എ
ഏ
ഏയ്
- അരുത് !
“ഇവിടം
ശുദ്ധശുഭ്ര
വിദ്യാനിലയം”
ഇല്ലിത്തലപ്പുണങ്ങി
മുലപ്പൊള്ളയിലൂന്നി
നില്‍പ്പാണെങ്കിലും
ഉശിരു കെടാത്ത
ഇലകളെഴുന്നു
നില്‍ക്കുമാ
“വേലിക്കിപ്പുറം
കടക്കരുതു നീ
കാട്ടാളക്കുട്ടി
ഒരടി”
ഒരടി.
ഒരടിവീണമാതിരി
ഞെട്ടിത്തറിച്ചു
കണ്ചിമ്മി നിന്നൂ ,
നെറുകയില്‍
കാട്ടു വള്ളി
ക്കുരുക്കില്‍പ്പെട്ട
കറു കറു കുറുനിരകള്‍
- വിയര്‍പ്പില്‍ നിന്നു
- മുണര്ന്നെഴുന്നേറ്റു
- കൊണ്ടു നെടുങ്ങനെ !
തരിച്ചു;
കുനിഞ്ഞിരുന്നു കരഞ്ഞു
തിരിച്ചു നടന്നേ പോയ്
കാട്ടമ്മിഞ്ഞ
തെടിയവനൊരേ
യിരുള്‍
വഴിതുരന്നു
കൊണ്ടങ്ങനെ ...
അന്നേ പഠിച്ചു
പോകേണ്ടതായിരുന്നു -
ഇലത്തലപ്പിലില്ലാ
ത്തൊരറിവില്ല
എഴുത്തോലയിലെന്നു ,
ചെരുപ്പുള്ളവന്‍
ഭൂമിയറിയുന്നില്ലെന്നു,
ഇന്ദ്രിയമറിയുന്നോരാള്‍ക്ക്
അസ്ത്രവും
ആവനാഴിയും വേണ്ടെന്നു.
മാര്ച്ചട്ടകളില്‍
തടഞ്ഞു നിര്ത്താനാകില്ല
മൃതിയുടെ താണ്ടവമെന്നു....
അങ്ങനെ നീണ്ട
പതിനെട്ടടവുകള്‍ക്കിട
യിലെപ്പോഴോ
അവനൊരവനായി .....
ഏകലവ്യന്‍
എ
ഏ
ഏക
ഏകന്‍
എകല്‍
ഏക ല
ഏക ലവ്
ഏക ലവന്‍
ഏക ലവ്യന്‍ .
മാമരത്തണലില്‍
വന്യമൃഗ ക്ഷിപ്ര
ച്ച്ചുവടുകള്‍ക്ക്
മറുപടിയായും
വന്‍ ശില്‍പ്പികളുടെ
കൈത്തഴക്കമില്ലാത്തനേകം
ആയുധങ്ങളായി
കല്ല്, മുള, വേര്,
വള്ളി, ചില്ല, കൊമ്പ്,
ചിലനേരം പുല്ലും ..
ചുഴറ്റി –
അവനൊരു
പ്രവീണനായി;
മണ്ണിന്‍റെ,
ഗുരുപ്രതിമ സാക്ഷിയായവന്‍
അവനെ തന്നെ
.കണ്ടെത്തി.
നൂറ്റാണ്ടുകള്‍ കടന്നു പോയി
കൂവളകണ്ണിതളാ
ലുഴിഞ്ഞു നോക്കി
കൊണ്ടങ്ങനെയൊരു
ഗുരു അവനെ
തേടിയെത്തി
ച്ചോദിച്ചതിങ്ങനെ :
ഗുരു: ആയോധനമുറകളറിയുമോ ?
ഏകലവ്യന്‍ : ഉന്നവും തടയും ശീലമായി ഗുരോ
ഗുരു: ആയുധങ്ങളെവിടെ ?
ഏകലവ്യന്‍ : ശരീരത്തില്‍ തന്നെ
ഗുരു: കാറ്റ് തേടുന്നതെന്ത് ?
ഏകലവ്യന്‍ : സ്വസ്ഥത
ഗുരു: കടലൊഴുകുന്നതെങ്ങോട്ട് ?
ഏകലവ്യന്‍ : മേലോട്ട്
ഗുരു: ഈ പ്രപഞ്ച ത്തില്‍ നക്ഷത്ര മെത്രയുണ്ട് ?
ഏകലവ്യന്‍ : കോടാനുകോടി എന്നാല്‍ സുഗന്ധമുള്ളത് ഗുരു
മുറ്റത്ത് മണ്ണിലെ ഗുരുപ്രതിമ
വളരുവാന്‍ തുടങ്ങിയപ്പോള്‍
ഗുരുവിനൊരു മാര്‍ഗമേ
ബാക്കിയുണ്ടായുള്ളൂ..
ദക്ഷിണ
വലം കൈ പെരുവിരല്‍
സുഗന്ധമുള്ള
നക്ഷത്രത്തിന്
ലോകത്തിന്‍റെ
ഏക ലവ്യന്‍
അതും
കൊടുത്തു .
പഠിച്ചതെല്ലാം
നിരത്തി
ഇനിയുള്ള
പഠനം
നിറുത്തി
ചോരയിറ്റുന്ന
കയ്യാല്‍
ഗുരുപാദങ്ങളില്‍
നന്ദിയര്‍പ്പിച്ചു
ക്ഷിപ്രം
ശിരസ്സ് കുനിഞ്ഞ
ഗുരുവിനെ
കാണാനിടവരാതെ
യിലകള്‍ ക്കിടയിലേക്ക്
വീണു പോയ
തൂലികയെടുക്കാതെ
അവന്‍
കാടിന്‍റെ
മര്‍മരങ്ങള്‍ക്കിടയിലേക്ക്
ഗദ്ഗദമായി തിരിഞ്ഞു
നടന്നു വത്രേ .
അനേക ലവ്യരിലൊരാളായി
ഏകലവ്യന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ