊപ്പര്‍ ജയേങ്കെ. ഊപ്പര്‍......   ജൊല്ധി ആജാ. ” പിങ്കു അവനെ വിളിച്ചു.

ലൊക്കി അപ്പോള്‍ അവരുടെ എല്ലാവരുടെയും പൊതുവായ ബാത്ത് റൂമിലായിരുന്നു. അത് സന്ദീപിന്‍റെ മുറിയുടെ മുന്നില്‍ തന്നെ ആയിരുന്നു. അതിന്‍റെ അടുത്ത് തന്നെയാണ് മുകളിലേക്കുള്ള കോണിയും. കോണി വലിയ മതിലിനോട് ചേര്‍ന്ന് തന്നെ ആയിരുന്നത് കൊണ്ട് എല്ലായിടവും വൃത്തിയായി തേച്ചു ഭംഗി ആക്കിയിരുന്നു.

 

കോണിയുടെ പകുതിയും കയറി സന്ദീപ്‌ അവരെ രണ്ടു പേരെയും കാത്തു നിന്നു. ആദ്യം പിന്കുവും പിന്നീട് ലൊക്കിയും കയറി.

സന്ദീപ്‌ ആദ്യമായാണ് അങ്ങോട്ട്‌ കയറുന്നത്. നീണ്ട കെട്ടിടത്തിന്‍റെ മുന്‍ഭാഗം മുഴുവനും കെട്ടിട ഉടമയുടെ വീടാണ്. വലിയ വീട്. ഏതാണ്ട് പകുതിയോളം നീളം വരും. ബാക്കി തുറന്ന ടെറെസാണ്. മഴ കൊണ്ട് പായലുകള്‍ ഉണങ്ങിയ പാരപ്പറ്റ് , കാല്‍വണ്ണ മുങ്ങാന്‍ പാകത്തിന് വലിയ കുറെ കള്ളികള്‍ സിമന്‍റ് തേച്ചു വെള്ളം കെട്ടി കിടക്കാന്‍ വേണ്ടി തയ്യാറാക്കിയിരുന്നു ---  ഉയരം തീരെ കുറഞ്ഞ ടാങ്കുകള്‍. വേനല്‍ കാലത്ത് അതില്‍ വെള്ളം നിറച്ചു വെക്കും. അപ്പോള്‍ താഴെ ഉള്ള നിലക്കാര്‍ക്ക് ചൂട് അനുഭവപ്പെടുന്നത് കുറയും. ഒറ്റ ചെടി പോലും ഇല്ല ആ നിലയില്‍. ചെടിച്ചട്ടി കളും ഇല്ല. അത് കണ്ടു പാവം തോന്നിയിട്ടോ എന്തോ താഴെ തെക്ക് ഭാഗത്ത് നിന്നും ഒരു വലിയ ചാമ്പ മരം ഏന്തി വലിഞ്ഞു ആ പാരപ്പറ്റ് കടന്നു ടെറസ്സിലേക്ക് എത്തി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പടിഞ്ഞാറ് സൂര്യന്‍ താഴാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവിടെ നിന്നാല്‍ കുളവും കടകളില്‍ കുറെ എണ്ണവും പിന്നെ സ്റ്റേജ്, പൊതിഞ്ഞ ദുര്‍ഗാ പ്രതിമയും വളരെ ഭംഗിയായി കാണാം. മൈതാനത്തിന്‍റെ തെക്ക് ഭാഗത്തായിരുന്നു റിക്ഷാമാമന്‍റെ കടകള്‍. അവയൊന്നും കാണാന്‍ പറ്റില്ല. അവിടെ വലിയ മരങ്ങള്‍ കാഴ്ച മറച്ചിരുന്നു.

 

ഉത്സവ ചിന്തകളില്‍ നിന്നും മറ്റു പലതിലേക്കും അവരുടെ ശ്രദ്ധ മാറിയതും താഴെ നിന്നും മൂന്നു പേര്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേ ഇരുന്നു.

“ലൊക്കീ ...................... ഇക്കടെ രാ....”

“പിന്കൂ ......................... കൊത്തായി? ആജാ...”

“സന്ദീപേ ............ വാ മോനേ... വന്നു കുളിക്ക്”

L + S + P എന്ന സംഘം സ്ലോ മോഷനില്‍ ഒട്ടും സമയം കളയാതെ പടി ഇറങ്ങി വന്നു.