2024 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

Santhragachi 11 ചാമ്പക്കകൾ, തോട്ടികള്‍

കഥ ഇതു വരെ______
കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള രണ്ടു സഹോദരിമാര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ ഒരേ ജോലി കിട്ടി കല്‍ക്കത്തയില്‍ നിയമിതരായി. മൂത്തയാളുടെ ഭര്‍ത്താവും ഇവര്‍ രണ്ടു പേരും ആദ്യം കല്‍ക്കത്തയില്‍ എത്തി വാടക വീട്  കണ്ടെത്തി  മൂന്ന് മാസം തികയുമ്പോള്‍ മാത്രമാണ് ആറു മാസം പ്രായമായ പെണ്കുഞ്ഞിനെയും അഞ്ചു വയസ്സുകാരന്‍ സന്ദീപിനെയും കൊണ്ട് മുത്തശ്ശിയും മുത്തശ്ശനും കല്‍ക്കത്തയിലേക്ക് ചെന്നത്. പിന്നീട്  സന്ത്രഗച്ചിയിലെ  സ്കൂളില്‍ ചേര്‍ന്നു ആ ദേശവും ഭാഷയും അവിടത്തെ ദുര്‍ഗാ പൂജയും കണ്ടു, പൊടിയും മഞ്ഞും മൂലം സന്ദീപിന് പനി പിടിച്ചു, അതിനിടയില്‍ ലോക്കി, പിങ്കു എന്നീ കൊട്ടുകാരെ കിട്ടി ..... തുടര്‍ന്ന് വായിക്കുക. 
____________________________________________

കുറിപ്പ് 11


 ചാമ്പക്കകൾ, തോട്ടികള്‍



     വലിയ വെള്ലാരംകുന്നു പോലുള്ള ഒരു വലിയ മലയുടെ മൂല, പിക്കാസും കടപ്പാരയും കൊണ്ട് മുഖം വ്യക്തമല്ലാത്ത കുറെ പേര്‍ പൊളിക്കുന്ന സ്വപ്നം കണ്ടാണ്‌ സന്ദീപ്‌ ഉണര്‍ന്നത്. പൊളിഞ്ഞു വീഴുന്ന കഷണങ്ങള്‍ കുറെ പേര്‍ ചാക്കിലാക്കുന്നു ണ്ടായിരുന്നു. ചിലര്‍ അതിലെ ചെറിയ കഷണങ്ങള്‍ വായിലിടുന്നുണ്ടായിരുന്നു. കല്‍ക്കണ്ടം. 
    ഉണര്‍ന്നപ്പോള്‍ ചുവന്നുള്ളിയും എന്തോ പച്ചമരുന്നിന്റെ പൊടിയും കല്‍കണ്ടവും ചേര്‍ത്ത് നല്ല രുചിയും എരിവുമുള്ള മരുന്നു കഴിക്കാന്‍ കിട്ടിയിരുന്നു. അപ്പോള്‍ ഒരു വലിയ കഷണം കലക്കണ്ടവും അമ്മ കയ്യില്‍ വെച്ച് കൊടുത്തു. ചില അസുഖങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്ന് സന്ദീപിന് തോന്നി. കുറെ കരുതലും തലോടലും എല്ലാവരില്‍ നിന്നും ലഭിക്കും. എല്ലാറ്റിലും ഉപരി അമ്മ ലീവ് ആയിരിക്കുകയും ചെയ്യും.  
       ഇടവിട്ടുള്ള രണ്ടു മൂന്ന്‍ പകലുറക്കങ്ങള്‍ കഴിഞ്ഞതോടു കൂടി  സന്ദീപ്‌ ഒറ്റ ദിവസം കൊണ്ട് തന്നെ പഴയ ഉഷാറിലേക്ക് തിരിച്ചെത്തി. കൊട്ടും മേളവും മൈതാനത്തില്‍ പനി പോലെ തന്നെ ഇടയ്ക്ക് ഉയര്‍ന്നും ഇടയ്ക്ക് താഴ്ന്നും കേട്ടു കൊണ്ടിരുന്നു. മൈതാനത്തേക്കുള്ള പോക്ക് വരവ് ഇല്ലാതായതുകൊണ്ട് ടെറസ്സിലേക്കു ള്ള പോക്ക് കൂടുതല്‍ ആയി, ലോക്കിയും പിന്കുവും ചില നേരങ്ങളില്‍ രമാലുവും ടെറസില്‍ ഉണ്ടാകും. ചാമ്പ മരത്തിന്റെ  പഴുത്ത കായകള്‍ പാരപ്പറ്റില്‍ ചാരിനിന്നു എത്തി ച്ച് പറിച്ചു തരാറുള്ളത് രമാലുവാണ്. അങ്ങനെയൊരു ദിവസമാണ് അസഹ്യമായൊരു മണം അനുഭവപ്പെട്ടത്. അപ്പോള്‍ രമാലൂ ചമ്പക്ക പറിക്കുകയായിരുന്നു.  
ടെറസ്സിലേക്കുള്ള കോണി കയറി വരുന്നത് മതിലിനോട് ചേര്‍ന്നാണ്. മതിലിനു ഒരു നില കെട്ടിടത്തിന്റെ അത്രയും ഉയരമുണ്ട്. മറ്റൊരു കെട്ടിടം അപ്പുരത്തുണ്ട് എന്ന് തോന്നിക്കുന്ന പോലെയുണ്ടാകും. എന്നാല്‍ അപ്പുറം വീതി കുറഞ്ഞ ഒരു മണ്ണ്‍  വഴിയാണ്. അങ്ങനെ ഒരു വഴി വീടിന്‍റെ മുന്‍ വശത്ത് നിന്ന് നോക്കിയാല്‍ കാണുകയെ ഇല്ല. രമാലൂ കാണാതെ സന്ദീപ്‌  ആ മതിലിന്‍റെ തുടര്‍ച്ചയായ പാരപ്പെറ്റിന്റെ മുകളിലൂടെ മണം വരുന്ന ഭാഗത്തേക്ക് എത്തി നോക്കി. ചെറിയ ഒരു കുട്ടിയും ഒരു യുവതിയും ചെറിയ കരണ്ടി പോലുള്ള ആയുധം കൊണ്ട് മതില്‍ തുരക്കുന്ന പോലെയാണ് സന്ദീപിന് തോന്നിച്ചത്.   
ഈ വിവരം രമാലൂ അക്കയോട് പറയുന്നതിന് മുന്പ്  ലോക്കിയോടു പറയാനാണ് സന്ദീപിന് തോന്നിയത്. ലോക്കിയും എത്തി നോക്കി. വല്ലാത്ത അറപ്പോടെ തിരിഞ്ഞ് ഓടി... 
“ഗന്ദി മേത്തര ലോഗ് ഹെ” ലക്കി അല്‍പ്പം ഉറക്കെ പറഞ്ഞു:  “ഉന്‍ ലോഗ് ക പാസ് ന ജാനാ. ധേഖ്നെ കോ ഭി  മനാ ഹൈ.”
ശബ്ദം കേട്ട രമാലൂ ധൃതിയില്‍ പാരപ്പെറ്റില്‍ നിന്നും ടെറസ്സിലേക്ക് ചാടിയിറങ്ങി. ചോദിച്ചു: “ക്യാ ഹോ രഹാ ഹേ” ഏമി ഡീ ?????... 
ലോക്കി പെട്ടെന്ന് മറുപടി നല്‍കി: “മേത്തര്‍ പ്രജാലു കുര്‍ക്കുന്നാരൂ . സന്ദീപ്‌ വാതിനി ചൂസിണ്ടി ” 
പകച്ചു പോയ പിങ്കു പാരപ്പെട്ടിനു അരികിലേക്ക് എത്തിനോക്കാന്‍ വേണ്ടി പോയി നിന്നു. അപ്പോള്‍ ലോക്കി അവനെ ശക്തമായി പിന്നിലേക്ക് പിടിച്ചു വലിച്ചു.  “ഗന്ധെ ലോഗ് – നീച്ചേ മത്ത് ദേഖോ ” 
രമാലൂ മെല്ലെ താഴെ ഒന്ന് എത്തിനോക്കി കഥ പറഞ്ഞു തന്നു: മുകളിലേക്ക് കയറി വരുന്ന കോണിയുടെ അരുകിലായി നാല് കക്കൂസുകള്‍ ഉണ്ട്. ഞങ്ങള്‍ വാടകക്കാര്‍ ഉപയോഗിക്കുന്ന ഈ കക്കൂസുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ താഴെ ഒരു മിനുസമുള്ള കുഴിയിലാണത്രേ വിഴുന്നത്. ആ കുഴിയില്‍ നിന്നും ഒന്നിടവിട്ട  ദിവസങ്ങളില്‍  മാലിന്യം നീക്കാന്‍ വരുന്നവര്‍ ആണത്രേ. അവര്‍ അത് ഒരു വലിയ പാത്രത്തില്‍ ആക്കി തലച്ചുമടായി  അവരുടെ ഉന്തു വണ്ടിയില്‍ കൊണ്ട് പോയി വെക്കുന്നു. എന്നിട്ട് ഗ്രാമത്തിന്റെ ഏതോ പ്രദേശത്ത് കൊണ്ട് ഹൂബ്ലി നദിയില്‍ ഒഴുക്കി കളയുന്നു. 
ഭക്ഷണം കഴിഞ്ഞു വീട്ടുടമകളുടെ  ഉച്ച മയക്കത്തിന്റെ സമയത്ത് അവര്‍ക്കാ ര്‍ക്കും ഒരു അലോസരവും വരാത്ത സമയത്താണത്രേ അവരുടെ വരവ്.  താമസക്കാര്‍ക്ക് ദുര്‍ഗന്ധം എല്ക്ക്കാതി രിക്കാനാണ് അങ്ങനെ സമയം വെച്ചിരിക്കുന്നത്. 
പിങ്കുവിന്റെ അമ്മ അവര്‍ വരുന്ന എല്ലാ  ദിവസവും ഒരു ചെറിയ മണ്‍ ചട്ടിയില്‍ ബാക്കിയായ ഭക്ഷണം മതിലിന്‍റെ ഒരു ചതുര ദ്വാരത്തില്‍ കൊണ്ട് വെച്ച് അടയാളത്തിനായി  ഒരു ശബ്ദമുണ്ടാ ക്കാറുണ്ടത്രെ. ചട്ടികള്‍ തിരികെ വാങ്ങാറില്ല. അത് അവര്‍ കൊണ്ട് പോകും. മറ്റുള്ള വീട്ടുകാരോന്നും ബെന്ഗാളികള്‍ അല്ലാത്തതിനാല്‍ അവരുടെ ഭക്ഷണം സാധാരണ കൊടുക്കാറില്ല. പിങ്കുവിന്റെ അമ്മ ഇല്ലാത്ത ദിവസം ചിലപ്പോള്‍ ആരെങ്കിലും ഓര്‍ത്താല്‍  പലഹാര ങ്ങള്‍  കടല്ലാസ്സില്‍ പോതിഞ്ഞ് വെക്കും. 
അവര്‍ക്ക് പണം എത്ര കൊടുക്കെന്നെന്നോ അത് പഞ്ചായത്താണോ കൊടുക്കുന്ന തെന്നോ രമാലുവിനും അറിയില്ലായിരുന്നു. 
വൈകീട്ട് എല്ലാ സന്ഷയങ്ങളും തീര്‍ക്കുന്ന അമ്മയ്ക്കും അവര്‍ക്ക് പൈസ കൊടുക്കുന്നുണ്ടോ എന്നാ കാര്യം അറിയില്ലായിരുന്നു. 
“ചലോ” എന്നും പറഞ്ഞു രമാലൂ കോണി ഇറങ്ങുമ്പോള്‍ സന്ദീപ്‌ ഒരിക്കല്‍ കൂടി അത്ഭുതത്തോടെ താഴേക്ക് എത്തിനോക്കി. ആ അമ്മയുടെ സ്ഥാനത്ത് തന്റെ അമ്മയെയും അടുത്ത് നില്‍ക്കുന്ന കുട്ടിയുടെ സ്ഥാനത്ത് തന്നെയും ചേര്‍ത്ത് വെച്ച് നോക്കിയപ്പോള്‍ കോണിയുടെ ഏതോ പടികളില്‍ തെറ്റി ചവുട്ടി സന്ദീപ്‌ വീണ്ടുമാ കോണിയില്‍ നിന്നും ചെറുതായി വീണു.

അഭിപ്രായങ്ങളൊന്നുമില്ല: