2023 ജൂൺ 26, തിങ്കളാഴ്‌ച

ഇന്ത്യന്‍ പാസ്പ്പോര്‍ട്ടിന്‍റെ ഒരു സുഗന്ധം

 താജ്മഹല്‍ കണ്ട എന്റെ കുറിപ്പു കണ്ട നിങ്ങള്‍ സമിശ്രമായി പ്രതികരിച്ചല്ലോ. നന്ദി.

 അരയന്നത്തെ  പിടിച്ച് ട്രോളിയതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്ന കാര്യം, ഈ വകകാര്യങ്ങളൊക്കെ അത്രക്കങ്ങോട്ട് ശ്രദ്ധിക്കണമെന്നുണ്ടോ ജീവിക്കാന്‍ എന്നൊക്കെയുള്ള തോന്നലുകളാണ് ചിലര്‍ക്കെങ്കിലും വന്നിട്ടുണ്ടാവുക എന്നാണ്.  വേണമെന്നില്ല. പക്ഷേ ഈ ലോകത്തിന്‍റെ മഹത്വം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമാണു. ചിലര്‍ക്ക് ജന്മസിദ്ധമായി തന്നെ സൂക്ഷ്മ നിരീക്ഷണ പാടവമാണ് ഉള്ളത്. ജോസ് സാര്‍ ഒക്കെ അത്തരത്തില്‍  പെട്ട ഒരാളാണ്. ഓരോ കാര്യത്തിലും അവര്‍ നിരീക്ഷിച്ചു കൊണ്ടും പഠിച്ചു കൊണ്ടും അത് കൊണ്ടുള്ള മെച്ചപ്പെട്ട ജീവിതം നയിച്ചു കൊണ്ട് ഇരിക്കും.

 എന്നെ കണ്ടാല്‍ അങ്ങനെ തോന്നിയാലും തോന്നിയില്ലെങ്കിലും ഞാന്‍ അത്തരം ഒരു സൂക്ഷ്മ നിരീക്ഷകനോ ചെയ്യുന്ന കാര്യത്തില്‍ ഊളയിട്ടു പോകുന്ന ഊളയോ ഒന്നുമല്ല; (വിനയം ഒരു സ്പൂണ്‍) ചില ജൂനിയര്‍ ആയിട്ടുള്ള സൂപ്രണ്ടുമാര്‍ പലപ്പോഴും എന്റെ ഡ്രാഫ്റ്റുകളില്‍ ഒന്നു രണ്ടു തിരുത്തുകള്‍ വരുത്തി വയ്യാണ്ട് എനിക്കു തന്നെ തിരിച്ചു തിരുത്താന്‍ തരുന്നവരാണ്. ചിലര്‍ എന്നെ വിശ്വസിക്കുന്നത് കൊണ്ട് നാലഞ്ചു കൊല്ലം കഴിഞ്ഞേ   എന്റെ അടുത്തേക്ക് ഫയല്‍ തിരിച്ച് അയക്കാറുള്ളൂ. ഞാന്‍ എവിടെയായിരുന്നാലും. ചെറുപ്പത്തില്‍ അശ്രദ്ധ പാടില്ല എന്നാണോ വലുതാവുമ്പോള്‍ ഈ അശ്രദ്ധയോന്നും പാടില്ല എന്നതാണോ ശരി എന്നു അറിയില്ലഇത് വരെ എനിക്കാ ശ്രദ്ധ കൈവന്നിട്ടില്ല ...

 പക്ഷേ ഞാന്‍ പറയാന്‍ പോകുന്നത് നടന്നിട്ടുള്ളത് എന്‍റെ ടീനാന്ത്യത്തില്‍ ആണ്. പതിനെട്ടു തികയാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൌമാരക്കാര്‍ ഡ്രൈവിങ് ലൈസെന്‍സ് എടുക്കാനുള്ള തിടുക്കം കാണിക്കുന്നത്ര ഇല്ലെങ്കിലും പാസ്പ്പോര്‍ട്ട് എടുക്കാനുള്ള തിടുക്കം എന്‍റെ കുട്ടിക്കാലത്തുണ്ടായിരുന്നു. സര്‍ക്കാരുകള്‍ക്ക് എലാവരെയും ഉദ്യോഗസ്ഥരാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവു കൊണ്ട്, സ്വകാര്യ എം എന്‍ സികള്‍ വന്‍ തുകകള്‍ ശംബളം നല്കാന്‍ ഇല്ലാത്തത്തിനാലും സര്‍വോപരി ചുറ്റും ദാരിദ്ര്യം കാഴ്ചയെ മരവിപ്പിക്കുന്നതിനാലും വിദേശത്തു പോകുന്നതും അതിനായി പാസ്പ്പോര്‍ട്ട് എടുക്കുന്നതും ആചാരമായി മാറിയിരുന്നു. വല്യ താല്‍പര്യം ഇല്ലെങ്കിലും  ഞാനും അപേക്ഷിച്ചു  ഒരെണ്ണം.

 അന്നൊന്നും ഇപ്പോഴത്തെ പോലെ അഞ്ചു ദിവസങ്ങള്‍ക്കുളില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന ഏര്‍പ്പാടേ ഇല്ലായിരുന്നു. കുറെ കാലം കഴിഞ്ഞു പോലീസ് അന്വേഷണം വന്നപ്പോള്‍ ആണ് വീണ്ടും പാസ്പോര്‍ട്ടിന്‍റെ ഓര്‍മയും അത് എത്രയും വേഗം കിട്ടാനുള്ള കൊതിയും തിരിച്ചു വന്നത്. കലാലയങ്ങളില്‍ തൊഴിലില്ലായ്മയ്ക്കു  എതിരെ സമരം ചെയ്യുന്തോറും  പാസ്സ്പോര്‍ട്ട് വന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങി. എവിടെ അന്വേഷിക്കാന്‍ ? പിറ്റേ ദിവസത്തെ പോസ്റ്റര്‍ എഴുതി കഴിഞ്ഞാല്‍ പിന്നെ ഇതന്നെ വിചാരം. അന്വേഷണവും അത്ര മാത്രം.

ഇടയിലൊരു ദിവസം ഒരു കൊള്ളിയാനില്‍ ഒരു തോന്നല്‍ ഉണ്ടായി -- ഇനിയിപ്പോ പൂരിപ്പിച്ചതിലെ പിശക് കൊണ്ടായിരിക്കുമോ ടിയാന്‍ ഇങ്ങ് എത്താത്തത് ? അപ്പോഴാണ് ഞാന്‍ ഒരു ശ്രദ്ധക്കുറവ് വരുത്തിയോ എന്ന ഒരു  ശങ്ക ശക്തമായത് .  

പേര്: സുധീര്‍ കുമാര്‍ വി. ബി,

അച്ഛന്‍: വി എ ബാലന്‍,

അഡ്രസ്സ്: വടക്കെകര ഹൌസ് ആനന്ദപുരം തൃശൂര്‍ 680323.

 ജാതിയുടെ സ്ഥാനത്ത് വിശ്വകര്‍മള എന്നാണ് എന്‍റെ എസ് എസ് എല്‍ സി ബുക്കില്‍ മറ്റ് പല വിശ്വകര്‍മ കാര്‍ക്കും വിശ്വകര്‍മ എന്നു മാത്രമായിരുന്നു.  മറ്റ്  ഹിന്ദു കുട്ടികളൊക്കെ  മതത്തിന് നേരെ  ഹിന്ദു എന്നാണ് രേഖപ്പെടുത്തിയിരുന്നത്  എന്നാല്‍ എന്‍റെ മതത്തിന് നേരെ ഹിന്ദുയിസം എന്നാണ് രേഖപ്പെടുത്തിയിരുന്നത് .

 നേരത്തെ പറഞ്ഞപോലെ ശ്രദ്ധ ക്കുറവ് കാരണം  ഞാന്‍ എന്താണ് എഴുതിയതെന്ന് എനിക്കു ഒരു ഓര്‍മ്മയുമുണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാല്‍ എന്‍റെ പാസ്പോര്‍ട്ട് നിരസിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ ഏകദേശം ഉറപ്പിച്ചു. അഥവാ സര്‍ട്ടിഫിക്കറ്റിലല്ലാത്ത ജാതിയും മതവും അച്ചടിച്ചു വന്നാലും ജോലി സ്വാഹാ!

 പോളിടെക്നിക് സമരകാലത്ത് ഓരോ മുദ്രാവാക്യം വിളിക്കുമ്പോഴും പാസ്പോര്‍ട്ട് വന്നില്ലെന്ന കാര്യം മറക്കുമെങ്കിലും തൊഴിലില്ലായ്മയെ പറ്റി പ്രസംഗങ്ങള്‍  കേള്‍ക്കുമ്പോള്‍  അത് വീണ്ടും ഓര്മ്മ വരും. പോളി സമരം മുറുകകയായിരുന്നു.

ആ ഓര്മ്മ മങ്ങി മങ്ങി വന്ന ഏതോ ഒരു ക്ഷീണിച്ച സായാഹ്നത്തില്‍ വീടെത്തിയപ്പോള്‍ അച്ഛമ്മ എന്നെ പോസ്റ്റോഫീസിലേക്ക് ഓടിച്ചു വിട്ടു. ഏതോ റജിസ്റ്റേഡ് കത്ത് വന്നിട്ടുണ്ടെന്നും പറഞ്ഞ്.

ഞാന്‍ ഉറപ്പിച്ചു ... പ്രിന്‍സിപ്പല്‍  പ്രതികാര നടപടികള്‍ തുടങ്ങി.. മെമ്മോ ആയിരിയ്ക്കും ... പോര്‍ട്ടിക്കോയിലെ നോട്ടീസ് ബോര്‍ഡുകള്‍ തകര്‍ത്തത്തിന് നഷ്ടപരിഹാരം നാല്‍കേണ്ടി വരുമെന്നു മുന്പ്  അറിയിച്ചിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞു എത്തുന്നതിന് മുന്പെ അത് വാങ്ങി കത്തിച്ചു കളയണം .. അന്നത്തെ ക്രിക്കറ്റ് കളി വേണ്ടെന്ന് വെച്ചു റാലീ സൈക്കിള്‍ നേരെ പോസ്റ്റോഫീസിലേക്ക് വിട്ടു.

 പോസ്റ്റ് മാസ്റ്ററുടെ പേരും ബാലന്‍ മാഷ് എന്നായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ പേര് സുധീര്‍ എന്നും .. ആ ഒരു ബന്ധം കൊണ്ട് ഞങ്ങള്‍ കൂടുതല്‍ പരസ്പര ബഹുമാനമുള്ള ആളുകളായിരുന്നത് കൊണ്ടുള്ളതല്ലാത്തൊരു വല്ലാത്ത ചിരി എന്‍റെ ചങ്കിലേക്ക് നേരെ തൊടുത്തു കൊണ്ട് അദ്ദേഹം പോസ്റ്റോഫീസ് അടക്കാന്‍ ആഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.

 ന്ത്യെ ഡാ സുധ്യേ ഇത്ര പെട്ടെന്നു നാടു വിടാന്‍ പൂവാണോ ?

 ഓ .. അപ്പോ പാസ്പ്പോര്‍ട്ടാണ് ..ഞാന്‍ കവറു കൈപ്പറ്റിയതും കവറു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. ആകാശനീല നിറവും നല്ല കടല്ലാസ്സും. ഒന്നാം തരം നേവി ബ്ലൂ പ്ലാസ്റ്റിക് കോട്ട് ചട്ടയും അടിപൊളി സുഗന്ധവും ഒരു ചുന്ദരന്‍ ചെക്കന്‍റെ ബ്ലാക്ക് & വൈറ്റ് ഫോട്ടോയും.... പക്ഷേ ഞാന്‍ പേജുകള്‍ തിടുക്കത്തില്‍  മറിച്ച് തീരഞ്ഞുകൊണ്ടിരുന്നത്  എന്‍റെ ജാതിയും മതവും തെറ്റിയാണോ ശരിയായാണോ രേഖപ്പെടുത്തിയത് എന്നറിയാന്‍  വേണ്ടിയായിരുന്നു.

 എന്നെ സ്ഥബ്ദനാക്കിയതും അതായിരുന്നു. ... അങ്ങനെയൊരു കോളമേ അതിലുണ്ടായിരുന്നില്ല.! എനിക്കു ആ കണ്ടെത്തല്‍ കൊണ്ടുണ്ടായ രോമാഞ്ചം ഇപ്പൊഴും അനുഭവിച്ചു മതിയായിട്ടില്ല! എന്‍റെ ജ്ന്‍മ നാടിന് അതിന്റെ ഒരു പൌരനെ തിരിച്ചറിയാന്‍ ഒരു ജാതിയുടെയും മതത്തിന്റെയും മേല്‍വിലാസം ആവശ്യമില്ലെന്ന്  ഉറക്കെ പ്രഖ്യാപിക്കുന്ന ആ ഒരു കാര്യം കൊണ്ട് തന്നെ എന്‍റെ പാസ്പ്പോര്‍ട് വിശ്വം മുഴുവനും സൌരഭ്യം പടര്‍ത്തുമെന്ന് ഞാന്‍ അഭിമാനം കൊണ്ടുപോന്നു. എന്‍റെ നാടിന്‍റെ ശില്‍പ്പികള്‍ക്ക് എത്ര ഉയര്‍ന്ന മാനവിക വീക്ഷണമാണ്!

  വര്‍ത്തമാനകാലം അക്കാര്യം എന്നെ വേദനയോടെ ഓര്‍മ്മപ്പെടുത്തി അലോസരമുണ്ടാക്കുന്നു.

മ്മ്ടെ തൃശൂര്‍ പണ്ട് വെല്ല്യോരു കൊച്ചിയായിരുന്നൂത്രേ

വി ബി സുധീര്‍കുമാര്‍



തൃശൂര്‍ എന്ന പ്രദേശത്തിന്‍റെ ലഘു ചരിത്രക്കുറിപ്പ് വായിച്ചറി വിന്റെയും കേട്ടു കേള്‍വിയുടെയും അടിസ്ഥാനത്തില്‍ എഴുതുമ്പോ ള്‍ ഒരു മുഖവുര അനിവാര്യമാണ്.


ഒരു പ്രദേശത്തിന്റെ ചരിത്രം ഒരു ജനതയുടെ ചരിത്രമാ ണെന്ന് പറയാ നും അറിയാനു മുള്ള ആധികാരികത ഉരുത്തിരിയും മുന്പ്, ചരിത്രം ഭരണാധികാരികളുടെ മാത്രം വീര ഗാഥയായിരുന്നല്ലോ - ഉരുവിട്ടു പോന്ന തും രേഖപ്പെടുത്തിയതും യഥാര്‍ത്ഥവും പൊലിപ്പിച്ചതും സമ്മി ശ്രവുമായ ആയ ഭരണാധി കാരികളുടെ ജീവചരിത്ര കഥകളുടെ ആകത്തുക ....


ഭരണാധി കാരികളുടെ എഴുതപ്പെട്ട ചരിത്രം, അതിലെ ഊതിവീര്‍പ്പി ക്കപ്പെട്ട ഭള്ളുക ള്‍ ഒഴിവാക്കി കൊണ്ടാണെങ്കില്‍ പോലും അടിസ്ഥാനമായി കണക്കാക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു മാത്രമാണു ഈ കുറിപ്പില്‍ ഭരണ നേതൃത്വത്തിന്‍റെ അല്ലാതെ ഒരു സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ പ്രജകളുടെ പങ്ക് എവിടേയും പരാമരിശിക്കാതെ എഴുതേണ്ടി വരുന്നത്. നാട്ടു രാജാവായാലും ചക്രവര്‍ത്തിയായാലും പോര്‍ച്ചുഗീസുകാരായാലും ഡച്ചുകാരായാലും ബ്രിട്ടീഷുകാരായാലും അധികാരികളെ നില ക്കു നിര്‍ത്താന്‍ കഴുവുള്ളത്ര ശക്തരായ ഭൂരിപക്ഷമുള്ള പ്രജകളുടെ സ്ഥാനം പക്ഷേ അധികാരികളെ നിലനിര്‍ത്താന്‍ എത്ര കണ്ടു പ്രയോജനപ്പെടുത്തി എന്ന നിലയ്ക്കാണല്ലോ പരിഗണിക്കപ്പെട്ടിട്ടുള്ളത്. - ജനാധിപത്യത്തിന്‍റെ സൂര്യോദയത്തിന് മുന്പ്....
ചരിത്രത്തില്‍ തീരെ ചെറുതല്ലാത്ത ഒരു സ്ഥാനം ആലങ്കാരികമല്ലാതെയും അലങ്കരിച്ചിരുന്ന ഒരു പ്രദേശമാണ് തൃശൂര്‍. ഓരോ കാലഘട്ടത്തിലും പല ഭരണാധികാരികളുടെയും ഒന്നല്ലെങ്കില്‍ മറ്റൊരു പാരമ്പര്യ അവശേഷിപ്പുകളാല്‍ രൂപപ്പെട്ട ഈ പ്രദേശം. അതിന്റെ ഭൂമിശാസ്ത്രപരമായ അചഞ്ചലതയുടെയും വിഭവ സമൃദ്ധിയുടെയും ഫലമായിട്ടായിരിക്കാം അറിയപ്പെട്ടു പോന്നിരുന്നതും അതുവഴി ശക്തന്‍ തമ്പുരാനെ പോലുള്ള ഭരണാധികാരിക്ക് തൃശ്ശിവപേരൂര്‍ എന്ന പട്ടണം നിര്‍മ്മിക്കുവാന്‍ പ്രചോദനമായതും. തൃശിവപേരൂര്‍ എന്ന പേര് വന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെങ്കിലും മോണോലിത്തുകളും മുനിയറകളുടെയും സാന്നിധ്യം പുരാതന ചരിത്രത്തിലെ തൃശൂരിന്‍റെ സ്ഥാനം നിജപ്പെടുത്തുന്നതാണ്. അറബ്, റോമന്‍ , ഗ്രീക്ക് രാജ്യങ്ങളുമായുള്ള വാണിജ്യപരവും, പിന്നീട് സാംസ്കാരികവുമായ വിനിമയങ്ങളുടെയും തലസ്ഥാനമായും പേരെടുക്കുവാന്‍ തൃശൂരിന്‍റെ തീര സമൃദ്ധി പ്രയോജനപ്പെട്ടു. ചേര രാജാക്കന്മാര്‍ ഇന്നത്തെ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു മഹോദയപുരം എന്ന തലസ്ഥാനം രൂപീകരിച്ച് പഠനത്തിനും ശാസ്ത്ര പ്രചാരണത്തിനും സംഭാവനകള്‍ നല്കി. പിന്നീട് ചോള രാജാക്കന്മാരും പെരുംബടപ്പ് സ്വരൂപവും കൊടുങ്ങല്ലൂരിന്‍റെ തുറമുഖ സമൃദ്ധിയില്‍ വാണിജ്യ കേന്ദ്രമായും രൂപപ്പെട്ടു വെങ്കിലും 1341 AD ക്കുശേഷം ഉണ്ടായ അതി ഭീകരമായ വെള്ളപ്പൊക്കത്തില്‍ ചരിത്രം കീഴ്മേല്‍ മറിയുകയും തുറമുഖങ്ങ ള്‍ നശിക്കുകയും തൃശൂരിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് വിരാമമാവുകയും ചെയ്തു.








പിന്നീട് കോഴിക്കോട് നിന്നും സാമൂതിരി തൃശൂര്‍ ആധിപത്യം സ്ഥാപിക്കുകയും പൊര്ടുഗീസുകാരുമായി ചങ്ങാത്തം സ്ഥാപിച്ചതിലൂടെ പൊര്ടുഗീസുകാര്‍ തൃശൂരില്‍ കാര്യമായ സ്വാധീന ശക്തിയായി മാറുകയും ചെയ്തു (1500 AD ). ഡച്ചുകാര്‍ (1700 AD ) വരുന്നത് വരെ ഈ ആധിപത്യം തുടര്‍ന്നു. പിന്നീട് പോര്‍ച്ചുഗീസുകാര്‍ രാജ്യത്തു നിന്നും പലായനം ചെയ്യുന്നതിനും സാക്ഷ്യം വഹിച്ചുകൊണ്ട് സാമൂതിരി ഡച്ചുകാരെ തൃശൂരില്‍ വെരൂന്നാ ന്‍ സഹായിച്ചു പക്ഷേ സാമൂതിരിയുടെ ഡച്ച് ബന്ധം വഷളാവുകയും സാമൂതിരിയുടെ ആധിപത്യത്തിലെ ഭൂമി അവര്‍ കൊച്ചി രാജാവിന് നേടി കൊടുക്കുകയും ചെയ്തു . സാമുതിരി അത് തീരിച്ചു പിടിച്ചെങ്കിലും തിരുവിതാംകൂര്‍ - കൊച്ചി രാജാക്കന്മാര്‍ ചേര്‍ന്ന് പിന്നീട് സാമൂതിരിയുടെ ഭരണാന്ത്യം കുറിക്കുകയും ചെയ്തു. കൊച്ചി എന്നാണ് പറയപ്പെടുന്നതെങ്കിലും ഈ സംഭവങ്ങള്‍ ഒട്ടു മിക്കവയും നടക്കുന്നതു തൃശൂര്‍ ജില്ലയുടെ പരിധികളില്‍ ഇപ്പോള്‍ പെടുന്ന സ്ഥലങ്ങളിലാണ് എന്നതാണു ഇവിടെ പ്രസക്തമാകുന്ന വിഷയം.



1790 ല്‍ അധികാരമേറ്റ ശക്തന്‍ തമ്പുരാ ന്‍ എന്ന രാമ വര്‍മ്മ – 9 യാണ് ആധുനിക തൃശൂരിന്‍റെ നഗര ശില്പി എന്നു പറയാം. അദ്ദേഹം അധികാരമേറ്റത്തിന് ശേഷമാണ് പ്രദേശത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വരാനും ക്രമസമാധാനം സ്ഥാപിക്കാനുമുള്ള ആദ്യ ശ്രമങ്ങള്‍ ആരംഭിച്ചത്. അതില്‍ പ്രധാനപെട്ട ഒന്നാണ് തൃശൂര്‍ റൌണ്ട് അഥവാ സ്വരാജ് റൌണ്ട്., തൃശൂര്‍ വടക്കുന്നാഥ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള റോഡ് ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളില്‍ നീളത്തിന്റെ കാര്യത്തില്‍ ദില്ലി കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള റോഡ് മാത്രമാണു ഇതിനേക്കാള്‍ വലുതായിട്ടുള്ളത്. വടക്കുന്നത ക്ഷേത്രത്തിന് അകത്തു നിന്നുമുള്ള ഒരു കേന്ദ്രത്തി ല്‍ നിന്നും പുറപ്പെടുന്ന വിധമുള്ള റോഡുകളാണ് വടക്ക് ഷൊറണൂര്‍ ഭാഗത്തേക്കും കിഴക്ക് പാലക്കാട് ഭാഗത്തേക്കും തെക്ക് എറണാകുളം ഭാഗത്തേക്കും പടിഞ്ഞാറ് ഗുരുവായൂര്‍, തൃപ്രയാര്‍ ഭാഗത്തേക്കും പിന്നെ ഒട്ടനവധി ഇട വഴികളും റിങ്ങ് റോഡുകളും ചേര്‍ന്ന ഒരു ജ്യാമിതീയ രൂപമായാണ് തൃശൂര്‍ നഗരം രൂപ കല്‍പന ചെയ്തിട്ടുള്ളത്. അതിലെ പാടിഞ്ഞാറോട്ടുള്ള റോഡ് നേരെ ചെല്ലുന്നത് കലക്ട്രേട്ട് കെട്ടിടത്തിലേക്കാണ്. തെക്കോട്ടുള്ള വഴി മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ഇപ്പോള്‍ പുതുതായി നിര്‍മ്മിച്ച തൃശ്ശൂര്‍ സിറ്റി പോലീസ് ആസ്ഥാന കെട്ടിടത്തിന് മുന്നിലൂടെയാണ് .


നല്ല രീതിയില്‍ നഗരവല്‍ക്കരണം നടത്തിയ ഭരണാധികാരിയായിരുന്നു ശക്തന്‍ തമ്പുരാന്‍ . മൈസൂര്‍ രാജാവു ഹൈദര്‍ അലി പിന്നീട് കൊച്ചി രാജ്യത്തെ കീഴടക്കി. ഹൈദര്‍ അലിയുടെ മരണ ശേഷം മകന്‍ ടിപ്പു സുല്‍ത്താന്‍ ഭരണം ഏറ്റെടുത്തത്തിന് ശേഷം ശക്തന്‍ തമ്പുരാനോട് തിരുവിതാംകൂര്‍ രാജാവിനെതിരെ പട ന യിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജാവു വിസ്സമതിക്കുകയും; അനന്തരം ക്ഷുഭിതനായ ടിപ്പു കേരളക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. തന്റെ സാമ്രാജ്യമായ ശ്രീരംഗപട്ടണം സംരക്ഷിക്കുന്നതിനായി ടിപ്പുവിന് തിരിച്ചു പോകേണ്ട അവ്സ്ഥയുണ്ടായിരുന്നതിനാല്‍ ഏറെക്കാലം ഈ പ്രദേശത്തിന്‍റെ ഭരണത്തെ നിലനിര്‍ത്താന്‍ ടിപ്പുവിന് സാധിച്ചിരുന്നില്ല. ബ്രിട്ടീഷ് സഹായത്തോട് കൂടി തൃശൂര്‍ ശക്തന്‍ തമ്പുരാ ന്‍ തിരിച്ചു പിടിക്കുകയും ചെയ്തു. എന്നാല്‍ ശക്തന്‍ തമ്പുരാന്‍റെ മരണത്തോട് കൂടി അനന്തരാവകാശി ബ്രിട്ടീഷ് ഭരണാധികാരികളോട് സന്ധിയാവുകയും ഫലത്തില്‍ തൃശൂര്‍ ബ്രിട്ടീഷുകാരുടെ ര്‍വാധിപത്യത്തില്‍ ആവുകയും ചെയ്തു. തൃശ്ശിവപേരൂര്‍ ട്രിച്ചൂര്‍ ആവുന്നത് പോലുള്ള സമൂല ബ്രിട്ടീഷ് വല്‍ക്കരണത്തിനുള്ള എല്ലാ പരിഷ്കാരങ്ങള്ക്കും അതുമൂലം ദേശാഭിമാനികളായ തൃശൂര്‍ കാരുടെ എതിര്‍പ്പുകള്‍ക്കും അത് കാരണമായി.


അതുകൊണ്ടു തന്നെ തൃശൂര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദിമ പോരാട്ടങ്ങളുടെ വിളനിലമായി മാറിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നായി മാറുകയും 1919 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കമ്മിറ്റി രൂപീകരിക്കാന്‍ ഇടവരികയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തി ന്റെയും തുടര്‍ പോരാട്ടങ്ങളുടെയും ദേശീയ ശ്രദ്ധ നേടിയ വലിയ നഗരമായി ക്രമസമാധാന രംഗത്തെ പ്രക്ഷുബ്ദ സന്ദര്‍ഭങ്ങള്‍ക്ക് പലവട്ടം സാക്ഷിയായി. ഒട്ടേറെ സമര പോരാട്ടങ്ങള്‍ക്ക് കൂടി തൃശൂര്‍ സാക്ഷിയാണ്. തൊട്ടുകൂടായ്മതീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടന്ന 1931 -32 ലെ ഗുരു വായൂര്‍ സത്യാഗ്രഹം, 1946 ലെ കുട്ടംകുളം സമരം തുടങ്ങിയ ഒട്ടനവധി പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്ത് തന്നെ ഉണ്ടായതാണ്. ഇതൊക്കെയും അതാത് കാലത്തെ ഭരണാധികാരികളുടെ തോക്കിനും ലത്തിക്കും മറ്റനേകം കാലാനുസാരിയായ ആയുധങ്ങളുടെയും സഹായത്തോടെ ക്രമ സമാധാന പാലനം നടത്തി ശാന്തമാക്കിയതിന്‍റെ കൂടി ചരിത്രമടങ്ങുന്നതാണ് ക്രമസമാധാന പാലനത്തിന്‍റെ തൃശൂര്‍ ചരിത്രം.





സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസം‌വിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്. തിരുവിതാം‌കൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ്‌ പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. 1956 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കേരള പോലീസ് രൂപീകൃതമായത്. ഇത്രയും കാലം വരെയുള്ള ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ ഐക്യ കേരളം നിലവില്‍ വന്നപ്പോള്‍ ഭൂമിശാസ്ത്ര പരമായി മധ്യത്തിലുള്ള തൃശൂര്‍ ആയിരുന്നു സംസ്ഥാന തലസ്ഥാനം ആയി വരേണ്ടിയിരുന്നത് എന്ന് തോന്നിപ്പോകും. സാദാ പ്രജകളുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറം കാലത്തെ നയിക്കാന്‍ പാകത്തിന് വസ്തുതകളും വാസ്തു വിദ്യയും ഉള്ളത് കൊണ്ടായിരിക്കാം അങ്ങ് ദൂരെ തിരോന്ദരത്ത് തലസ്ഥാനം ഉയര്‍ന്നത്.


കാട്ടുരാജാക്കന്മാരാലും നാട്ടു രാജാക്കന്മാരാലും ചക്രവര്‍ത്തിമാരാലും പോര്‍ച്ചുഗീസുകാരാലും ഡച്ചുകാരാലും ബ്രിട്ടീഷുകാരാലും പരിഷ്ക്കരിച്ചെടുക്കും മുന്‍പുള്ള തീരവും സമതലവും ഒരേസമയം വന സമൃദ്ധവുമായ പശ്ചിമഘട്ടത്തിലെ ഈ പ്രാന്തപ്രദേശത്തെ, അവനവന്‍റെ വിശപ്പടക്കാന്‍ മാത്രം ഉപയോഗിച്ചു കൊണ്ട് , മറ്റു ചരാചരങ്ങള്‍ക്കൊപ്പം - അവരില്‍ ഒന്ന് മാത്രമായി ജീവിച്ചു മണ്മറഞ്ഞ ആദിമസംതൃപ്തിയുടെ സമൃദ്ധിയിലേക്ക് തിരിഞ്ഞു നോക്കുവാനും, ചരിത്രം മറന്ന മനുഷ്യനായി മരിക്കാതിരിക്കാനും മാത്രമാണ് ഈ തിരിഞ്ഞു നോട്ടം. മ്മള് തിശൂക്കാരല്ലേ ഗട്യേ ?


സു

2023 ജൂൺ 20, ചൊവ്വാഴ്ച

ഇതാ കാണുന്നു താജ് മഹല്‍ !


    കണ്ണുകളില്‍ നക്ഷത്രം പ്രകാശിച്ചിരുന്ന കൌമാരം കടന്നു പോരവേ കാലം തെറ്റി വായിച്ച ചില പുസ്തകങ്ങളില്‍ പ്രണയവും വിപ്ലവവും കത്തി ജ്വലിച്ചു നിന്ന ഭൂതകാലം പലര്‍ക്കും എന്നപോലെ എനിക്കുമുണ്ടായിരുന്നു. പ്ലാട്ടോനിക് പ്രണയവും ബൊഹീമിയന്‍ സമൂഹവും ക്ഷണികമായ ഭരണകൂട കോട്ടകളുടെ തകര്‍ച്ചയോടെ  ദാ കാണുന്ന ഭാവിയില്‍ യാഥാര്ത്യമാകുമെന്ന് ധരിച്ച ഒരു കാല്‍പ്പനിക കാലം .... നിലാവില്‍ പാലും കിനാവില്‍ കരിന്കൂവളവും താറാവുകളില്‍ അരയന്നങ്ങളെയും കണ്ടു ഒഴുകി നടന്ന ഒരു കാലപ്പനിക കാലം. 


    നെരൂദ, മയകൊവ്സ്കി, അയ്യപ്പന്‍ മുതല്‍ പേര്‍ പ്രണയത്തെ യുദ്ധ ക്കളത്തിലേക്ക് എന്നെ  ആനയിക്കും മുന്‍പ് ചേക്കേറിയ ജൂലിയറ്റും റോമിയോയും, അനാര്‍ക്കലിയും സലീമും സീസറും കളിയോപാട്രയും, മുംതാസും ഷാജഹാനും ചില്ലുകൂട്ടിലിരിക്കുന്ന കാലം, രമണനും ചന്ദ്രികയും കാനന ചായകളില്‍ ഓടി തളര്‍ന്നു കാതുകളില്‍ മുഴങ്ങി മാത്രം സ്പന്ദിച്ച കാലം. 


    കുടുംബമെന്ന സങ്കല്‍പ്പത്തെ ഇക്കാണുന്ന തന്‍മാത്രയില്‍ ഒതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയ നടക്കുന്ന കാലം... എങ്കിലും ഏതെങ്കിലും ഒരു വിഭാതത്തില്‍ എനിക്കും ഒരു പ്രണയമുണ്ടാകുമെന്നും അത് മേല്പറഞ്ഞ പ്ലാട്ടോനിക് ആയിരിക്കുമെന്നും നിര്‍മലം, ശുദ്ധം എന്നൊക്കെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കുമെന്നും കരുതി പൂമ്പാറ്റകളെ കാത്തിരിക്കുന്ന പൂവായി മാറി, ഭൂമിയെ മൊത്തമങ്ങു സ്നേഹിക്കുന്ന ഹുമനിസ്റ്റും അങ്ങനെ കമ്മ്യൂണിസ്റ്റുമാകാന്‍ കാത്തിരുന്ന കാലം... 


   വിലാസിനി വന്നു വിളിച്ചിട്ടും പമ്മന്‍ വന്നു വിളിച്ചിട്ടും പ്രണയവും കാമവും മുട്ടി മുറ്റി നിന്നിട്ടും കാല്പനികമായ പരിലാളനകളെ മാത്രം കത്ത് കാത്തു നല്ലപിള്ളയായി അഭിനയിച്ചു നീങ്ങിയ കാലം. എത്തിപ്പിടിക്കുന്ന പ്രണയം പ്രണയമല്ലെന്നും രണ്ടുപേര്‍ ആരൊക്കെയോ സഞ്ചരിക്കുന്നതോ ഇതുവരെ ആരും സഞ്ചരിക്കാത്തതോ ആയ വഴികളില്‍ സഞ്ചരിച്ചു എത്തുന്ന ഒരു തലം ആണെന്നും കരുതിയ കാലം. ആണ്‍കുട്ടികളെപോലെ തന്നെ സകലമാന പെണ്‍കുട്ടികളെയും തോളില്‍ കയ്യിട്ടു സമത്വം പറഞ്ഞും അതെ സമയം പ്രണയ ത്രിഷ്ണയോടെയും  അവരുടെയൊക്കെ നല്ല പുസ്തകത്തില്‍ പേര് വരുത്തിക്കൊണ്ടിരുന്ന ദി വെരി സെയിം (ഷെയിം)കാലം. 


   ഷാജഹാന്‍റെ അനേകം ഭാര്യമാരില്‍ ഒരാള്‍ മാത്രമാണ് മുംതാസ്, കൃഷ്ണന്‍റെ അനേകം കാമുകിമാരില്‍ ഏറ്റവും പ്രിയപ്പെട്ട  രാധ കൃഷ്ണനേക്കാള്‍ പ്രായമുള്ളവളാണ്, തുടങ്ങിയ ചില അറിവുകളാണ് നല്ല സ്വപ്നങ്ങളിലെ ഏക കാമുകീ വ്രതവും പുരുഷകേന്ദ്രീകൃത സംരക്ഷാ നിയോഗവും എല്ലാം താറുമാറാക്കിയത്. എന്താണ് പ്രണയമെന്നും അത് മനുഷ്യനെന്ന ജീവിയില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നും ഒക്കെ ചിന്തിച്ചു അന്തിച്ചു നിന്നത് വളരെ തെറ്റായിരുന്നെന്നു ഇപ്പോള്‍ തോന്നുന്നു.  ഏറ്റവും മുന്തിയ ജീവിയെ പ്രണയിക്കുക എന്നത് കൈവശപ്പെടുത്തലിന്റെ തലത്തിലെക്കല്ല പോകേണ്ടതെന്നും പ്രണയം ഒന്ന് പരിണയം മറ്റൊന്ന് ലിവിംഗ് ടുഗെദര്‍ വേറൊന്നും ആണെന്നും ഇതൊക്കെ മൂത്ത് പഴുക്കാന്‍ പോകുന്ന സൌഹൃദമെന്ന ഫലത്തിന്‍റെ പല ഘട്ടങ്ങളാവാമെന്നും. ആത്യന്തികമായി സൌഹൃദമാണ് അന്തിമ ലക്ഷ്യമെന്നും ഈക്വലിബ്രിയം പൊസിഷന്‍ എന്നും ഞാന്‍ പങ്കു വെക്കുന്നു.




  ജീവിതം ഋജുവും ദുര്‍മേദസ്സില്ലാത്തതും ആയി കുത്തുബ് മീനാര്‍ പോലെ ഉയര്‍ന്നു വിളങ്ങിനില്‍ക്കുന്നതാണ് ഔന്നത്യമെന്നു നമ്മള്‍ കരുതുമെങ്കിലും ഇത്തിരി സൌഹൃദത്തിന്റെ മേദസ്സും ഇത്തിരി പരോപകാരവും ഏറെ വിശാലവുമായി നില്ല്ക്കുന്ന താജ് മഹല്‍ പോലെയുള്ള ജീവിതമാണ് ഭൂമി തൊട്ടു അളക്കുമ്പോള്‍ ഏറ്റവും ഉയരമുള്ളതെന്നു എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.


ഈയിടെ താജ് മഹല്‍ കണ്ടു നടുങ്ങിയ ഭൂത സ്മരണയില്‍ നിന്നും വീണു പോയ ചിലതാണ് ...  സദയം ക്ഷമിക്കുക.