2022 നവംബർ 13, ഞായറാഴ്‌ച

പോറ്റമ്മ വിളയുന്ന നാവില്‍അമ്മ മലയാളം വിളങ്ങീടുമോ - ഒരു വയോജകന്‍റെ വിയോജനക്കുറിപ്പ്

 സാര്‍വദേശീയ ലോക വീക്ഷണം സാര്‍വത്രികമായികൊണ്ടിരിക്കുന്ന നവലോകക്രമത്തില്‍ ഓരോ മനുഷ്യനും അവരവരുടേതായ കയ്യൊപ്പുകള്‍ ചാര്‍ത്തി ചാരിതാര്‍ത്യമടയുന്ന ഒരു ജീവിത ചര്യ ഒരു പറ്റം പേര്‍ പിന്‍ തുടരുന്നുണ്ട്. കുറെ പേര്‍ വൈകാരികമായി മാത്രം മനുഷ്യ ജീവിതത്തെയും ജീവനെയും വിലയിരുത്തുന്ന ഒരു കാഴ്ച നമുക്ക് കാണേണ്ടി വരികയാണ്.

  സത്യത്തില്‍ നമ്മള്‍ ഗോത്രീയ മനുഷ്യര്‍ ഗോത്രങ്ങളില്‍ തന്നെ കഴിഞ്ഞു കൂടേണ്ടവര്‍ മാത്രമാണോ ? അതോ വസുദൈവ കുടുംബകത്തിന്റെ ആധുനികത ഉള്‍ക്കൊള്ളേണ്ടവരാണോ എന്ന ചോദ്യത്തില്‍ നിന്നുമാണ് നമ്മുടെ ജീവിത വീക്ഷണത്തിന്റെ വാസ്തുപുരുഷന്റെ യഥാര്‍ത്ഥ കിടപ്പുള്ളത്.

  ഗോത്രീയ ജീവിതം നമ്മളെ ചുറ്റുപാടുകളിലെ നന്മകളെ ചേര്‍ത്തു നിര്‍ത്തി അതില്‍ പുളകിതരാകാന്‍ പ്രേരിപ്പിക്കുമ്പോള്‍ ഒരു സാര്‍വദേശീയ വീക്ഷണമുള്ള മനുഷ്യനായി ജീവിക്കേണ്ടി വരുമ്പോള്‍ പതിനായിരക്കണക്കിന് സംസ്ക്കാരങ്ങളില്‍ ഒന്നായി മാത്രം നമ്മുടെ ഇട്ടാവട്ടത്തെ  (ഠ) കാഴ്ചകള്‍ കാണേണ്ടി വരും . എന്നാല്‍ ഈ ഇട്ടാവട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലേ എന്നു ചോദിച്ചാല്‍ ഇത്തരം ഇട്ടാവട്ടങ്ങളാണ് ഈ ഭൂമിയെ താങ്ങി നിര്‍ത്തുന്നത് എന്നത് പോലെയുള്ള പരിപ്രേക്ഷ്യത്തില്‍ വേണം നമുക്ക് ഭൂമി മലയാളത്തെയും ഭാഷാ മലയാളത്തെയും നോക്കിക്കാണാന്‍.

    മലയാളം - അമ്മ മലയാളം - നൂറ്റാണ്ടുകളായി നാം താരാട്ടു പാടിയും പുലഭ്യം പറഞ്ഞും ശാസ്ത്രീയ വിശകലനം ചെയ്തും എഴുതിയും പറഞ്ഞും പാടിയും നടന്ന നമ്മുടെ ശക്തയും സുന്ദരിയും സുശീലയും സര്‍വ്വോപരി പാലൂട്ടി വളര്‍ത്തിയ പെറ്റമ്മയുടെ കുഞ്ഞ് ശരീരം ഒരുവശത്ത്. എന്നാല്‍ ജീവസന്ധാരണത്തിനായി നാം ആശ്രയിക്കുന്ന പോറ്റമ്മമാരായി മറ്റ് ഭാഷകള്‍ ഇംഗ്ലിഷ്/ഹിന്ദി/ ബംഗാളി/ മറാത്തി/  ജര്‍മന്‍/ സ്പാനിഷ്/ റഷ്യന്‍/ അറബിക്/ തുടങ്ങിയ അനേകം ഭാഷകളായി പോറ്റമ്മമാര്‍ മറുവശത്ത്. ഇതില്‍ ആരാണ് കേമം എന്ന ചോദ്യമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.  

   അപര്യാപ്തതകളുടെ നീണ്ട നിരകള്‍ക്കിടയില്‍ നിന്നുമാണ് മനുഷ്യന്‍ അതിജീവനത്തിന്റെ  പാതകള്‍ തിരഞ്ഞെടുക്കുന്നത്. ആ അതിജീവന പാത കയ്യേത്തും ദൂരത്ത് ലഭ്യമല്ലാതിരിക്കുമ്പോള്‍ സ്വാഭാവികമായും കാലെത്തുന്ന ദൂരത്തേക്ക് ജൈവികമായ അന്വേഷണ ത്വരയോടെ - വായ് കീറിയിട്ടുണ്ടെങ്കില്‍ ഇരകണ്ടെത്തുവാന്‍ മനുഷ്യന്‍ എന്ന ജീവിയും മറ്റ് ജീവികളേക്കാള്‍ കൌശലത്തോടെ ചെന്നെത്തുന്നുണ്ട്. അതിന്റെ ഭാഗമായുള്ള വിനിമയത്തിനുള്ള ഭാഷകള്‍ പോറ്റമ്മമാരായി വന്നും പോയും അപേക്ഷികമായി നാവില്‍ വിളങ്ങിക്കൊണ്ടേയിരിക്കും.  അത് ആര്‍ക്കെങ്കിലും വിളങ്ങുവാനോ വാഴാനോ വേണ്ടിയുള്ള പോരാട്ടം അല്ല തന്നെ. മലയാളം ഒരു വികാരമായവര്‍ക്ക് വികാരമായും ഒരു ഉപജീവനത്തിന് ഉപജീവനായും മറ്റെല്ലാ ഭാഷകളെയും പോലെ തന്നെ തുല്യ പ്രാധാന്യത്തോടെ കാണാവുന്നതാണ്. ഓരോ ഭാഷയും അതിന്റെ സാംസ്കാരികമായ പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കി ഉള്‍ക്കൊള്ളുന്നതാണ് ആരോഗ്യകരം. സ്വന്തം ഭാഷയും സ്വാഭാവികമായും അതിന്റെ വിനിമയാവശ്യമെന്ന ഉപരിപ്ലവതയെക്കാള്‍ ഉപരിയായി മനസ്സിലാക്കേണ്ടതുണ്ട്. അത് മനസ്സിലാക്കാതെ അതിനു വേണ്ടി കൊടി പിടിക്കുന്ന പ്രഹസനം പ്രഹസനം തന്നെ യാണ്.

   ഒരു മല്‍സരാധിഷ്ഠിത സമൂഹത്തില്‍ ജീവിക്കുന്നതു കൊണ്ടാകാം അജ്ഞാ തമായ ഒരു ശത്രുവിനെ യെന്ന പോലെ അമ്മ മലയാളത്തിനെതിരെ മറ്റ് ഭാഷകളെ നിരക്കു നിത്തുന്നത്. അതു തന്നെ ഏറെ ക്കുറെ പ്രതിലോമകരമാണ് . സ്വന്തം ഗോത്രത്തിന്‍റെ ഔന്നത്യവും പറഞ്ഞു മേനി നടിച്ചും മേന്മ സ്ഥാപിച്ചും കലഹിച്ചും നടക്കുന്ന സങ്കുചിത ദേശീയതാ ഭക്തിയും ഭാഷ ഭക്തിയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല.

   എന്നിരുന്നാലും ഭാഷയെന്ന നിലയില്‍ എന്റെ മനസ്സിലും ഓരോ ശ്വാസത്തിലും വിളങ്ങി നില്‍ക്കുവാന്‍ എന്റെ സ്വന്തം മലയാളത്തിനല്ലാതെ മറ്റൊന്നിനും ആകുന്നില്ല. അത് ഓരോ വ്യക്തിയുടെയും സ്വകാര്യതയാണു, സ്വപ്നം കാണാനുള്ള വഴിയാണ് സഫലീകരിക്കുവാനുള്ള ശക്തിയാണ്, മാല്‍സര്യമില്ലാത്ത വാല്‍സല്യമാണ്; അത് മാത്രമാണു.



അഭിപ്രായങ്ങളൊന്നുമില്ല: