കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 4
ആഷില്‍ ജോസഫ്
ഇത് ഒരു 4 വർഷം മുൻപെങ്കിലും നടന്ന സംഭവമാണ്. പത്താം ക്ലാസ് കഴിഞ്ഞ് കുട്ടികൾക്ക് എന്തെങ്കിലും പ്രോത്സാഹന സമ്മാനം കൊടുക്കുന്ന രീതി മാതാപിതാക്കൾ കൊണ്ടാടുന്നുണ്ട്. എനിക്കും കിട്ടി ഒരു സമ്മാനം. എൻ്റെ ഹൃദയത്തെ കീഴടക്കിയ ആ ദിവ്യ പ്രണയിനി. എൻ്റെ "ക്യാമറ". അത് എനിക്ക് വാങ്ങി തന്നതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്.
എൻ്റെ അപ്പൻ ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ ദിനത്തിലെ താളങ്ങൾ ഒപ്പിയെടുക്കാൻ എൻ്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും ഞാൻ ഒരു ക്യാമറ കടം വാങ്ങി. Canon 1300D ആയിരുന്നു മോഡലിൻ്റെ പേര്. ഈ അരങ്ങേറ്റത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാൻ ക്യാമറ കൊണ്ട് വന്നു. ഫോട്ടോ എടുക്കാൻ ഉള്ള കൊതികൊണ്ട് തന്നെയാണ് ഞാൻ അത് നേരത്തെ കൊണ്ട് വന്നത്. അത്യാവശ്യം മഴ ഉള്ള സമയം ആയിരുന്നു അത്. മഴ ഒന്നു ശമിച്ചപ്പോൾ നല്ല തണുപ്പൻ കാലാവസ്ഥ ഉടലെടുത്തു. ഇളം " വെയിലിൽ" കുളിക്കാൻ തക്കവണ്ണം ഒരു അണ്ണാറക്കണ്ണൻ മരക്കൊമ്പിൽ ഇരുന്ന് ശ്രീരാമൻ തലോടിയ തൻ്റെ പുറം നിവർത്തുന്ന കാഴ്ച എൻ്റെ കണ്ണിൻ്റെ ഷട്ടറിൽ പതിഞ്ഞു. ഒട്ടും തന്നെ താമസിയാതെ ഞാൻ ആ മുഹൂർത്തത്തെ ' കടം' വാങ്ങിയ ക്യാമറയിൽ പകർത്തി.
ചിത്രം പകർത്തിയതിന് ശേഷം ഞാൻ ആ സ്ക്രീനിൽ നോക്കി. സുന്ദരികളെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക തരം ആനന്ദം എനിക്ക് ആ സമയത്ത് കിട്ടി. ആ നാളുകളിൽ വീട്ടിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ " Eureka" എന്ന പുസ്തകം വരുത്താറുണ്ടായിരുന്നു. അതിൽ ഒരു ഫോട്ടോഗ്രാഫി മത്സരം കണ്ടു. അവർ പറഞ്ഞ പ്രായ പരിധിയിൽ ഞാൻ പെടിലായിരുന്നു. അവരെ പറ്റിച്ചിട്ട് ആണെങ്കിലും ഞാൻ അനിയത്തിയുടെ പേരിൽ ആ ഫോട്ടോ അയച്ചു കൊടുത്തു. അരങ്ങേറ്റം എല്ലാം കഴിഞ്ഞ് ഞാൻ ആ ക്യാമറ തിരിച്ച് കൊടുത്തു.
ഒരു മാസത്തിന് ശേഷം സ്കൂളിൽ വെച്ച് എന്നെ അനിയത്തിയുടെ ക്ലാസ്സ് ടീച്ചർ വിളിച്ചുവരുത്തി. സാധാരണ നല്ല കുട്ടി ആയ അനിയത്തി എന്താണ് ഒപ്പിച്ചത് എന്ന് കരുതി ഞാൻ ഞെട്ടി. അവിടെ എത്തിയപ്പോള്‍ ഒരു എൻവലപ്പ്. മൊബൈൽ യുഗത്തിൽ ജനിച്ച വ്യക്തി എന്ന നിലയിൽ ഒരു എൻവലപ്പ് കണ്ടപ്പോൾ ആവേശം മൂത്ത് തുറന്നു. അതിലെ വസ്തു കണ്ട് ഞാൻ ഞെട്ടി. ആയിരം രൂപ ആയിരുന്നു അതിൻ്റെ ഉള്ളിൽ. എത്ര ചിന്തിച്ചിട്ടും അനിയത്തിയുടെ പേരിൽ എന്തിനാണ് ആയിരം രൂപ വന്നത് എന്ന് എനിക്ക് മനസിലായില്ല. സംഭവം ഞാൻ അങ്ങനെ തന്നെ അമ്മയുടെ കയ്യിൽ കൊടുത്തു.
CID ദാസൻ വിജയൻ പോലെ ആ പ്രശ്നോത്തരി അമ്മ പരിഹരിച്ചു തന്നു. യൂറേക്കയിൽ നിന്നുള്ള സമ്മാനം ആണെന്ന് കേട്ടതും അഹങ്കാരത്തിൻ്റെ പട്ടം ഞാൻ അണിഞ്ഞു. വീട്ടിൽ നിന്നും ബന്ധുക്കളുടെ വീട്ടിൽ നിന്നും പ്രോത്സാഹനത്തോടെ പ്രോത്സാഹനം. പക്ഷെ എൻ്റെ അമ്മയും പപ്പയും ആണ് എനിക്ക് ഏറ്റവും നല്ല പ്രോത്സാഹനം തന്നത്. പത്താം ക്ലാസ്സിൽ 90% കൂടുതൽ വാങ്ങിയാൽ ഒരു ക്യാമറ വാങ്ങി തരുമെന്ന് എനിക്ക് അവർ വാഗ്ദാനം നൽകി. അന്ന് മുതൽ അറിവിന്ന് വേണ്ടിയല്ല ആ ക്യാമറയ്ക്ക് വേണ്ടിയാണ് ഞാൻ പഠിച്ചത്.
ഞാൻ വാക്ക് പാലിച്ചു അത് പോലെ തന്നെ എൻ്റെ പപ്പയും അമ്മയും.
അന്ന് മുതൽ ഞാൻ എൻ്റെ തെറ്റുകളിൽ നിന്ന് കുറെ പഠിച്ച് ഫോട്ടോഗ്രഫി എന്ന എൻ്റെ പാഷനെ വേട്ടയാടാൻ തുടങ്ങി. അമ്മ എപ്പോഴും പറയും എനിക്ക് മനുഷ്യരുടെ ഫോട്ടോസ് എടുക്കാൻ ഇഷ്ടം അല്ല എന്ന്. ശെരിയാണ് മുഖം മൂടി അണിയുന്ന മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാൻ എനിക്ക് വലിയ താല്പര്യം ഇല്ല. മൃഗങ്ങളും പക്ഷികളും പൂക്കളും പ്രകൃതിയുമാണ് എൻ്റെ പ്രിയപെട്ടവർ. അവരാണ് യഥാർത്ഥ വികാരങ്ങളും സൗന്ദര്യവും കൂടെ കൂട്ടുന്നുവർ.
ഞാൻ ആരോട് വേണം എങ്കിലും പ്രണയത്തിൽ ആവാം. കുറച്ച് കാലങ്ങൾക്ക് ശേഷം എൻ്റെ ഹൃദയം തകർത്തു അവൾ പോവുകയും ചെയ്യാം. പക്ഷെ എൻ്റെ കൈ വിടാതെ എൻ്റെ മാറത്ത് ചേർന്ന് നിൽക്കുന്ന ആ വസ്തു എന്നെ ഒരിക്കലും ചതിക്കില്ല എന്ന് എനിക്കും അവൾക്കും അറിയാം.
മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ അപ്പാപ്പൻ പറയുന്ന പോലെ ചോറ് വായിൽ വെച്ച് തരാൻ പറ്റും പക്ഷെ ചവച്ച് തരാൻ പറ്റില്ലല്ലോ. ഫോട്ടോഗ്രാഫി ഒരു കലയാണ്, സ്വയം പഠിക്കേണ്ട ഒരു കല.
-Ashil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ