2022 നവംബർ 13, ഞായറാഴ്‌ച

ഇന്ന് നേരത്തെ വിളിക്കാന്‍ വരില്ലേ ---- രേഖ ആര്‍.

 

കാവും കുളവും ആല്‍മരവും പാടവും പൂരവും ഒക്കെയുള്ള മനോഹരമായ ഗ്രാമത്തില്‍ ആണ് ഞാന്‍ ജനിച്ചു വളര്‍ന്നത് . അച്ഛനും അമ്മയും മൂന്നു ആങ്ങളമാര്ക്കും കൂടി ഒരു കൊച്ചു അനുജത്തിയായി ആ ഗ്രാമത്തില്‍ വിലസിയിരുന്നു ഞാന്‍. അഞ്ചുമൂര്‍ത്തി മംഗലം എന്ന ഗ്രാമത്തില്‍ അത്യാവശ്യം വലിയ ഒരു കൂട്ടുകുടുംബം ആയിരുന്നു ഞങ്ങളുടേത് . കുറച്ചു കാലങ്ങള്‍ക്ക്  മുന്പ് അച്ഛന്റെ അനിയന്മാരും അവരുടെ ഭാര്യമാരും അടങ്ങുന്ന വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. പിന്നീട് അച്ഛന്‍ പാടത്തിന്   അക്കരെ ഹൈവേയോട് കുറച്ചു കൂടി അടുത്തായി ഒരു കൊച്ചു കുന്നില്‍ ഭൂമി വാങ്ങി. ആ കുന്നിന്റെ മുകളില്‍ ആണ് ഞങ്ങളുടെ വീട്.   അതുകൊണ്ടായിരിക്കണം ഞങ്ങളുടെ വീട്ടുപേര്‍ കുന്നത്ത് ഹൌസ് എന്നാണ്. 

 


ഞങ്ങളുടെ കുടുംബവും വളര്‍ന്ന് വലുതായി. താഴെയുള്ള ചേട്ടന്‍ തന്നെ എന്നെക്കാള്‍ പതിനാല് വയസ്സിന് മൂത്തതായിരുന്നു. ഞാന്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മൂത്ത ചേട്ടന്‍- ഉദയേട്ടന്‍ കല്യാണം കഴിച്ചീരുന്നു.  അച്ചന്റെ ആകെയുള്ള അനിയത്തിയും കുടുംബവും മദ്രാസില്‍ നിന്നും ഗ്രാമത്തിലുള്ള മലയാളം മീഡിയം സ്കൂളില്‍ ഒന്നും ചേര്‍ക്കാതെ എന്നെ വടക്കാഞ്ചേരി ടൌണിലുള്ള ചെറുപുഷ്പം ഇംഗ്ലിഷ് മീഡിയത്തില്‍ ആണ് കൊണ്ട് ചേര്‍ത്തിയിരുന്നത്. 

അച്ചന്റെ ഹീറോ സൈക്കിളില്‍ ആണ് ഞാന്‍ എന്നും രാവിലെ സ്കൂളില്‍ പോയിരുന്നത്.  ടൌണ്‍ ചെറുപുഷ്പം സ്ചൂളില്‍ ആണ് ഞാന്‍ പഠിക്കുന്നതെന്ന് പറയുന്നതു അച്ഛന് അഭിമാനമുല്ല കാര്യമായിരുന്നു. തിരിച്ചു വൈകീട്ട് സ്കൂള്‍ വിട്ടാല്‍ എല്ലാ ദിവസവും അച്ചന്റെ കടയില്‍ പോയി ഇരിക്കുകയായിരുന്നു പതിവ്. നേരത്തെ വീട്ടിലേക്ക് തിരിക്കുന്ന 3 ചേട്ടന്‍മാരില്‍ ആദ്യത്തെ ആളുടെ കൂടെ ഞാന്‍ വീട്ടിലേക്ക് ബസ്സില്‍ പൊരുമായിരുന്നു. 


 അങ്ങനെ ഒരു ദിവസം അച്ഛന്‍ എന്നെ സ്ചൂളില്‍ കൊണ്ട് വിട്ടു. അച്ചന്റെ കട ആ ടൌണിലെ സാമാന്യം അറിയപ്പെടുന്ന വാച്ചു കടയായിരുന്നു. "രാജാ വാച്ച് കമ്പനി" സെയില്‍സ് ആന്‍ഡ് സര്‍വീസസ് - (അതിനെ പറ്റിവിശദമായി ചിലത് ഓര്‍ക്കാനുണ്ട്.. അത് പിന്നീട് പറയാം ) 

 അച്ഛന്‍ ഇടയ്ക്കു വാച്ചിന്‍റെ സ്പേയര്‍ പാര്‍ട്സ് വാങ്ങാന്‍ കോയമ്പത്തൂരിലേക്കാണു പോകാറുള്ളത് . അന്ന് അച്ഛന്‍ കോയമ്പത്തൂരിലേക്ക് പോയ ദിവസമായിരുന്നു. അങ്ങനെ പോകുന്ന ദിവസം മൂത്ത രണ്ടു ചെട്ട്ന്‍മാരാണ് കടയില്‍ നില്‍ക്കാറുള്ളത്. ഏറ്റവും താഴെയുള്ള ചേട്ടന്‍ ക്ലാസ്സ് കഴിഞ്ഞു നേരിട്ടു വീട്ടിലേക്ക് പോയി. മറ്റ് രണ്ടു പേരും എന്നെ സ്ചൂളില്‍ നിന്നും വിളിച്ച് കൊണ്ട് കടയില്‍ ഇരുത്തേണ്ട കാര്യം മറന്നു. സ്വതവേ വീട്ടില്‍ 6 മണി കഴിഞ്ഞേ വീട്ടില്‍ എത്താറുള്ളൂ എന്നത് കൊണ്ട് അമ്മ പരിഭ്രമം ഇല്ലാതെ കാത്തിരുന്നു. ഇന്നത്തെ പോലെ ഫോണ്‍ അന്നില്ലല്ലോ. അല്ലെങ്കില്‍ ഒരു പത്തു പ്രാവ്ശ്യമ് വിളി കഴിഞ്ഞേനെ.

 

    ഞാന്‍ കുറെ നേരം ക്ലാസില്‍ ഇരുന്നു പിന്നെ ചെന്നു ഗേറ്റില്‍ പിടിച്ച് നിന്നു. സ്കൂളിലെ ഒട്ടു മിക്കവാറും കുട്ടികള്‍ പോയി കഴിഞ്ഞിരുന്നു. സ്കൂളില്‍ തന്നെ ട്യൂഷന്‍ ഉണ്ടായിരുന്ന കുട്ടികളും പോയി കഴിഞ്ഞിരുന്നു. എനിക്കാണെങ്കില്‍ കരച്ചില്‍ വന്നു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും ആരും ഈ സ്ചൂളില്‍ പഠിക്കാന്‍ വരാത്തതുകൊണ്ടു പരിചയക്കാര്‍ ആരും ഇല്ലായിരുന്നു. അവസാനം ഗെയ്റ്റ് പൂട്ടാനായി മറിയ സിസ്റ്റര്‍ വന്ന് എന്തേ ഇവിടെ നില്‍ക്കുന്നത് എന്നു ചോദിച്ചു. കരച്ചില്‍ അണ പൊട്ടി ഒഴുകി എനിക്കു വീട്ടില്‍ പോകണമെന്ന് പറഞ്ഞു സിസ്റ്ററെ കെട്ടിപ്പിടിച്ചു ആകെ കരച്ചിലും ബഹളവുമായി. ആറു മണിയായി, ഇരുട്ട് കയറുകയും ചെയ്തു. എന്നെ ശ്ചൂളിലെ കോണ്‍വെന്‍റില്‍ കൊണ്ടുപോയി ചായയും ബിസ്ക്കറ്റും തന്നു. അതൊന്നും കഴിക്കേണ്ട മൂഡില്‍ ആയിരുന്നില്ല ഞാന്‍. എനിക്കു വീട്ടില്‍ പോണം . 


  ഒരു ആറര ആയപ്പോഴുണ്ട് ഡാ വരുന്നു അച്ഛനും മൂന്നു ആങ്ങളമാരും കൂടി. എനിക്കു വന്ന സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇനി ഞാന്‍ ആ സ്ചൂളില്‍ പോകില്ല എന്നായി പിന്നെ. അതിന്റെ ഇടയില്‍ മറിയ സിസ്റ്റര്‍ "നാളെ നല്ല കുട്ടിയായി വന്നോളോ ട്ടോ " എന്നു പറഞ്ഞതൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഞാന്‍ ഇനി സ്ചൂളിലേക്ക് ഇല്ല എന്നു സ്വയം തീരുമാനിച്ചിരിക്കുമ്പോഴാണ് സിസ്റ്ററിന്‍റെ ഒരു ....

ഇന്നത്തോടെ  ഈ സ്കൂളിലേക്കുള്ള വരവ് കഴിഞ്ഞു എന്നു തന്നെ ഞാന്‍ അന്ന് വിശ്വസിച്ചു.

 എവിടെ ?

പിറ്റേ ദിവസം കാലത്ത് തന്നെ കുളിപ്പിച്ചു യൂണിഫോര്‍മ് ഇടീക്കുന്നൂ ,  പൊട്ട് കുത്തുന്നൂ...തലയില്‍ പൂ ചൂടിക്കുന്നു ... 

 ഞാന്‍ കരച്ചിലോട് കരച്ചില്‍ .. തൊട്ടടുത്ത് സ്കൂള്‍ ഉള്ളപ്പോള്‍ ഇവരുടെ ഒരു മഠത്തിലെ സ്കൂള്‍. 

 അവസാനം അച്ഛന്‍ ഷോപ്പില്‍ പോകാതെ സ്കൂള്‍ ഗ്രൌണ്ടില്‍ തന്നെ ഇരിക്കാമെന്ന കരാറില്‍ ഞാന്‍ സ്ചൂളിലേക്ക് പോകാന്‍ സമ്മതിച്ചു. എന്നെ സ്ചൂളില്‍ വിട്ടിട്ടു അച്ഛന്‍ ഗ്രൌണ്ടില്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചു ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. പിന്നീട് പി ടീ പീരിയഡില്‍ ഗ്രൌണ്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ചതി മനസ്സിലായത്. അച്ഛന്‍ ഗ്രൌണ്ടിലില്ല. 

പിന്നെ എല്ലാ ദിവസവും സ്ചൂളില്‍ കൊണ്ട് വിടുമ്പോല്‍ ആവര്‍ത്തിക്കുന്ന പല്ലവിയാണ് " ഇന്ന് നേരത്തെ വിളിക്കാന്‍  വരില്ലേ " എന്നത്. പറഞ്ഞത് കേട്ടിട്ടുണ്ടാവില്ലെ എന്നു കരുതി പിന്നേയും പിന്നേയും പറഞ്ഞു ഒന്നു കൂടി ഉറപ്പ് വരുത്തുമായിരുന്നു. അത് വര്‍ഷങ്ങളോളം എന്റെ ഒരു ഡയലോഗായി മാറി. പിന്നെ പിന്നെ അതൊക്കെ മാറി, വലുതായീ, കല്യാണം കഴിഞ്ഞു, മോളുണ്ടായി, അവളെ ആനന്ദപുരത്തെ ഇതുപോലൊരു കോണ്‍വെന്‍റ് സ്ചൂളില്‍ ചേര്‍ത്തു. ഒരു ദിവസം അവളെ സ്ചൂളില്‍ ആക്കി എന്തോ കാര്യത്തിന് ഞാനും സുധിയേട്ടനും കൂടി ഇരിഞ്ഞാലക്കുടയിലേക്ക് പോയി, പക്ഷേ സ്കൂള്‍ വിടുന്നതിന് മുന്പ് വിചാരിച്ച പോലെ തിരിച്ചെത്താനായില്ല. കാര്‍ നന്നാക്കി കിട്ടാന്‍ ഒരുപാട് നേരമെടുത്തു. മോള് ഭയന്ന് കരഞ്ഞു അവശയായി ഇരിക്കുകയായിരുന്നു. എന്റെ ഉള്ളില്‍ ആ പഴയ ഒന്നാം ക്ലാസുകാരിയുടെ ഭീതി കലര്‍ന്ന ഗദ്ഗദം വിങ്ങിപ്പൊട്ടി. 

പിന്നെ എല്ലാ ദിവസവും അവള്‍ സ്ചൂളിലേക്ക് സ്വന്തമായി സൈക്കിള്‍ ഓടിച്ചു പോയി തുടങ്ങുന്ന കാലം വരെ സ്ചൂളില്‍ കൊണ്ട് വിടുംബോള് അവളും ഞാന്‍ പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിച്ചുകൊണ്ടേ യിരുന്നു: 

"ഇന്ന് നേരത്തെ വിളിക്കാന്‍ വരില്ലേ"

 

അഭിപ്രായങ്ങളൊന്നുമില്ല: