കാലാതിവര്‍ത്തിയാകാന്‍ കഴിയാത്തവ മാത്രം പൊഴിച്ചു;
കൊഴിഞ്ഞു ചീഞ്ഞ ചിന്തകളില്‍ നിന്നും
അതിജീവനത്തിനായുള്ളതെല്ലാം വലിച്ചൂറ്റി വളര്‍ന്നു,
കലുഷ കാലത്തിന്റെ വറുത്തെടുത്ത വേനലുകളില്‍
തെറിച്ചുയര്‍ന്ന കരുത്താണു നീ.
ഹരിതത്തിലും ഹരിതയാണ്,
നിരവധി പ്രക്രിയകളിലും പ്രതിക്രിയകളിലും
മികവിന്റെ വകതിരിവാര്ന്നവള്‍.
ഉടലിന്റെ വടിവുകളുടെ മഹിമകളില്‍
പടഹമാകാത്തവള്‍.
ഹിതമെഴും ശുഭ്രതക്കായി മഹിത ദേഹത്തെ
വെടിയുവാന്‍ മടിയെഴാത്തവള്‍.
നീയാണ് നീയാണ് എന്‍ മുന്നിലെഴുതുവാന്‍
കേഴുമൊരിടയ പെങ്കുട്ടിയുടെ
ചുളിവേഴാത്തോരരുമ മനമായി
വെളുക്കെ പരന്നു കിടക്കുന്നോരേടു.
കല്ല് കലമായി മാറിയോരിടവേളയില്‍
കണ്ട കാഴ്ചകളെല്ലാമൊതുക്കി അരച്ചു
പിഴിഞ്ഞെടുത്തടുപ്പത്തു നൂറിലൊന്നായി കുറുക്കി
നീയൊളിപ്പിച്ചു നിറച്ചുതന്നൊരാ കൊച്ചു കലം
ഒട്ടു കാലിയാക്കാതെ സൂക്ഷിക്കയോ;
കനലെഴും കഥനവാരിധി
കലം കാലിയായ് ഭാരമൊഴിക്കയോ?
മധുര മധുതൂകുമി അശ്വിനത്തില്‍
മനമാകെ പൂത്തുലയും ഹേമന്തമൊരുങ്ങിയ ജഗത്തില്‍,
നാലു മുക്കുറ്റിയാല്‍ ഈയുള്ളവന്‍
വസന്തമൊരുക്കുന്നതെങ്ങനെ?
ഏട്ടിലെഴുതുവതെങ്ങനെ?







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ