2023 നവംബർ 4, ശനിയാഴ്‌ച

Santragachi 1

 

"একটি সংত্রাগাছি ভরা বই"

(Eki śôntrogāchhi bhôra boi)

ഒരു പുസ്തകം നിറയെ സന്ത്രഗച്ചി

 

 

പഴയ കല്‍കത്ത ഒരു ഒന്നൊന്നര കല്‍കത്ത ഒക്കെയായിരുന്നെങ്കിലും സന്ദീപിന്റെ കുഞ്ഞിക്കാല്‍ കൂത്തുമ്പോ ള്‍ അതൊരു ജീര്‍ണിച്ചു തുടങ്ങിയ വിക്ടോറിയന്‍ കെട്ടിടങ്ങളുടെ ശവപ്പറമ്പു മാത്രമായി മാറിയിരുന്നു. 1976 ലെ ബ്ലാക്‍ ആന്‍ഡ് വൈറ്റ് ഓര്‍മകളില്‍ അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

ബെല്‍ ബോട്ടം കാല്‍സറായിയും കൂളിങ് ഗ്ലാസ്സും ഹിപ്പി മുടിയും  വി ഐ പി സ്യൂട്കേസുമായി  യുവാക്കള്‍  നടക്കുന്ന എഴുപതുകളില്‍ ഇവയൊന്നും ഇല്ലാതെ ആയിരുന്നു കല്‍ക്കത്തയിലേക്കുള്ള അയാളുടെ  എണ്ട്രി. വൃദ്ധനായ ഒരു വേലായുധന്‍, വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന അയാളുടെ  ഭാര്യ  മാധവി, ആറു മാസം തികഞ്ഞിട്ടില്ലാത്ത പ്രിയ  എന്നപേരക്കുട്ടി, സന്ദീപ് എന്ന അഞ്ചു വയസ്സുകാരനും കൂടി ഹൌറ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുംബോള് മൂന്നു ട്രങ്ക് പെട്ടികളിലുമായി പ്രിയയുടെ അപ്പി തുടക്കാത്ത തുണി ഒന്നും തന്നെ ബാക്കി ഇല്ലായിരുന്നു. സന്ദീപ്‌ ആണെങ്കില്‍ തൃശൂരില്‍ നിന്നും പൊരുന്നതിനും രണ്ടു ദിവസം മുന്പ് മുതലേ അപ്പിയെ ഇട്ടിട്ടില്ലായിരുന്നു എന്നാണ് കേള്‍വി. കല്‍ക്കരി വണ്ടിയില്‍ കുളിക്കാതെയിരുന്നതിന്‍റെ കരിഫലനം വായക്കും മൂക്കിനും ചുറ്റും ഒഴിച്ച് ബാക്കി എല്ലായിടത്തും ഉണ്ടായിരുന്നിരിക്കണം.  പണ്ട് ദീര്‍ഘ ദൂര തീവണ്ടികളില്‍ ഒരു പതിവ് ആയിരുന്നല്ലോ വെള്ളം കിട്ടായ്ക. ആന്ധ്രയൊക്കെ കടന്നതിന് ശേഷമാണ് മണ്ണിന്റെ ഗ്ലാസ്സില്‍ (എന്തൊരു പ്രയോഗം! അല്ലെ!) ചായ ലഭ്യമായത് എന്ന ഒരു നേര്‍ത്ത ഓര്മയുണ്ട്. കല്‍ക്കത്ത എത്തിയതോടെ അമ്മയും വല്യമേമയും  സ്റ്റേഷനില്‍ കണ്ടതും അവരെ  കരിരംബണം ചെയ്തു  പൊട്ടിക്കരഞ്ഞു. സന്ദീപിന് അവരെ കണ്ടപ്പോഴും കരച്ചില്‍ ത്തന്നെയാണ് വന്നത്. അച്ഛന്‍ കരഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാണ് അയാള്‍  അന്ന് ഇഷ്ടപ്പെട്ടിരുന്നത്. അച്ചനും അമ്മയും വല്ല്യ മേമയും മൂന്നു മാസം മുന്നേ അവിടെ എത്തിയിരുന്നു. അമ്മയും മേമയും സെന്‍ട്രല്‍ പി ഡബ്ലിയു ഡിയില്‍ ഉദ്യോഗസ്ഥരായി ജോലിയില്‍ പ്രവേശിച്ചത് അവിടെയാണ്. ആദ്യം അവര്‍ മാത്രമാണ് വന്നത്; കുട്ടികളെയും അച്ഛന്‍ അമ്മ മാരെയും   കൂട്ടിയിരുന്നില്ല. വാടക വീട് കിട്ടിയത്തിനു ശേഷം മറ്റുള്ളവര്‍ അവിടെ എത്തുകയായിരുന്നു. ഹൌറ യുടെ വന്‍ തിരക്കില്‍ നിന്നും മറ്റൊരു പ്ലാറ്റ്ഫോര്‍മില്‍ തിരക്ക് കുറഞ്ഞ തീവണ്ടിയിലാണ് പിന്നീട് സഞ്ചരിച്ചത്. അങ്ങനെ എത്തിയതാണ് സത്രഗച്ചിയില്‍.

 

     സത്രഗച്ചി നൂറു റെയില്‍ പാളങ്ങള്‍ എങ്കിലും ഉള്ള ഒരു വലിയ റയില്‍വേ ജംക്ഷന്‍ ആണ്. ഷാലിമാറിലേക്ക് പോകുന്ന തീവണ്ടികള്‍  കുറെ ദൂരത്തേക്ക് കായല്‍ തീരത്തുകൂടെ പോകുന്നത് കാണാന്‍ നല്ല രസമുള്ള കാഴ്ചയാണ്. സത്രഗച്ചി റെയില്‍വേ സ്റ്റേഷന്‍ ഫ്ലൈ ഓവര്‍ കടന്നു വരുന്നത് തന്നെ വഴിയോര കച്ചവടക്കാരുടെ ഇടയിലേക്കാണ്. അവിടെനിന്നും കുറെ ദൂരമുണ്ട് താമസ സ്ഥലത്തേക്ക്. അതുകൊണ്ട് രണ്ട്   റിക്ഷകളാണ്  സവാരിക്കായി വേണ്ടിയിരുന്നത്. കായലിന് കുറുകെ ഷാലിമാറിലേക്കുള്ള റെയില്‍ പാളത്തിന്  സമാന്തരമായി പുതിയ വഴി ഉണ്ടാക്കിയിരുന്നതിലൂടെ ഉള്ള   ആദ്യ യാത്ര സന്ദീപിന്  ഇഷ്ടപ്പെട്ടു. പക്ഷേ നമ്മുടെ നാട്ടില്‍ കാളകളെ കെട്ടിയിട്ടു ഓടിക്കുന്ന കാളവണ്ടി പോലുള്ള വണ്ടികളില്‍ ഇവിടെ മനുഷ്യരാണ് വലിക്കുന്നതെന്ന കാര്യം അയാളെ തെല്ലു വേദനിപ്പിച്ചു. കുളവാഴകള്‍ വളര്‍ന്ന് മൂടിയ കായലിന്‍റെ നടുവിലൂടെ, മണ്ണിട്ട നാട്ടു വഴികളിലൂടെ ഉള്ള യാത്ര അയാള്‍  ഇപ്പോഴും മറന്നിട്ടില്ല. കായല്‍ കടന്നാല്‍ എത്തുന്ന കരയില്‍  വലിയ വിസ്താരവും ചരിവുമുള്ള സ്ഥലത്തു വളര്‍ത്തുന്ന കറവ മാടുകളാണ്.  മാവുകളും മഹാഗണികളും നിറഞ്ഞ ആ വലിയ പറമ്പില്‍ അങ്ങിങ്ങായി തൊഴുത്തുകള്‍ ഉണ്ടായിരുന്നുവെങ്കിലും എരുമകളെയെല്ല്ലാം ഓരോ മരങ്ങളിലാണ് കെട്ടിയിട്ടിരുന്നത്. ചാണത്തിന്റെയും മൂത്രത്തിന്റെയും നനഞ്ഞ വൈക്കോലിന്റെയും മണം .... കേരളത്തിന്റെതില്‍ നിന്നും ആകെ മാറ്റം ഉണ്ടായിരുന്നത് തീറ്റയുടെ ഗന്ധത്തില്‍ മാത്രമായിരുന്നു. ആട്ടിയ പരുത്തിക്കുരുവിന്റെ മണമല്ല കലക്കട്ടയിലെ ഫാമിലെ മണം.

പിന്നെ ഇരു വശവും മരങ്ങള്‍ നിറഞ്ഞ വഴിയിലൂടെ മുന്നോട്ടു പോയപ്പോള്‍ മാത്രമാണ് വലിയ ഗെയ്റ്റ് ഉള്ള രണ്ടു നില കെട്ടിടങ്ങള്‍ കാണാനായത്. ഈ ഫാമില്‍ നിന്നും കുറെ കൂടി ദൂരെ ഒരു വലിയ ഫുട്ബോള്‍ ഗ്രൌണ്ടിനു അടുത്തുള്ള കെട്ടിടങ്ങള്‍. ഏതോ ജന്മിമാരുടെ വീടുകള്‍ ആയിരുന്നു അത്. ചന്ദന നിറമുള്ള ആ വലിയ കെട്ടിടങ്ങള്‍ക്കു അനുരൂപമല്ലാത്ത ചെറിയ ജനലുകള്‍ ഒരിക്കല്‍ പോലും തുറന്നതായി പിന്നീടും സന്ദീപ്‌ പിന്നീടും കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ജനല്‍ തുറന്നിരുന്നെങ്കില്‍ ആ പാട്ടുകള്‍ പാടുന്ന ആളെയോ വാദ്യോപകരണങ്ങള്‍ വായിക്കുന്ന ആളുകളെയോ ഒന്നു കാണാമായിരുന്നു എന്നയാള്‍ക്ക് തോന്നുമാ യിരു ന്നു.  എന്നും ഉച്ചക്ക് ശേഷം അവിടെ നിന്നും കേട്ടിരുന്ന പാട്ടുകള്‍ രബീന്ദ്ര സംഗീത മായിരുന്നെന്ന് വളരെ പിന്നീട്  അമ്മ പറഞ്ഞു കൊടുത്തപ്പോഴേക്കും അയാള്‍  ബംഗാളില്‍ നിന്നും മദ്രാസിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു.

   ആ കെട്ടിടങ്ങളും കടന്നു ഒരു ഗ്രൌണ്ടിന് കുറുകേയുള്ള വഴിയില്‍ കൂടി ചെല്ലുമ്പോള്‍ ഒരു കുളമുണ്ട്. വേനലില്‍ വറ്റാറുള്ള കളത്തില്‍ ചളി ഒഴുകി വന്നു നിറഞ്ഞ് ആഴം നന്നേ കുറഞ്ഞിട്ടുള്ളതാണ്. അവര്‍  താമസിക്കാന്‍ തുടങ്ങിയ വീടിന്റെ മൂന്നു ജനലും ഈ കുളത്തിലേക്ക്  തുറക്കുന്നതാണ്. ഈ വീട്ടിലേക്കുള്ള വഴിക്ക്  അപ്പുറത്ത് ചണച്ചാക്കുകള്‍ തുന്നി കൂട്ടിയ മറയുടെ പുറകില്‍ ഒരു ഷെഡ്‌ ഉണ്ട്, അതില്‍ എന്തോ ഉണ്ടെന്ന് അയാള്‍ക്ക് ആ  യാത്രയില്‍ തന്നെ തോന്നിയിരുന്നു. 

   അത് സന്ദീപിനെ  സ്വാധീനിച്ചത് പോലെ ഇത്ര അഗാധമായി മറ്റെന്തെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം അയാള്‍ക്ക്  കുറെ നാള്‍  കൌതുകമായോരു അത്ഭുതമായിരുന്നു.

തുടരും.......

അഭിപ്രായങ്ങളൊന്നുമില്ല: