ട്രാന്‍സ്
വാറുണ്ണി
കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 3
രേഖ സുധീ ര്‍
"ഇന്ന് നേരത്തെ വിളിക്കാന്‍ വരില്ലേ"
കാവും
കുളവും ആല്‍മരവും പാടവും പൂരവും ഒക്കെയുള്ള മനോഹരമായ ഗ്രാമത്തില്‍ ആണ് ഞാന്‍
ജനിച്ചു വളര്‍ന്നത് . അച്ഛനും അമ്മയും മൂന്നു ആങ്ങളമാര്ക്കും കൂടി ഒരു കൊച്ചു
അനുജത്തിയായി ആ ഗ്രാമത്തില്‍ വിലസിയിരുന്നു ഞാന്‍.
അഞ്ചുമൂര്‍ത്തി മംഗലം എന്ന
ഗ്രാമത്തില്‍ അത്യാവശ്യം വലിയ ഒരു കൂട്ടുകുടുംബം ആയിരുന്നു ഞങ്ങളുടേത് .
കുറച്ചു കാലങ്ങള്‍ക്ക് മുന്പ് അച്ഛന്റെ അനിയന്മാരും അവരുടെ ഭാര്യമാരും
അടങ്ങുന്ന വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്.
പിന്നീട് അച്ഛന്‍ പാടത്തിന് അക്കരെ ഹൈവേയോട് കുറച്ചു കൂടി അടുത്തായി ഒരു
കൊച്ചു കുന്നില്‍ ഭൂമി വാങ്ങി. ആ കുന്നിന്റെ മുകളില്‍ ആണ് ഞങ്ങളുടെ വീട്. അതുകൊണ്ടായിരിക്കണം
ഞങ്ങളുടെ വീട്ടുപേര്‍ കുന്നത്ത് ഹൌസ് എന്നാണ്.
ങ്ങളുടെ കുടുംബവും വളര്‍ന്ന് വലുതായി.
താഴെയുള്ള ചേട്ടന്‍ തന്നെ എന്നെക്കാള്‍
പതിനാല് വയസ്സിന് മൂത്തതായിരുന്നു. ഞാന്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മൂത്ത
ചേട്ടന്‍-
ഉദയേട്ടന്‍ കല്യാണം കഴിച്ചീരുന്നു. ഗ്രാമത്തിലുള്ള
മലയാളം മീഡിയം സ്കൂളില്‍ ഒന്നും ചേര്‍ക്കാതെ എന്നെ വടക്കാഞ്ചേരി ടൌണിലുള്ള
ചെറുപുഷ്പം ഇംഗ്ലിഷ് മീഡിയത്തില്‍ ആണ് കൊണ്ട് ചേര്‍ത്തിയിരുന്നത്.
അച്ചന്റെ ഹീറോ സൈക്കിളില്‍ ആണ് ഞാന്‍ എന്നും രാവിലെ
സ്കൂളില്‍ പോയിരുന്നത്.
ടൌണ്‍ ചെറുപുഷ്പം സ്കൂളിൽ ആണ് ഞാന്‍ പഠിക്കുന്നതെന്ന് പറയുന്നതു അച്ഛന്
അഭിമാനമുള്ള കാര്യമായിരുന്നു.
തിരിച്ചു വൈകീട്ട് സ്കൂള്‍
വിട്ടാല്‍ എല്ലാ ദിവസവും അച്ഛന്റെ കടയില്‍
പോയി ഇരിക്കുകയായിരുന്നു പതിവ്. നേരത്തെ വീട്ടിലേക്ക് തിരിക്കുന്ന 3 ചേട്ടന്‍മാരില്‍ ആദ്യത്തെ ആളുടെ കൂടെ ഞാന്‍ വീട്ടിലേക്ക്
ബസ്സില്‍ പൊരുമായിരുന്നു.
+അങ്ങനെ ഒരു ദിവസം അച്ഛന്‍ എന്നെ സ്കൂളിൽ കൊണ്ട് വിട്ടു.
അച്ഛന്റെ കട ആ ടൌണിലെ സാമാന്യം അറിയപ്പെടുന്ന വാച്ചു
കടയായിരുന്നു.
"രാജാ വാച്ച് കമ്പനി"
സെയില്‍സ് ആന്‍ഡ് സര്‍വീസസ് -
(അതിനെ പറ്റിവിശദമായി ചിലത് ഓര്‍ക്കാനുണ്ട്..
അത് പിന്നീട് പറയാം )
അച്ഛന്‍ ഇടയ്ക്കു വാച്ചിന്‍റെ സ്പേയര്‍ പാര്‍ട്സ് വാങ്ങാന്‍ കോയമ്പത്തൂരിലേക്കാണു പോകാറുള്ളത് . അന്ന് അച്ഛന്‍ കോയമ്പത്തൂരിലേക്ക് പോയ ദിവസമായിരുന്നു. അങ്ങനെ പോകുന്ന ദിവസം മൂത്ത രണ്ടു ചേട്ടൻ മാരാണ് കടയില്‍ നില്‍ക്കാറുള്ളത്. ഏറ്റവും താഴെയുള്ള ചേട്ടന്‍ ക്ലാസ്സ് കഴിഞ്ഞു നേരിട്ടു വീട്ടിലേക്ക് പോയി. മറ്റ് രണ്ടു പേരും എന്നെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് കടയില്‍ ഇരുത്തേണ്ട കാര്യം മറന്നു. സ്വതവേ വീട്ടില്‍ 6 മണി കഴിഞ്ഞേ വീട്ടില്‍ എത്താറുള്ളൂ എന്നത് കൊണ്ട് അമ്മ പരിഭ്രമം ഇല്ലാതെ കാത്തിരുന്നു. ഇന്നത്തെ പോലെ ഫോണ്‍ അന്നില്ലല്ലോ. അല്ലെങ്കില്‍ ഒരു പത്തു പ്രാവ്ശ്യo വിളി കഴിഞ്ഞേനെ.
ഞാന്‍ കുറെ നേരം ക്ലാസില്‍ ഇരുന്നു പിന്നെ ചെന്നു ഗേറ്റില്‍ പിടിച്ച് നിന്നു. സ്കൂളിലെ ഒട്ടു മിക്കവാറും കുട്ടികള്‍ പോയി കഴിഞ്ഞിരുന്നു. സ്കൂളിൽ തന്നെ ട്യൂഷന്‍ ഉണ്ടായിരുന്ന കുട്ടികളും പോയി കഴിഞ്ഞിരുന്നു. എനിക്കാണെങ്കില്‍ കരച്ചില്‍ വന്നു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും ആരും ഈ സ്കൂളിൽ പഠിക്കാന്‍ വരാത്തതുകൊണ്ടു പരിചയക്കാര്‍ ആരും ഇല്ലായിരുന്നു. അവസാനം ഗെയ്റ്റ് പൂട്ടാനായി മറിയ സിസ്റ്റര്‍ വന്ന് എന്തേ ഇവിടെ നില്‍ക്കുന്നത് എന്നു ചോദിച്ചു. കരച്ചില്‍ അണ പൊട്ടി ഒഴുകി എനിക്കു വീട്ടില്‍ പോകണമെന്ന് പറഞ്ഞു സിസ്റ്ററെ കെട്ടിപ്പിടിച്ചു ആകെ കരച്ചിലും ബഹളവുമായി. ആറു മണിയായി, ഇരുട്ട് കയറുകയും ചെയ്തു. എന്നെ സ്കൂളിലെ കോണ്‍വെന്‍റില്‍ കൊണ്ടുപോയി ചായയും ബിസ്ക്കറ്റും തന്നു. അതൊന്നും കഴിക്കേണ്ട മൂഡില്‍ ആയിരുന്നില്ല ഞാന്‍. എനിക്കു വീട്ടില്‍ പോണം .
ഒരു ആറര ആയപ്പോഴുണ്ട് ദാ വരുന്നു അച്ഛനും മൂന്നു ആങ്ങളമാരും കൂടി. എനിക്കു വന്ന സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇനി ഞാന്‍ ആ സ്കൂളിൽ പോകില്ല എന്നായി പിന്നെ. അതിന്റെ ഇടയില്‍ മറിയ സിസ്റ്റര്‍ "നാളെ നല്ല കുട്ടിയായി വന്നോളോ ട്ടോ " എന്നു പറഞ്ഞതൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഞാന്‍ ഇനി സ്കൂളിലേക്ക് ഇല്ല എന്നു സ്വയം തീരുമാനിച്ചിരിക്കുമ്പോഴാണ് സിസ്റ്ററിന്‍റെ ഒരു ....
ഇന്നത്തോടെ ഈ സ്കൂളിലേക്കുള്ള വരവ് കഴിഞ്ഞു എന്നു തന്നെ ഞാന്‍ അന്ന് വിശ്വസിച്ചു.
എവിടെ ?
പിറ്റേ ദിവസം കാലത്ത് തന്നെ കുളിപ്പിച്ചു യൂണിഫോര്‍മ് ഇടീക്കുന്നൂ , പൊട്ട് കുത്തുന്നൂ...തലയില്‍ പൂ ചൂടിക്കുന്നു ...
ഞാന്‍ കരച്ചിലോട് കരച്ചില്‍ .. തൊട്ടടുത്ത് സ്കൂള്‍ ഉള്ളപ്പോള്‍ ഇവരുടെ ഒരു മഠത്തിലെ സ്കൂള്‍.
അവസാനം അച്ഛന്‍ ഷോപ്പില്‍ പോകാതെ സ്കൂള്‍ ഗ്രൌണ്ടില്‍ തന്നെ ഇരിക്കാമെന്ന കരാറില്‍ ഞാന്‍ സ്കൂളിലേക്ക് പോകാന്‍ സമ്മതിച്ചു. എന്നെ സ്കൂളിൽ വിട്ടിട്ടു അച്ഛന്‍ ഗ്രൌണ്ടില്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചു ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. പിന്നീട് പി ടീ പീരിയഡില്‍ ഗ്രൌണ്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ചതി മനസ്സിലായത്. അച്ഛന്‍ ഗ്രൌണ്ടിലില്ല.
പിന്നെ എല്ലാ ദിവസവും സ്കൂളിൽ കൊണ്ട് വിടുമ്പോല്‍ ആവര്‍ത്തിക്കുന്ന പല്ലവിയാണ് " ഇന്ന് നേരത്തെ വിളിക്കാന്‍ വരില്ലേ " എന്നത്. പറഞ്ഞത് കേട്ടിട്ടുണ്ടാവില്ലെ എന്നു കരുതി പിന്നേയും പിന്നേയും പറഞ്ഞു ഒന്നു കൂടി ഉറപ്പ് വരുത്തുമായിരുന്നു. അത് വര്‍ഷങ്ങളോളം എന്റെ ഒരു ഡയലോഗായി മാറി. പിന്നെ പിന്നെ അതൊക്കെ മാറി, വലുതായീ, കല്യാണം കഴിഞ്ഞു, മോളുണ്ടായി, അവളെ ആനന്ദപുരത്തെ ഇതുപോലൊരു കോണ്‍വെന്‍റ് സ്കൂളിൽ ചേര്‍ത്തു. ഒരു ദിവസം അവളെ സ്കൂളിൽ ആക്കി എന്തോ കാര്യത്തിന് ഞാനും സുധിയേട്ടനും കൂടി ഇരിഞ്ഞാലക്കുടയിലേക്ക് പോയി, പക്ഷേ സ്കൂള്‍ വിടുന്നതിന് മുന്പ് വിചാരിച്ച പോലെ തിരിച്ചെത്താനായില്ല. കാര്‍ നന്നാക്കി കിട്ടാന്‍ ഒരുപാട് നേരമെടുത്തു. മോള് ഭയന്ന് കരഞ്ഞു അവശയായി ഇരിക്കുകയായിരുന്നു. എന്റെ ഉള്ളില്‍ ആ പഴയ ഒന്നാം ക്ലാസുകാരിയുടെ ഭീതി കലര്‍ന്ന ഗദ്ഗദം വിങ്ങിപ്പൊട്ടി.
പിന്നെ എല്ലാ ദിവസവും അവള്‍ സ്കൂളിലേക്ക് സ്വന്തമായി സൈക്കിള്‍ ഓടിച്ചു പോയി തുടങ്ങുന്ന കാലം വരെ സ്കൂളിൽ കൊണ്ട് വിടുമ്പോൾ അവളും ഞാന്‍ പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിച്ചുകൊണ്ടേ യിരുന്നു:
"ഇന്ന് നേരത്തെ വിളിക്കാന്‍ വരില്ലേ"
.
കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 4
ആഷില്‍ ജോസഫ്
ഇത് ഒരു 4 വർഷം മുൻപെങ്കിലും നടന്ന സംഭവമാണ്. പത്താം ക്ലാസ് കഴിഞ്ഞ് കുട്ടികൾക്ക് എന്തെങ്കിലും പ്രോത്സാഹന സമ്മാനം കൊടുക്കുന്ന രീതി മാതാപിതാക്കൾ കൊണ്ടാടുന്നുണ്ട്. എനിക്കും കിട്ടി ഒരു സമ്മാനം. എൻ്റെ ഹൃദയത്തെ കീഴടക്കിയ ആ ദിവ്യ പ്രണയിനി. എൻ്റെ "ക്യാമറ". അത് എനിക്ക് വാങ്ങി തന്നതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്.
എൻ്റെ അപ്പൻ ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ ദിനത്തിലെ താളങ്ങൾ ഒപ്പിയെടുക്കാൻ എൻ്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും ഞാൻ ഒരു ക്യാമറ കടം വാങ്ങി. Canon 1300D ആയിരുന്നു മോഡലിൻ്റെ പേര്. ഈ അരങ്ങേറ്റത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാൻ ക്യാമറ കൊണ്ട് വന്നു. ഫോട്ടോ എടുക്കാൻ ഉള്ള കൊതികൊണ്ട് തന്നെയാണ് ഞാൻ അത് നേരത്തെ കൊണ്ട് വന്നത്. അത്യാവശ്യം മഴ ഉള്ള സമയം ആയിരുന്നു അത്. മഴ ഒന്നു ശമിച്ചപ്പോൾ നല്ല തണുപ്പൻ കാലാവസ്ഥ ഉടലെടുത്തു. ഇളം " വെയിലിൽ" കുളിക്കാൻ തക്കവണ്ണം ഒരു അണ്ണാറക്കണ്ണൻ മരക്കൊമ്പിൽ ഇരുന്ന് ശ്രീരാമൻ തലോടിയ തൻ്റെ പുറം നിവർത്തുന്ന കാഴ്ച എൻ്റെ കണ്ണിൻ്റെ ഷട്ടറിൽ പതിഞ്ഞു. ഒട്ടും തന്നെ താമസിയാതെ ഞാൻ ആ മുഹൂർത്തത്തെ ' കടം' വാങ്ങിയ ക്യാമറയിൽ പകർത്തി.
ചിത്രം പകർത്തിയതിന് ശേഷം ഞാൻ ആ സ്ക്രീനിൽ നോക്കി. സുന്ദരികളെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം ആനന്ദം എനിക്ക് ആ സമയത്ത് കിട്ടി. ആ നാളുകളിൽ വീട്ടിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ " Eureka" എന്ന പുസ്തകം വരുത്താറുണ്ടായിരുന്നു. അതിൽ ഒരു ഫോട്ടോഗ്രാഫി മത്സരം കണ്ടു. അവർ പറഞ്ഞ പ്രായ പരിധിയിൽ ഞാൻ പെടിലായിരുന്നു. അവരെ പറ്റിച്ചിട്ട് ആണെങ്കിലും ഞാൻ അനിയത്തിയുടെ പേരിൽ ആ ഫോട്ടോ അയച്ചു കൊടുത്തു. അരങ്ങേറ്റം എല്ലാം കഴിഞ്ഞ് ഞാൻ ആ ക്യാമറ തിരിച്ച് കൊടുത്തു.
ഒരു മാസത്തിന് ശേഷം സ്കൂളിൽ വെച്ച് എന്നെ അനിയത്തിയുടെ ക്ലാസ്സ് ടീച്ചർ വിളിച്ചുവരുത്തി. സാധാരണ നല്ല കുട്ടി ആയ അനിയത്തി എന്താണ് ഒപ്പിച്ചത് എന്ന് കരുതി ഞാൻ ഞെട്ടി. അവിടെ എത്തിയപ്പോള്‍ ഒരു എൻവലപ്പ്. മൊബൈൽ യുഗത്തിൽ ജനിച്ച വ്യക്തി എന്ന നിലയിൽ ഒരു എൻവലപ്പ് കണ്ടപ്പോൾ ആവേശം മൂത്ത് തുറന്നു. അതിലെ വസ്തു കണ്ട് ഞാൻ ഞെട്ടി. ആയിരം രൂപ ആയിരുന്നു അതിൻ്റെ ഉള്ളിൽ. എത്ര ചിന്തിച്ചിട്ടും അനിയത്തിയുടെ പേരിൽ എന്തിനാണ് ആയിരം രൂപ വന്നത് എന്ന് എനിക്ക് മനസിലായില്ല. സംഭവം ഞാൻ അങ്ങനെ തന്നെ അമ്മയുടെ കയ്യിൽ കൊടുത്തു.
CID ദാസൻ വിജയൻ പോലെ ആ പ്രശ്നോത്തരി അമ്മ പരിഹരിച്ചു തന്നു. യൂറേക്കയിൽ നിന്നുള്ള സമ്മാനം ആണെന്ന് കേട്ടതും അഹങ്കാരത്തിൻ്റെ പട്ടം ഞാൻ അണിഞ്ഞു. വീട്ടിൽ നിന്നും ബന്ധുക്കളുടെ വീട്ടിൽ നിന്നും പ്രോത്സാഹനത്തോടെ പ്രോത്സാഹനം. പക്ഷെ എൻ്റെ അമ്മയും പപ്പയും ആണ് എനിക്ക് ഏറ്റവും നല്ല പ്രോത്സാഹനം തന്നത്. പത്താം ക്ലാസ്സിൽ 90% കൂടുതൽ വാങ്ങിയാൽ ഒരു ക്യാമറ വാങ്ങി തരുമെന്ന് എനിക്ക് അവർ വാഗ്ദാനം നൽകി. അന്ന് മുതൽ അറിവിന്ന് വേണ്ടിയല്ല ആ ക്യാമറയ്ക്ക് വേണ്ടിയാണ് ഞാൻ പഠിച്ചത്.
ഞാൻ വാക്ക് പാലിച്ചു അത് പോലെ തന്നെ എൻ്റെ പപ്പയും അമ്മയും.
അന്ന് മുതൽ ഞാൻ എൻ്റെ തെറ്റുകളിൽ നിന്ന് കുറെ പഠിച്ച് ഫോട്ടോഗ്രഫി എന്ന എൻ്റെ പാഷനെ വേട്ടയാടാൻ തുടങ്ങി. അമ്മ എപ്പോഴും പറയും എനിക്ക് മനുഷ്യരുടെ ഫോട്ടോസ് എടുക്കാൻ ഇഷ്ടം അല്ല എന്ന്. ശെരിയാണ് മുഖം മൂടി അണിയുന്ന മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാൻ എനിക്ക് വലിയ താല്പര്യം ഇല്ല. മൃഗങ്ങളും പക്ഷികളും പൂക്കളും പ്രകൃതിയുമാണ് എൻ്റെ പ്രിയപെട്ടവർ. അവരാണ് യഥാർത്ഥ വികാരങ്ങളും സൗന്ദര്യവും കൂടെ കൂട്ടുന്നുവർ.
ഞാൻ ആരോട് വേണം എങ്കിലും പ്രണയത്തിൽ ആവാം. കുറച്ച് കാലങ്ങൾക്ക് ശേഷം എൻ്റെ ഹൃദയം തകർത്തു അവൾ പോവുകയും ചെയ്യാം. പക്ഷെ എൻ്റെ കൈ വിടാതെ എൻ്റെ മാറത്ത് ചേർന്ന് നിൽക്കുന്ന ആ വസ്തു എന്നെ ഒരിക്കലും ചതിക്കില്ല എന്ന് എനിക്കും അവൾക്കും അറിയാം.
മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ അപ്പാപ്പൻ പറയുന്ന പോലെ ചോറ് വായിൽ വെച്ച് തരാൻ പറ്റും പക്ഷെ ചവച്ച് തരാൻ പറ്റില്ലല്ലോ. ഫോട്ടോഗ്രാഫി ഒരു കലയാണ്, സ്വയം പഠിക്കേണ്ട ഒരു കല.
-Ashil
കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 6
സ്നിജി ബൈജു
ഇന്ന് ലോകം മുഴുവൻ പിതൃദിനം ആഘോഷിക്കുന്ന തിരക്കിലാണല്ലോ . ഈ ദിനത്തിൽ ഒരു കഥയെഴുതുന്നതിനേക്കാൾ ഒരു അനുഭവം പങ്കുവെയ്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വാട്സാപ്പ് ഒന്ന് തുറന്നു നോക്കുന്ന പതിവ് കുറച്ച് നാളുകളായി ഉണ്ട്.(കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് റേഡിയോ on ആക്കുന്നതായിരുന്നു പതിവ്.ഇപ്പോൾ എഴുന്നേൽക്കുമ്പോഴേക്കും റേഡിയോയിൽ ഞാൻ സ്ഥിരം കേൾക്കാറുള്ള പരിപാടികൾ കഴിഞ്ഞിട്ടുണ്ടാകും. കോവിഡിന്റെ, ലോക്ക്ഡൗണിന്റെ പാർശ്വഫലമാണ് ഈ വൈകി എണീക്കൽ.) ഇന്ന് വാട്സാപ്പ് തുറന്നപ്പോൾ എല്ലാവരും അവരവരുടെ അച്ഛന്മാരുടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത് കണ്ടു.അപ്പോൾ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
അപ്പച്ചൻ ഞങ്ങളെ വിട്ടു പോയിട്ട് 2 വർഷം കഴിഞ്ഞിരിക്കുന്നു.കുറച്ച് നേരത്തേക്ക് അപ്പച്ചന്റെ ഓർമ്മകൾ മനസ്സിൽ വന്നു. അങ്ങനെ അടുക്കളയിലെ പണികൾ കുറച്ചൊക്കെ തീർത്ത് കുർബാന കാണാൻ TV ഓൺ ചെയ്തു.(അതും കോവിഡിന്റെ ഒരു പാർശ്വഫലം).കുർബാനയിൽ അച്ചന്റെ പ്രസംഗം മുഴുവൻ പിതൃദിനത്തെ പറ്റിയായിരുന്നു. അപ്പോൾ വീണ്ടും മനസ്സ് അപ്പച്ചന്റെ ഓർമ്മകളിലേക്ക് പോയി.പണ്ടുമുതലുള്ള ഓരോ കാര്യങ്ങൾ ഓർത്ത് അങ്ങനെയിരുന്നു. അപ്പച്ചനെ പറ്റി ഓർക്കുമ്പോൾ അപ്പച്ചന്റെ 100 cc Rajdhoot bike ആണ് എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നത്. അപ്പച്ചന് ജോലി അപ്പോളോ ടയേഴ്സിൽ ആയിരുന്നത് കൊണ്ട് 3 ഷിഫ്റ്റുകളിലായിട്ടായിരുന്നു ജോലി. അതിൽ second shift ഉച്ചയ്ക്ക് 2മുതൽ രാത്രി 10 വരെ ആയിരുന്നു.കൃത്യം 10.20 ആവുമ്പോൾ അപ്പച്ചൻ വീട്ടിൽ എത്തിയിരിക്കും.ആദ്യകാലങ്ങളിൽ അപ്പച്ചൻ ബൈക്കിൽ തന്നെയാണ് പോയിരുന്നത്. (പിന്നീടത്, ഇപ്പോഴത്തെ കുട്ടികൾ സ്കൂളിലേക്ക് പോകുന്ന പോലെ ടെമ്പോ വാനിലേയ്ക്ക് വഴി മാറി.). പറഞ്ഞു വന്നത്, അപ്പച്ചൻ 10.20 ന് എന്തായാലും എത്തുമെന്ന് ഉറപ്പായിട്ടും 10.15 മുതൽ അപ്പച്ചൻ എത്താറായോ എന്ന് കാതോർക്കുന്ന ഒരു സംഭവമാണ്. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പൂവ്വത്തിങ്കൽ എന്ന സ്ഥലത്ത് എത്തിയാൽ അപ്പച്ചന്റെ വണ്ടിയുടെ ശബ്ദം താഴെ , തറയിൽ ചെവി ചേർത്ത് വച്ചാൽ കേൾക്കാമായിരുന്നു.(അക്കാലത്ത് അധികം വണ്ടികളൊന്നും ആ രാത്രി സമയത്ത് ഓടാത്തതു കൊണ്ടായിരിക്കാം). ആ ശബ്ദം കേട്ടാലുടൻ ഞാൻ അമ്മച്ചിയോട് ഓടിച്ചെന്ന് പറയും ,ദേ അപ്പച്ചൻ എത്താറായി.ഇത് കേട്ട് അമ്മച്ചിയ്ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടാവാറില്ല. കാരണം സമയനിഷ്ഠ അപ്പച്ചന്റെ നല്ല ഗുണങ്ങളിൽ ഒന്നായിരുന്നു. എല്ലാ കാര്യങ്ങൾക്കും അപ്പച്ചന് കൃത്യതയും തിടുക്കവും കൂടുതലായിരുന്നു, നടത്തവും ജോലിയും അങ്ങനെ ചെയ്യുന്നതെന്തും.ഈ ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല എന്നത് വേറെ കാര്യം.അപ്പച്ചന്റെ ആ ബൈക്കിന്മേൽ ആയിരുന്നു 5 അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിന്റെ യാത്ര,പുഴയിൽ കുളിക്കാൻ പോകുന്നതും തറവാട് സ്ഥിതി ചെയ്യുന്ന പൂലാനിയിലേക്ക് പോകുന്നതും എല്ലാം അതിന്മേൽ തന്നെ. പെട്രോൾ ടാങ്കിന്മേൽ ആയിരുന്നു എപ്പോഴും എന്റെ സ്ഥാനം. ഇപ്പോഴും ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ഞാൻ വീടിന് പുറത്ത് വന്ന് നോക്കും. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വണ്ടി ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും , ബുള്ളറ്റ് എന്ന്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കയ്യിൽ ബുള്ളറ്റ് കണ്ടാൽ അപ്പോൾ ഞാൻ പറയാറുണ്ട് ഒരു തവണ ഇതിന്മേൽ ഞങ്ങൾക്ക് ഒന്ന് അതിരപ്പിള്ളി വരെ പോകണം എന്ന്. എന്റെ മനസ്സ് വായിച്ചിട്ടാവാം മകനും ബുള്ളറ്റ് വാങ്ങാനുള്ള ആഗ്രഹം ഈയിടെയായി കലശലായിട്ടുണ്ട്.
കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 7
സജിത ശശി
ഒരു കളർഫുൾ ആയിട്ടുള്ള സ്കൂൾ ലൈഫ് ഒന്നും എനിക്ക് ഇല്ല. കുട്ടിക്കാലം നല്ല സന്തോഷത്തിന്റേ താണെങ്കിലേ നമുക്ക് അത് ഓർക്കാൻ ഇഷ്ടമുണ്ടാകൂ......... വീട്ടിൽ നിന്നും 5 കിലോമീറ്റർ നടന്ന് വേണം സ്കൂളിലെത്താൻ... സ്റ്റൈ പെന്റ് കിട്ടുമ്പോൾ മാത്രം അനുവദിച്ചിട്ടു ഒരു ജോഡി ചെരുപ്പ് : അത് പൊട്ടുന്നത് വരെ ഇടും പിന്നെ ചെരിപ്പില്ലാതെയാണ് നടത്തം.........
ഒരുക്കൽ പോലും അഭിമാനത്തോടെ ഭക്ഷണ പാത്രം തുറന്നിട്ടില്ല.....കൂട്ടുകാരികളുടെ പാത്രം തുറന്നാൽ മഞ്ഞയും പച്ചയും നിറത്തിലുള്ള കറികളാവും എൻറേറതാണെങ്കിൽ .....ചുവപപ്പും(ഞങ്ങൾ പണ്ടേ കമ്മ്യൂണിസ്റ്റായതുകൊണ്ടാന്നുമല്ല) വെറും മുളക് മാത്രം അരച്ച ചമ്മന്തിയായിരിക്കും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞാലും നീറ്റൽ മാറില്ല.......................
സ്കൂൾ പൂട്ടുന്നതിന്റ തലേദിവസമായിരുന്നു group ഫോട്ടോ എടുക്കുന്നത് അന്ന് മന: പൂർവം സ്കൂളിൽ പോയില്ല. കാരണം എല്ലാവർക്കും പുതിയ ഡ്രസ്സ് ഉണ്ട് എനിക്ക് ഉണ്ടായിരുന്നില്ല.....
പിറ്റേന്ന് സ്ക്കൂളിൽ പോയപ്പോൾ എല്ലാവരും പുതിയ ഉടുപ്പ് ഇട്ട് സുന്ദരികളായി വന്നിരിക്കുന്നു. അപ്പോഴാണ് അറിയുന്നത് തലേദിവസം ഫോട്ടോ എടുത്തിട്ടില്ല എന്നും . ഇന്നാണ് എടുക്കുന്നത് എന്നും ...
ഞാൻ വിഷമത്തിലായി ..........( ആ ഫോട്ടോയിലെ ഏക പാവാടക്കാരി ഞാനയിരുന്നു) ക്ലാസിലെ എല്ലാവരും വിരഹത്തിന്റേയും വിട പറയലിന്റേയും മൂഡിലായിരുന്നു. കൂട്ടുക്കാരെ വിട്ടു പോക്കുന്നതിന്റെ വിഷമത്തിലായിരുന്നു. ഞാൻ മാത്രം എന്റേതായ ഒരു ലോകത്തും.. ഒരു നല്ല വസ്ത്രമോ ഭക്ഷണമോ ചെരിപ്പോ ഇല്ലാത്ത എന്നെ പറ്റി മാത്രം ഞാൻ ചിന്തിച്ചു ഒരു പാട് സങ്കടപ്പെട്ടു കരഞ്ഞാണ് ഞാൻ സ്കൂളിൽ നിന്ന് പോന്നത് .........
20 വർഷത്തിന് ശേഷമാണ് ഞങ്ങടെ ബാച്ചിന്റെ ആദ്യത്തെ ഗെറ്റ് റ്റുഗദർ ഉണ്ടായത് അന്ന് ഞാൻ പോയിരുന്നു എന്റെ സ്കൂൾ , ക്ലാസ് റും എല്ലാം കണ്ടപ്പോൾ എനിക്ക് അതൊക്കെ ഓർമ വന്നു. അന്ന് ഞങ്ങടെ ബാച്ചിലെ രണ്ടു ക്ലാസ്സിലേയും കൂടി 70 പെൺകുട്ടികളിൽ വെച്ച് govt ജോലിയുള്ള ഏകവ്യക്തി ഞാൻ മാത്രമാണെന്ന് ....എല്ലാവരും പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു.. ആദ്യമായി ഞാൻ ആ സ്കൂളിൽ വച്ച് സന്തോഷത്തോടെയും അഭിമാനത്തോടെയും തല ഉയർത്തിയ ദിവസം . ആ രണ്ടു വർഷം അനുഭവിച്ച വേദനകളെല്ലാം 'ഒറ്റനിമിഷം കൊണ്ട് മറന്നു ......
കടപ്പാട് എന്റെ അമ്മയോട് മാത്രം❤️ അന്ന് . ചെരിപ്പില്ലാതെയും , നല്ല വസ്ത്രം ഇല്ലാതെയും നല്ല കറികൾ ഇല്ലാതെ ഭക്ഷണം കഴിക്കുബോഴും പലപ്പോഴും അമ്മയോട് ദേഷ്യം തോന്നീട്ടുണ്ട്. അതൊക്കെ പിന്നീട് ഓർത്തപ്പോൾ വിഷമവും തോന്നീട്ടുണ്ട് ....... അഞ്ചു മക്കൾ ഉള്ള 28 വയസ്സ് മാത്രം ഉള്ള ഒരു വിധവക്ക് ഞങ്ങളെ അഞ്ചു പേരേയും സ്കൂളിൽ പറഞ്ഞയക്കാൻ തോന്നിയല്ലോ അത് തന്നെ പുണ്യം. ....... ഇന്ന് എന്റ ജോലി തരുന്ന അഭിമാനമാണ് എന്നെ ആഹ്ളാദം ഉള്ള ഭാര്യയും അമ്മയും ആക്കുന്നത് ....... ഒത്തിരി കഷ്ടപെട്ടിട്ടാണെങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ കൂടെ നടക്കുബോൾ ജീവിതത്തിന് തെളിച്ചമുണ്ടാക്കും🙏🙏
A pint blood and two fresh lime