2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 10

 

കുറിപ്പ് 10

 

സോണാര്‍ സ്വപ്നോ

സ്വര്‍ണം കൊണ്ടുള്ള സ്വപ്‌നങ്ങള്‍

 

രാത്രി കുറേ വൈകിയും വാടകക്കാരായ ആ അയല്‍ക്കാര്‍ അവരവരുടെ വാതിലുകള്‍ അടച്ച് അകത്തിരുന്നിരുന്നില്ല. അവർ അപ്പോഴും വട്ടം കൂടി സംസാരിച്ചു കൊണ്ടിരുന്നു. ഈ ഭൂമിലെ ജീവികള്‍ക്ക് സംവദിക്കാന്‍ ഒരേ ഭാഷ തന്നെ വേണമെന്നില്ല, വാക്കുകള്‍   ഒരു അധിക പറ്റാണ്  പലപ്പോഴും. അസ്ഥാനത് പ്രയോഗിച്ചാല്‍ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോള്‍ പറയുന്നതിന് മുന്പ് ആലോചിക്കാന്‍ സമയം കിട്ടുക അല്പം വിക്കുള്ളവര്‍ക്കും ഭാഷ പച്ചവെള്ളം പോലെ അറിയാത്തവര്‍ക്കുമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ആലോചിച്ചു പറയുന്നത് തന്നെയാണ് നല്ലത്. ഒരു കൃത്രിമത്വം ഉണ്ടെങ്കില്‍ തന്നെ...

പെട്ടെന്നുള്ള പ്രതികരണമാണ് ഉള്ളറിയാന്‍ നല്ലത്, ആത്മാര്‍ഥതയുടെ അളവുകോലും.   

സംഭാഷണത്തില്‍ മുഴുകാതെ

ദൂരെ നിന്ന് നോക്കുമ്പോളാണ് അത് കൂടുതൽ വ്യക്തമാകുന്നത്:

ഒരാൾ എന്തോ ഒരു കാര്യം പറയുന്നു, എല്ലാവര്ക്കും എല്ലാ ഭാഷയും വ്യക്തമല്ലാത്തതുകൊണ്ട്  ബാക്കി എല്ലാവരും ആ പറയുന്ന ആളിലേക്ക് മാത്രം ശ്രദ്ധിക്കുന്നു, കാര്യം  പറഞ്ഞു  തീരുന്നതിനു മുൻപ് തന്നെ മറ്റുള്ളവരെല്ലാം അതിലെ ഹാസ്യം ആസ്വദിച്ചു ചിരിക്കുന്ന കാര്യം അത്ഭുതത്തോടെയാണ് അയാൾ കണ്ടത്.

സംവേദനം എന്ന പ്രക്രിയയിൽ ആത്മാർത്ഥതയ്ക്കും അടുപ്പത്തിനും കൗതുകത്തിനും ഉള്ള പങ്കൊക്കെ തന്നെയേ അനുഭവസമ്പത്തിനും വ്യാകരണത്തിനുമുള്ളൂ  എന്നയാൾക്ക്‌ അറിയില്ലായിരുന്നു. 

ആ അയൽക്കാരിലെ വൈവിധ്യങ്ങൾ പിന്നെയും കുറച്ചുകൊണ്ട് പിങ്കിവിന്റെ അമ്മ കൊണ്ടുവന്ന  ഷർബത്  ആർത്തിയോടെ രുചിച്ചു. പിന്നെയും പല മധുരങ്ങളും പല വീടുകളിൽ നിന്നായി കൊണ്ട് വന്നു പങ്കുവെച്ചു.  

സന്ദീപിന്റെ വീട്ടുകാർ ചക്കവരട്ടിയതും ചക്ക വറുത്തതുമായി വന്നു. അത് പലർക്കും   ആസ്വദിക്കാൻ സാധിച്ചില്ല , എങ്കിലും കൊണ്ടുവന്ന അത്രയും കഴിഞ്ഞു. ആദ്യം ചക്ക വറുത്തതും  പിന്നെ വരട്ടിയതും.   

 

 

കുട്ടികൾ പല കളികളും  കളിച്ചുകൊണ്ടിരുന്നു. റുമാലുകൾ അപ്പോഴും അവരുടെ കൈ വിരലുകൾക്കിടയിൽ   തലോടൽ സ്വീകരിക്കുന്ന കുഞ്ഞു പൂച്ചയെ പോലെ  പതുങ്ങി ഒതുങ്ങി ഇരുന്നു. കളിച്ചു കളിച്ചു അവർ കോവണിയുടെ പടികളിൽ ഞെരുങ്ങി  ഇരുന്നു.  കളിമൺ  കുടുക്കയിൽ  വിരലുകൾ  ഇട്ടു  വടിച്ചു നക്കി കൊണ്ട് മിസ്റ്റി ദഹി യുടെ പുളിപ്പും മധുരവും അവർ ആസ്വദിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ആ അയൽക്കൂട്ടം പിരിഞ്ഞത്. അതിനിടയിൽ സന്ദീപും പിങ്കുവും ടെറസിന്റെ മുകളിൽ ഒന്ന് എത്തി നോക്കാൻ പോയി. എന്നാൽ ലൊക്കി അവിടെ തന്നെ ഇരുന്നു കഴിച്ചു കൊണ്ടിരുന്നു.

ശകലം മഞ്ഞുള്ള രാത്രിയിൽ  മൈതാനത്തു  മാത്രം വെളിച്ചമുള്ള നേരം  മനുഷ്യരും വിവിധ സാധനങ്ങളും   ഒരു സ്വപ്നത്തിൽ എന്ന പോലെ തെളിഞ്ഞു നിൽക്കുന്ന നല്ല  കാഴ്ച കാണാനായി  സന്ദീപ് ലൊക്കിയെ  വിളിച്ചതാണ്, പക്ഷെ ; ലൊക്കി അപ്പോൾ യാത്ര പറഞ്ഞു പിരിഞ്ഞു. ലൊക്കി പോയതോടു കൂടി രണ്ടു അമ്മമാരും പിങ്കുവിനേയും സന്ദീപിനെയും യും  അവരവരുടെ വീടുകളിലേക്ക് തിരിച്ചു വിളിച്ചു.  വെള്ള ചാമ്പയുടെ നീളൻ കൊമ്പുകളിൽ മണികൾ തൂക്കിയിട്ട പോലെ മൂത്ത ചാമ്പക്കകൾ തെറിച്ചു നിന്നിരുന്നു. ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഇലകള്‍ ദൂരെ നിന്നുമുള്ള വെളിച്ചവും നിലാവെളിച്ചവും മത്സരിച്ചു പ്രതിഫലിപ്പിച്ചു കൊതിപ്പിച്ചു.

 അതിന്റെ അടുത്തേക്ക് പോകാൻ രമാലു വിനെപോലെ ഒരുത്തിയെ  കൂട്ട് പിടിക്കുന്നതായിരിക്കും നല്ലത് എന്ന്  സന്ദീപ് മനസ്സിൽ കരുതി വെച്ചു. പിങ്കുവിനോട് രാവിലെ തന്നെ ടെറസ്സില്‍ നിന്നും മൈതാനത്തേക്ക് നോക്കാം എന്നും പറഞ്ഞു പടികള്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ ഉത്സാഹം പെട്ടെന്ന് കാല്‍ അറിയാതെ തട്ടി ദഹി പാത്രം തട്ടി താഴെയിട്ടപ്പോള്‍ അവസാനിച്ചു.

മൂന്ന് പാത്രങ്ങളില്‍ ഒന്ന് ലൊക്കി തിരിച്ചു കൊടുത്തിരുന്നു. പിങ്കുവിന്റെയും സന്ദീപിന്റെയും പാത്രങ്ങളില്‍ പിന്നെയും മിസ്റ്റി ദഹി അവിടവിടെയായി ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം ലൊക്കി അത് തിരിച്ചു കൊടുത്തിരുന്നില്ല. അതില്‍ ഒന്നാണ് താഴെ വീണത്‌. സന്ദീപിന്‍റെ കുറ്റബോധം ഉരുണ്ടുരുണ്ട് കണ്ണില്‍ നിന്നും പൊട്ടി ഒഴുകി. പൊട്ടിയ പാത്രവും പൊട്ടാത്ത പാത്രവും വാരി പിടിച്ചു അവന്‍ അമ്മയുടെ അടുത്ത് പോയി സാഷ്ടാംഗം കീഴടങ്ങി. കരഞ്ഞുകൊണ്ടിരുന്നു.

 

അവനെ ആശ്വസിപ്പിക്കാന്‍ ഒരുപാട് പേര്‍ വന്നു. പക്ഷെ അവന്റെ കരച്ചില്‍ മാറിയില്ല, ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു. പിന്കുവിന്റെ അമ്മ അവനെ  ആശ്വസിപ്പിക്കാനായി ചെയ്തത് ഒരു കുട്ട നിറയെ മണ്‍ പാത്രങ്ങള്‍ കൊണ്ട് വന്നു മുന്നില്‍ വെച്ച് കൊടുത്തപ്പോഴാണ്‌. അവിടങ്ങളില്‍ മണ്‍ പാത്രങ്ങള്‍ ഒരു തവണ  ഉപയോഗിച്ചു കഴിഞ്ഞാല്‍ പൊട്ടിച്ചു കളയാനുളളതാണ്. വീടിലായത് കൊണ്ട് അത് ചിലപ്പോള്‍ കഴുകി ഉപയോഗിക്കും അത്ര തന്നെ. അതില്‍ ഒന്നുമിരിക്കുന്നില്ല . പൊട്ടിയാല്‍ പൊട്ടി ഇല്ലങ്കില്‍ ഇല്ല. ട്രെയിനില്‍ കിട്ടിയ ചായപ്പാത്രങ്ങള്‍  അച്ചാച്ചന്‍ ഏതോ കടല്ലാസില്‍ പൊതിഞ്ഞു സീറ്റിന്‍റെ ഇടയില്‍ വെച്ചതും  ട്രെയിനില്‍ നിന്നും എടുക്കാന്‍ മറന്നു പോയതും അയാള്‍ ഓര്‍ത്തു.

ചില സംഭവങ്ങളും ആളുകളും അവയോടുള്ള ബന്ധങ്ങളും ഓര്‍മകളും അത്ര മാത്രമേ കാണൂ. അത് പിന്നെ ജീവിതം മുഴുവനും പൊതിഞ്ഞു കൊണ്ട് നടക്കേണ്ട കാര്യമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒരാള്‍ക്ക്‌ മാത്രമായി ഒരിക്കലും ആവര്‍ത്തിക്കാത്ത ഉപയോഗം (one time use ) ഒരു അഹങ്കാരമാണെന്ന് പിന്നീട് അയാള്‍ക്ക് തോന്നിയിരുന്നെങ്കിലും അന്നത്തേക്ക്‌ ആ അറിവ് അവന്റെ കുറ്റബോധം ഇല്ലാതാക്കി. കരച്ചിലും അടങ്ങി. നേര്‍ത്ത്   നേര്‍ത്ത് അവന്‍റെ  സങ്കടം ഒരു താരാട്ടിന്റെ വിദൂര കേള്‍വി പോലെ അവനെ ഉറക്കത്തിലേക്ക് ആനയിച്ചു  കൊണ്ടുപോയി

 

നിലവിലുണ്ടായിരുന്ന  ജലദോഷം കൂടി; ശ്വാസം വലിക്കുമ്പോള്‍ ശബ്ദത്തിന് വ്യത്യാസം വന്നു തുടങ്ങി, ഉറക്കത്തില്‍ ഏതൊക്കെയോ കഥാപാത്രങ്ങളായി അവന്‍ മാറി മാറി സംസാരിച്ചു തുടങ്ങി. കഥകളില്‍ പറഞ്ഞ സ്ഥലങ്ങളിലൂടെ സര്‍വാഭരണ വിഭൂഷിതനായി ദുര്ഗാ ദേവിയുടെ കൂടെ സഞ്ചരിച്ചു അസുരന്മാരെ കണ്ടു, യുദ്ധം ചെയ്തു, ശത്രുക്കളെ ഉറക്കെ വെല്ലു വിളിച്ചു . കണ്ണടച്ചാല്‍ ഉടന്‍ ദേവലോകം കാണാന്‍ തുടങ്ങി. പരിചിതരായവര്‍ മിക്കവാറും ഉടുത്തിരുന്നത് തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും താമസിച്ചിരുന്നത് സ്വര്‍ണം കെട്ടിയ തൂണുകള്‍ ഉള്ള വീടുകളിലും കൊട്ടാരങ്ങളിലും. വെള്ളം ലഭിക്കാന്‍ കിണറുകളും കൈപംബുകളും ഉണ്ടായിരുന്നു. എല്ലാം പക്ഷെ സ്വര്‍ണ്ണം കെട്ടിയതായിരുന്നു.  എല്ലാവരുടെയും അരയില്‍ വാളുകളും തലയില്‍ തലപ്പാവുകളും ഉണ്ടായിരുന്നു.

 

പനിയും തുടര്‍ന്ന് വരാറുള്ള ഫിട്സും  വരുന്നതിനുള്ള മുന്നൊരുക്കം ഇത്തരം സുന്ദരമായ സ്വപ്നങ്ങളിലൂടെ അവനു മുന്‍കൂട്ടി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ പനി വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നു.

 

അമ്മമ  യുടെ മുഖവും സ്വര്‍ണ്ണ കിരീടവും കൈകളില്‍ ശൂലവും മറ്റു ആയുധങ്ങളും മറ്റുമുള്ള ദേവി പറഞ്ഞു: ഫിട്സ് വരാതിരുന്നാല്‍ മാത്രം മതിയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: