2021 ജൂൺ 21, തിങ്കളാഴ്‌ച

ഒരു നാരങ്ങാ വെള്ളത്തോളം രക്തം

 A pint blood and two fresh lime


അമ്മയും പപ്പയും പരസ്പരം "കെട്ട്" ഇട്ട ദിനം എന്ന രീതിയിൽ ആയിരുന്നു ഈ ദിവസം ഇല്ലിക്കൽ തറവാട്ടിൽ അറിയപ്പെട്ടത്. പക്ഷേ 20 വർഷങ്ങൾക്ക് അപ്പുറം ആ ദിനം വേറെ ഒരു രീതിയിൽ ആണ് അറിയപ്പെടാൻ തുടങ്ങിയത്.
20 വർഷം ആയതിൻ്റെ ആഘോഷത്തിൽ സുലൈമാൻ ഇക്ക എന്ന വിശ്വ പ്രസിദ്ധനായ ഒരു പാചകക്കാരനെ വരുത്തി ദം ബിരിയാണി വെപ്പിച്ചു.  അങ്ങനെ ആ പാചകം കണ്ട് കൊണ്ട് ഇരിക്കുമ്പോഴാണ് എൻ്റെ മൊബൈലിൽ ഒരു കോൾ വന്നു. അധികമൊന്നും അങ്ങനെ കോൾ വരാത്ത എൻ്റെ ഫോണിൽ ഒരു കോൾ കേട്ടപ്പോ ഞാൻ ഓടി ചെന്ന് കോൾ എടുത്തു.

അപ്പുറത്ത് നിന്ന് പറഞ്ഞ വാക്കുകൾ എന്നെ കുറച്ച് നേരത്തേക്ക് എങ്കിലും  പേടിപ്പിച്ചു. രക്തം ദാനം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു ആയിരുന്നു കോൾ. എവിടെ നിന്നോ ധൈര്യം സംഭരിച്ച് ഞാൻ സമ്മതം മൂളി. 18 വയസ്സ് ആയതിനു ഒരു അർത്ഥം ആവട്ടെ എന്ന് കൂടി കരുതിയാണ് ഞാൻ സമ്മതം മൂളിയത്. അങ്ങനെ എന്നെ കൊണ്ട് പോകാൻ വണ്ടി വന്നു... കൂടെ വേറെ രണ്ട് രക്ത ദാതാക്കൾ കൂടി ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോ ഒരാളുടെ രക്തം മാത്രം അവർക്ക് ഊറ്റിയാൽ മതിയെന്ന് അവിടുത്തെ ഒരു സിസ്റ്റർ പറഞ്ഞു.. ഇരയെ തേടുന്ന പുലിയുടെ മുന്നിലേക്ക് ഒരാളെ ഉന്തി രക്ഷപെടുന്ന പോലെ കൂടെ വന്ന ദാതാക്കൾ എന്നെ ബലിയർപ്പിച്ച് അവർ രക്ഷപെട്ടു
സ്വയം ആശ്വസിപ്പിച്ച് ഞാൻ ആ മുറിയിലേക്ക് വലതു കാൽ വെച്ച് തന്നെ കടന്നു. ഒരു കിടക്കയിൽ എന്നെ അവർ കിടത്തി. റൂമിലേക്ക് കയറുന്നതിനു മുമ്പ് എല്ലാം "കഴിഞ്ഞതിനു" ശേഷം നാരങ്ങാവെള്ളം കിട്ടും എന്ന് പറഞ്ഞിരുന്നു. ഞാൻ എൻ്റെ ശ്രദ്ധ മുഴുവൻ അതിലേക്ക് തിരിച്ച് ഭയം മാറ്റാൻ ശ്രമിച്ചു. സിസ്റ്റർ വന്നു, അവരുടെ പാത്രത്തിൽ നിന്നും ഒരു കവർ എടുത്തു സിറിഞ്ച് എടുത്തു... അത് കണ്ടതും എൻ്റെ പകുതി ഗ്യാസ് പോയി. ആദ്യം ആയിട്ടാണ് ഞാൻ അത്രയും വലിയ സിറിഞ്ച് കാണുന്നത്. പൊതുവേ യുക്തി വാദി ആയ ഞാൻ ആ സമയം ആ മുറിയിൽ വെച്ചിരുന്ന ഭക്തി ഗാനത്തിൻ്റെ സഹായത്തോടെ ധൈര്യം സംഘടിപ്പിച്ചു. എൻ്റെ മുഖത്തെ ആ വ്യത്യസ്തം ആയ ഭാവം കണ്ട് അതുവരെ ചിരി എന്ന വസ്തു പ്രകടിപ്പിക്കാത്ത ആ സിസ്റ്റർ ചിരിച്ചു... എങ്കിലും അത്രയും വലിയ സിറിഞ്ച് എൻ്റെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നതിന്റെ ഭയം എന്നെ വേട്ടയാടാതിരുന്നില്ല. 

ചിരി മറന്ന എൻ്റെ മുഖത്തിനെ പരിഹസിക്കും വിധം സിസ്റ്റർ ചിരിക്കുന്ന മുഖം ഉള്ള ഒരു ബോൾ അമർത്താൻ (രക്തയോട്ടം കൂട്ടാൻ) എനിക്ക് തന്നു. രക്തം ശേഖരിച്ച ആ സഞ്ചി ഞാൻ ഒരു വട്ടം മാത്രമേ  നോക്കിയുള്ളു. ഒരു 10-15 മിനിറ്റിന് ശേഷം ആ സിറിഞ്ച് എൻ്റെ ശരീരത്തിൽ നിന്നും എടുത്തു... ആ നാരങ്ങ വെള്ളത്തിനായി എൻ്റെ ഹൃദയം വെമ്പൽ കൊണ്ടു. വൈകാതെ എനിക്ക് അവർ അത് കൊണ്ട് വന്നു തന്നു... അതും മോന്തി ഞാൻ ഹിമാലയം കീഴടക്കിയ ഒരു വ്യക്തിയെ പോലെ പുറത്തേക്ക് ഇറങ്ങി.
 
Morning Lemon & Mint Detox Water

അഭിമാനപൂർവമായ ഒരുനിമിഷം ആയിരുന്നു അത്..18 വയസ്സ് ആയതിന് ഒരു അർത്ഥം വന്ന ദിനം. എൻ്റെ ജീവിതത്തിൻ്റെ പുസ്തക താളുകളിൽ ഇതൊരു സുവർണ അധ്യായം തന്നെ ആയിരിക്കും. അടുത്ത രക്ത ദാന അവസരത്തിന് ഞാൻ ഇപ്പൊൾ കാത്ത് ഇരിക്കുകയാണ്.. എന്തിനാണെന്നോ......
ആ നാരങ്ങ വെള്ളം കുടിക്കാൻ!
 
          --- ആഷിലിന്റെ ഓര്‍മക്കഥ 1
Ashil joseph 21/01/2001

അഭിപ്രായങ്ങളൊന്നുമില്ല: