2023 ജൂൺ 26, തിങ്കളാഴ്‌ച

ഇന്ത്യന്‍ പാസ്പ്പോര്‍ട്ടിന്‍റെ ഒരു സുഗന്ധം

 താജ്മഹല്‍ കണ്ട എന്റെ കുറിപ്പു കണ്ട നിങ്ങള്‍ സമിശ്രമായി പ്രതികരിച്ചല്ലോ. നന്ദി.

 അരയന്നത്തെ  പിടിച്ച് ട്രോളിയതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്ന കാര്യം, ഈ വകകാര്യങ്ങളൊക്കെ അത്രക്കങ്ങോട്ട് ശ്രദ്ധിക്കണമെന്നുണ്ടോ ജീവിക്കാന്‍ എന്നൊക്കെയുള്ള തോന്നലുകളാണ് ചിലര്‍ക്കെങ്കിലും വന്നിട്ടുണ്ടാവുക എന്നാണ്.  വേണമെന്നില്ല. പക്ഷേ ഈ ലോകത്തിന്‍റെ മഹത്വം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമാണു. ചിലര്‍ക്ക് ജന്മസിദ്ധമായി തന്നെ സൂക്ഷ്മ നിരീക്ഷണ പാടവമാണ് ഉള്ളത്. ജോസ് സാര്‍ ഒക്കെ അത്തരത്തില്‍  പെട്ട ഒരാളാണ്. ഓരോ കാര്യത്തിലും അവര്‍ നിരീക്ഷിച്ചു കൊണ്ടും പഠിച്ചു കൊണ്ടും അത് കൊണ്ടുള്ള മെച്ചപ്പെട്ട ജീവിതം നയിച്ചു കൊണ്ട് ഇരിക്കും.

 എന്നെ കണ്ടാല്‍ അങ്ങനെ തോന്നിയാലും തോന്നിയില്ലെങ്കിലും ഞാന്‍ അത്തരം ഒരു സൂക്ഷ്മ നിരീക്ഷകനോ ചെയ്യുന്ന കാര്യത്തില്‍ ഊളയിട്ടു പോകുന്ന ഊളയോ ഒന്നുമല്ല; (വിനയം ഒരു സ്പൂണ്‍) ചില ജൂനിയര്‍ ആയിട്ടുള്ള സൂപ്രണ്ടുമാര്‍ പലപ്പോഴും എന്റെ ഡ്രാഫ്റ്റുകളില്‍ ഒന്നു രണ്ടു തിരുത്തുകള്‍ വരുത്തി വയ്യാണ്ട് എനിക്കു തന്നെ തിരിച്ചു തിരുത്താന്‍ തരുന്നവരാണ്. ചിലര്‍ എന്നെ വിശ്വസിക്കുന്നത് കൊണ്ട് നാലഞ്ചു കൊല്ലം കഴിഞ്ഞേ   എന്റെ അടുത്തേക്ക് ഫയല്‍ തിരിച്ച് അയക്കാറുള്ളൂ. ഞാന്‍ എവിടെയായിരുന്നാലും. ചെറുപ്പത്തില്‍ അശ്രദ്ധ പാടില്ല എന്നാണോ വലുതാവുമ്പോള്‍ ഈ അശ്രദ്ധയോന്നും പാടില്ല എന്നതാണോ ശരി എന്നു അറിയില്ലഇത് വരെ എനിക്കാ ശ്രദ്ധ കൈവന്നിട്ടില്ല ...

 പക്ഷേ ഞാന്‍ പറയാന്‍ പോകുന്നത് നടന്നിട്ടുള്ളത് എന്‍റെ ടീനാന്ത്യത്തില്‍ ആണ്. പതിനെട്ടു തികയാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൌമാരക്കാര്‍ ഡ്രൈവിങ് ലൈസെന്‍സ് എടുക്കാനുള്ള തിടുക്കം കാണിക്കുന്നത്ര ഇല്ലെങ്കിലും പാസ്പ്പോര്‍ട്ട് എടുക്കാനുള്ള തിടുക്കം എന്‍റെ കുട്ടിക്കാലത്തുണ്ടായിരുന്നു. സര്‍ക്കാരുകള്‍ക്ക് എലാവരെയും ഉദ്യോഗസ്ഥരാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവു കൊണ്ട്, സ്വകാര്യ എം എന്‍ സികള്‍ വന്‍ തുകകള്‍ ശംബളം നല്കാന്‍ ഇല്ലാത്തത്തിനാലും സര്‍വോപരി ചുറ്റും ദാരിദ്ര്യം കാഴ്ചയെ മരവിപ്പിക്കുന്നതിനാലും വിദേശത്തു പോകുന്നതും അതിനായി പാസ്പ്പോര്‍ട്ട് എടുക്കുന്നതും ആചാരമായി മാറിയിരുന്നു. വല്യ താല്‍പര്യം ഇല്ലെങ്കിലും  ഞാനും അപേക്ഷിച്ചു  ഒരെണ്ണം.

 അന്നൊന്നും ഇപ്പോഴത്തെ പോലെ അഞ്ചു ദിവസങ്ങള്‍ക്കുളില്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന ഏര്‍പ്പാടേ ഇല്ലായിരുന്നു. കുറെ കാലം കഴിഞ്ഞു പോലീസ് അന്വേഷണം വന്നപ്പോള്‍ ആണ് വീണ്ടും പാസ്പോര്‍ട്ടിന്‍റെ ഓര്‍മയും അത് എത്രയും വേഗം കിട്ടാനുള്ള കൊതിയും തിരിച്ചു വന്നത്. കലാലയങ്ങളില്‍ തൊഴിലില്ലായ്മയ്ക്കു  എതിരെ സമരം ചെയ്യുന്തോറും  പാസ്സ്പോര്‍ട്ട് വന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങി. എവിടെ അന്വേഷിക്കാന്‍ ? പിറ്റേ ദിവസത്തെ പോസ്റ്റര്‍ എഴുതി കഴിഞ്ഞാല്‍ പിന്നെ ഇതന്നെ വിചാരം. അന്വേഷണവും അത്ര മാത്രം.

ഇടയിലൊരു ദിവസം ഒരു കൊള്ളിയാനില്‍ ഒരു തോന്നല്‍ ഉണ്ടായി -- ഇനിയിപ്പോ പൂരിപ്പിച്ചതിലെ പിശക് കൊണ്ടായിരിക്കുമോ ടിയാന്‍ ഇങ്ങ് എത്താത്തത് ? അപ്പോഴാണ് ഞാന്‍ ഒരു ശ്രദ്ധക്കുറവ് വരുത്തിയോ എന്ന ഒരു  ശങ്ക ശക്തമായത് .  

പേര്: സുധീര്‍ കുമാര്‍ വി. ബി,

അച്ഛന്‍: വി എ ബാലന്‍,

അഡ്രസ്സ്: വടക്കെകര ഹൌസ് ആനന്ദപുരം തൃശൂര്‍ 680323.

 ജാതിയുടെ സ്ഥാനത്ത് വിശ്വകര്‍മള എന്നാണ് എന്‍റെ എസ് എസ് എല്‍ സി ബുക്കില്‍ മറ്റ് പല വിശ്വകര്‍മ കാര്‍ക്കും വിശ്വകര്‍മ എന്നു മാത്രമായിരുന്നു.  മറ്റ്  ഹിന്ദു കുട്ടികളൊക്കെ  മതത്തിന് നേരെ  ഹിന്ദു എന്നാണ് രേഖപ്പെടുത്തിയിരുന്നത്  എന്നാല്‍ എന്‍റെ മതത്തിന് നേരെ ഹിന്ദുയിസം എന്നാണ് രേഖപ്പെടുത്തിയിരുന്നത് .

 നേരത്തെ പറഞ്ഞപോലെ ശ്രദ്ധ ക്കുറവ് കാരണം  ഞാന്‍ എന്താണ് എഴുതിയതെന്ന് എനിക്കു ഒരു ഓര്‍മ്മയുമുണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാല്‍ എന്‍റെ പാസ്പോര്‍ട്ട് നിരസിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ ഏകദേശം ഉറപ്പിച്ചു. അഥവാ സര്‍ട്ടിഫിക്കറ്റിലല്ലാത്ത ജാതിയും മതവും അച്ചടിച്ചു വന്നാലും ജോലി സ്വാഹാ!

 പോളിടെക്നിക് സമരകാലത്ത് ഓരോ മുദ്രാവാക്യം വിളിക്കുമ്പോഴും പാസ്പോര്‍ട്ട് വന്നില്ലെന്ന കാര്യം മറക്കുമെങ്കിലും തൊഴിലില്ലായ്മയെ പറ്റി പ്രസംഗങ്ങള്‍  കേള്‍ക്കുമ്പോള്‍  അത് വീണ്ടും ഓര്മ്മ വരും. പോളി സമരം മുറുകകയായിരുന്നു.

ആ ഓര്മ്മ മങ്ങി മങ്ങി വന്ന ഏതോ ഒരു ക്ഷീണിച്ച സായാഹ്നത്തില്‍ വീടെത്തിയപ്പോള്‍ അച്ഛമ്മ എന്നെ പോസ്റ്റോഫീസിലേക്ക് ഓടിച്ചു വിട്ടു. ഏതോ റജിസ്റ്റേഡ് കത്ത് വന്നിട്ടുണ്ടെന്നും പറഞ്ഞ്.

ഞാന്‍ ഉറപ്പിച്ചു ... പ്രിന്‍സിപ്പല്‍  പ്രതികാര നടപടികള്‍ തുടങ്ങി.. മെമ്മോ ആയിരിയ്ക്കും ... പോര്‍ട്ടിക്കോയിലെ നോട്ടീസ് ബോര്‍ഡുകള്‍ തകര്‍ത്തത്തിന് നഷ്ടപരിഹാരം നാല്‍കേണ്ടി വരുമെന്നു മുന്പ്  അറിയിച്ചിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞു എത്തുന്നതിന് മുന്പെ അത് വാങ്ങി കത്തിച്ചു കളയണം .. അന്നത്തെ ക്രിക്കറ്റ് കളി വേണ്ടെന്ന് വെച്ചു റാലീ സൈക്കിള്‍ നേരെ പോസ്റ്റോഫീസിലേക്ക് വിട്ടു.

 പോസ്റ്റ് മാസ്റ്ററുടെ പേരും ബാലന്‍ മാഷ് എന്നായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ പേര് സുധീര്‍ എന്നും .. ആ ഒരു ബന്ധം കൊണ്ട് ഞങ്ങള്‍ കൂടുതല്‍ പരസ്പര ബഹുമാനമുള്ള ആളുകളായിരുന്നത് കൊണ്ടുള്ളതല്ലാത്തൊരു വല്ലാത്ത ചിരി എന്‍റെ ചങ്കിലേക്ക് നേരെ തൊടുത്തു കൊണ്ട് അദ്ദേഹം പോസ്റ്റോഫീസ് അടക്കാന്‍ ആഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.

 ന്ത്യെ ഡാ സുധ്യേ ഇത്ര പെട്ടെന്നു നാടു വിടാന്‍ പൂവാണോ ?

 ഓ .. അപ്പോ പാസ്പ്പോര്‍ട്ടാണ് ..ഞാന്‍ കവറു കൈപ്പറ്റിയതും കവറു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. ആകാശനീല നിറവും നല്ല കടല്ലാസ്സും. ഒന്നാം തരം നേവി ബ്ലൂ പ്ലാസ്റ്റിക് കോട്ട് ചട്ടയും അടിപൊളി സുഗന്ധവും ഒരു ചുന്ദരന്‍ ചെക്കന്‍റെ ബ്ലാക്ക് & വൈറ്റ് ഫോട്ടോയും.... പക്ഷേ ഞാന്‍ പേജുകള്‍ തിടുക്കത്തില്‍  മറിച്ച് തീരഞ്ഞുകൊണ്ടിരുന്നത്  എന്‍റെ ജാതിയും മതവും തെറ്റിയാണോ ശരിയായാണോ രേഖപ്പെടുത്തിയത് എന്നറിയാന്‍  വേണ്ടിയായിരുന്നു.

 എന്നെ സ്ഥബ്ദനാക്കിയതും അതായിരുന്നു. ... അങ്ങനെയൊരു കോളമേ അതിലുണ്ടായിരുന്നില്ല.! എനിക്കു ആ കണ്ടെത്തല്‍ കൊണ്ടുണ്ടായ രോമാഞ്ചം ഇപ്പൊഴും അനുഭവിച്ചു മതിയായിട്ടില്ല! എന്‍റെ ജ്ന്‍മ നാടിന് അതിന്റെ ഒരു പൌരനെ തിരിച്ചറിയാന്‍ ഒരു ജാതിയുടെയും മതത്തിന്റെയും മേല്‍വിലാസം ആവശ്യമില്ലെന്ന്  ഉറക്കെ പ്രഖ്യാപിക്കുന്ന ആ ഒരു കാര്യം കൊണ്ട് തന്നെ എന്‍റെ പാസ്പ്പോര്‍ട് വിശ്വം മുഴുവനും സൌരഭ്യം പടര്‍ത്തുമെന്ന് ഞാന്‍ അഭിമാനം കൊണ്ടുപോന്നു. എന്‍റെ നാടിന്‍റെ ശില്‍പ്പികള്‍ക്ക് എത്ര ഉയര്‍ന്ന മാനവിക വീക്ഷണമാണ്!

  വര്‍ത്തമാനകാലം അക്കാര്യം എന്നെ വേദനയോടെ ഓര്‍മ്മപ്പെടുത്തി അലോസരമുണ്ടാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: