2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 8

 

കുറിപ്പ് 8

 

ഉത്സവപ്പറമ്പ്

 

സന്ദീപ്‌ ഒറ്റക്ക് കുളിക്കുമ്പോള്‍ ആകെ സോപ്പ് തേക്കുന്നത് വയറ്റിലാണ്. പിന്നെ രണ്ടു കൈ തണ്ടയിലും. വയറ്റില്‍ ഓ എന്ന ഇംഗ്ലീഷ് അക്ഷരം കുറേ വരച്ചു വെള്ളം ഒഴിച്ച് കഴുകിക്കളഞ്ഞാല്‍  കുളി കഴിഞ്ഞു. അമ്മ എപ്പോഴും അമ്മമ്മയോടു കയര്‍ക്കുന്നതും ചെക്കനെ ഒറ്റക്ക് കുളിക്കാന്‍ വിടുന്ന കാര്യത്തിലാണ്.  ലൈഫ് ബോയ്‌ സോപ്പ് കണ്ണില്‍ പെട്ടാല്‍ പിന്നെ സഹിക്കാന്‍ പറ്റാത്ത നീറ്റമാണ്. നാട്ടില്‍ താളി തേച്ചുള്ള കുളി ഒരു കുഴപ്പവുമില്ല . അഴുക്ക് മുഴുവനായി ഇല്ലാതായി Phyllanthus Tenellus Plant Flowers Fruit Stock Photo 1464821354 |  Shutterstockപോകുന്നത് പോലെയാണ്. ചെമ്പരത്തി ഇലയുടെയോ നീരോലി ഇലയുടെയോ താളി എപ്പോഴും ഒരു മൊന്തയില്‍ ബാക്കിയുണ്ടാകും. അത് തേച്ച് അതിന്‍റെ വഴു വഴുപ്പ് മാറുന്നത് വരെ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുക. പതം വന്ന  പീച്ചിങ്ങ കൊണ്ട് ദേഹത്ത് ഉരക്കുക. കുളികഴിഞ്ഞാല്‍ തന്നെ ഒരു നീറ്റമാണ്. കാല്‍ മുട്ടില്‍ , കൈമുട്ടില്‍, കാല്‍ വിരലുകളിലും  എന്തായാലും നീറ്റല്‍ അധികം ഉണ്ടാകും.

എന്നാലും കുളിച്ചു എന്ന് തോന്നും. ലൈഫ് ബോയ്‌ സോപ്പ് അത്ര ഇഷ്ടമല്ല, പക്ഷെ മണം നല്ലതാണ്. അച്ചമ്മയോക്കെ നാട്ടില്‍ ചില ദിവസങ്ങളില്‍ ബാര്‍ സോപ്പിട്ടാണ് കുളിക്കുന്നത്. അതിനെക്കാള്‍ നല്ലതാണ് ലൈഫ് ബോയ്‌. ലൈഫ് ബോയ്‌ എവിടെയോ അവിടെയാണാരോഗ്യം.  വൈകീട്ടത്തെ കുളി മിക്കപ്പോഴും പകുതി അമ്മമ്മയും പകുതി അയാളുമായി പങ്കുവെക്കാറാണ്  പതിവു. 

തന്നെ അമ്മൂമ്മ കുളിപ്പിക്കുന്ന നേരം അനിയത്തി ഒന്നുകില്‍ ലൊക്കിയുടെ ചേച്ചിമാരുടെ കയ്യില്‍ അല്ലെങ്കില്‍ പിന്കുവിന്റെ അമ്മയുടെ കയ്യിലായിരിക്കും. കുറച്ച് കഴിയുമ്പോഴേക്കും അനിയത്തിക്കുട്ടി കരഞ്ഞു തുടങ്ങും. അപ്പോള്‍ അമ്മാമ്മ അവളെ എടുക്കാന്‍ പോകും. പിന്നെ വട്ടകയില്‍ ഇരുന്ന് തന്‍റെ വക ഒരു അറ്മാദിക്കലാണ്.

അന്ന് കറങ്ങി നടന്നു നേരം പോയത് കൊണ്ട് കുളി അല്‍പ്പം വൈകി. അതുകൊണ്ട് അമ്മൂമ്മ കുളിപ്പിക്കുന്നതും കണ്ടു കൊണ്ടാണ് അമ്മയും മേമ്മയും  ഓഫീസില്‍ നിന്നും വന്നത്. രമാലുവിന്റെ കയ്യില്‍ നിന്നും പ്രിയയെ വാങ്ങി അമ്മ വേഗം വീടിന്‍റെ അകത്തേക്ക് പോയി. മേമ രമാലുവുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ കെട്ടിടത്തിലെ മിക്കവാറും  പെണ്ണുങ്ങളെല്ലാം അപ്രതീക്ഷിതമായി ഒത്തു കൂടി എന്തൊക്കെയോ സംസാരിച്ചുകൊണ്ടു നിന്നു.

ഇത്രയും സ്ത്രീ ജനങ്ങളുടെ മുന്നില്‍ കുളി നീട്ടി കൊണ്ട് പോകുന്നതില്‍ സന്ദീപ്‌ അസ്വസ്ഥനായി അമ്മാമ്മയോടു ദേഷ്യപ്പെട്ടു. വേഗം തുവര്‍ത്തി അകത്തേക്ക് ഓടിക്കയറി, അമ്മയുടെ ബാഗ് പരിശോധിക്കാന്‍ തുടങ്ങി. അന്ന്  ചുക്കുണ്ട പോലെ എന്തോ സാധനമായിരുന്നു ലഭിച്ചത്. പാക്കറ്റ് എടുത്ത് അമ്മയുടെ അടുത്തേക്ക് പോയി പൊളിച്ചു കിട്ടാനായി കാത്തു നിന്നപ്പോള്‍ പതിവു പോലെ ഉണ്ണിമോളുടെ കയ്യില്‍ അവന്‍ വിരല്‍ വെച്ചു കൊടുത്തു. അവള്‍ അവന്‍റെ  വിരലില്‍ മുറുക്കെ പിടിച്ചു കൊണ്ട് പാല്‍ കുടിക്കുന്നത്  തുടര്‍ന്നു.

അമ്മ വിശേഷങ്ങള്‍ ചോദിക്കുമ്പോഴും അവന്‍ മറുപടി  പറയുമ്പോഴും അവന്‍റെ കണ്ണുകള്‍ അമ്മ ചാരി ഇരുന്നിരുന്ന ജനലിന്റെ പുറത്തേക്ക് മൈതാനത്തിന്‍റെ മൂലയില്‍ പ്രതിഷ്ടിച്ച ദുര്‍ഗാ പ്രതിമയുടെ ചുറ്റും തേരാ പാരാ ഉലാത്തുകയായിരുന്നു.

അമ്മൂമ്മ കുളിമുറി കഴുകി തിരിചെത്തുംബോഴേക്കും അമ്മ അവന്‍റെ തല നന്നായി തോര്‍ത്തി കൊടുക്കുകയും നീരിളകിയ മൂക്ക് നനഞ്ഞ തോര്‍ത്ത്  അഴിച്ചെടുത്ത് കൊണ്ട് തന്നെ വൃത്ത്തിയാക്കി കൊടുക്കുയും ചെയ്തു.

 

മൈതാനത്ത് കറങ്ങിയ കഥ പറഞ്ഞു തുടങ്ങുമ്പോ ഴേക്കും മേമ ആ നല്ല വാര്‍ത്ത കൊണ്ട് വന്നു: “ലൊക്കി ഫാമിലി, പിങ്കു ഫാമിലി പിന്നെ നമ്മളും മൈതാനത്ത് കറങ്ങാന്‍ പോകുന്നു!”

 

മധുരമില്ലാത്ത വിഭവം കട്ടിലിന്റെ മുകളില്‍ തന്നെ വെച്ച് സന്ദീപ്‌ വീട്ടില്‍ ഇടുന്ന ട്രവസറും ഷര്‍ട്ടും എടുത്തിട്ടു വീടിനു വെളിയിലേക്ക് പോയി.

“ലോക്കി കിദര്‍ ഹേ രമാലു അക്ക?” അയാള്‍ അപ്പോഴും പിരിഞ്ഞിട്ടില്ലാത്ത പെണ് കൂട്ടത്തിലേക്ക് നോക്കി ചോദിചു.

“അഭി ആയേഗാ ചോട്ടൂ..” അവര്‍ മറുപടി പറഞ്ഞു. രാമലു അക്ക – സ്ലയിസ് ചെയ്യാതെ കിട്ടുന്ന ബ്രെഡ്‌ ലോഫിന്റെ ഉള്നിറവും എന്നാല്‍ മോഡേണ്‍ ബ്രെഡിന്റെ പോലെ ശക്തിയും ഉള്ളയാളായിരുന്നു. രമാലൂ അക്കക്ക് പതിനഞ്ചു വയസ്സൊക്കെ ഉണ്ടായിരുന്നു. അവരാണ് പിന്നീട് അമ്മയെയും മേമ്മയെയും ലൈബ്രറിയില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയത്. അവര്‍ അവരുടെ സ്കൂളില്‍ കുറെ കായിക മത്സരങ്ങളില്‍ പങ്കെടുത്ത്  പല ഇനങ്ങളില്‍ സമ്മാനങ്ങള്‍ നെടുമായിരുന്നു.  നാട്ടിലെ പെണ്‍കുട്ടികള്‍ പാന്‍റ് ധരിച്ചിട്ട് കണ്ടിട്ടില്ലാ. പാന്‍റ് ധരിച്ച പെണ്‍കുട്ടിയെ അയാള്‍ നേരില്‍ ആദ്യമായി കണ്ടത് രമാലു അക്ക പാന്‍റ് ധരിച്ചിട്ടാണ്.   അക്ക സന്ദീപിനോട് കുശലം ചോദിച്ചു  കൊണ്ടിരുന്നു. 

 

“സന്ദീ ......”

ലോക്കി   അവരുടെ വീടിന്‍റെ അകത്തു നിന്നും വിളിച്ചു. വീടിന്‍റെ അകത്തെ ഇരുളില്‍ നില്‍ക്കുന്ന രൂപം ലോക്കിയുടെ ചേച്ചി ഭാരതി ആണെന്നാണ്‌  പെട്ടെന്ന് തോന്നിയത്. പക്ഷെ ലോക്കി   ആയിരുന്നു. വലിയ ടര്‍ക്കി ടവല്‍ കൊണ്ട് തല സ്വയം തോര്‍ത്തി അവന്‍ പുറത്തേക്ക്  കൈ കാണിച്ചു.

“ഹം അച്ചാച്ചന്‍ കെ സാഥ് പഹലേ ജായെന്കെ .....” സന്ദീപ്‌ പറഞ്ഞതും ആദ്യത്തെ വെടിപൊട്ടി; അകലെ ഒരു ഉത്സവത്തിനു കൊടി ഏറി! ഒപ്പം പ്രാര്‍ഥനയും പൂജയും. അമ്മ തല തോര്‍ത്തി തരുമ്പോള്‍ മൈതാനത്ത് സ്റ്റേജില്‍ ദുര്‍ഗാ പ്രതിമ മൂടി തന്നെയാണ് കിടന്നിരുന്നതെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.    ഇപ്പൊ എങ്ങനെയുണ്ട് എന്നറിയാന്‍ തിടുക്കമായത് കൊണ്ട് ലോക്കിയുടെ വീടിനു ഉള്ളിലെ ജനലിലൂടെ സ്റ്റേജിലെക്ക് നോക്കാന്‍ വേണ്ടി അയാള്‍ തിടുക്കപ്പെട്ടു പാഞ്ഞു. ലോക്കിയുടെ വീടിന്‍റെ ഉള്ളില്‍ സുഗന്ധ സോപ്പിന്‍റെ ഹൃദ്യമായ ഗന്ധം അയാളെ സ്വാഗതം ചെയ്തു. ആ സുഗന്ധവും പേറി വന്ന ലോക്കിയും അയാളും ലോക്കിയുടെ ജനലിലൂടെ ദുര്‍ഗാ പ്രതിമയുടെ വിദൂര ദൃശ്യം കണ്ടു.  

ജൊല്ധി ... ലോക്കി ജൊല്ധി ആജാ”  എന്നും പറഞ്ഞുകൊണ്ട് അച്ചാച്ചനെ ലക്ഷ്യമാക്കി അയാള്‍ പാഞ്ഞു.

“അച്ചാച്ചാ.............”

“നമുക്ക് പൂവാടാ കുട്ടാ....” അച്ചാച്ചന്‍ ഷര്‍ട്ടിന്റെ നീളന്‍  കൈ മടക്കിവെച്ചുക്കൊണ്ട് പറഞ്ഞു.

“നീ ശോഭീടിം ഓമ്നേടിം  ഒപ്പം പോന്നോ ട്രീ...” അച്ചാച്ചന്‍ അമ്മോമ്മയോടു പറഞ്ഞു തിടുക്കത്തില്‍ പുറത്ത് കടന്നു. 

പിങ്കു വന്നില്ല; ലോക്കിയും.

സന്ദീപും അച്ചാച്ചനും നെന്മണിക്കര ശിവന്‍റെ അമ്പലത്തിലെ ശിവരാത്രി ആഘോഷപ്പറമ്പിലെക്കെന്ന പോലെ വേഗത്തില്‍ നടന്നു.

വീടിന്‍റെ ഇരുമ്പ് ഗെയിറ്റിനു വെളിയിലും ഈ നേരമായിട്ടും നല്ല വെളിച്ചമുണ്ടായിരുന്നു. എത്ര കൊച്ചു കൊച്ചു കടകളാണ്!  പാന്‍ കട, പല ഇനം പാനീയങ്ങള്‍, മിട്ടായികള്‍, ലഘു ഭക്ഷണങ്ങള്‍, പഴക്കടകള്‍, മണ്ണിന്‍റെ യും മരത്തിന്റെയും കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഒക്കെയും സന്ത്രഗ്ച്ചിയുടെ മക്കള്‍ക്കായി തുറന്നു വെച്ചിരിക്കുന്നു. ഈച്ചകളും പൂച്ചികളും ആളുകളും  കൂട്ടം കൂട്ടമായി വന്നുകൊണ്ടിരുന്നു.  

 

   അച്ചാച്ചനും അയാളും നേരെ പോയത് സ്റ്റേജിന്‍റെ ഭാഗത്തെക്കാണ്. നാടകരംഗം   പോലെ വലിയ ബള്‍ബുകള്‍ തെളിച്ചു ഭംഗിയാക്കിയിരിക്കുന്നു. സ്റ്റേജിന്‍റെ രണ്ടു മൂലകളില്‍ നിന്നും പല നിറത്തിലുള്ള വെളിച്ചം അടിക്കുന്നതിനായി രണ്ടു പേര്‍  നിന്നു ഇഡലി തട്ട് പോലുള്ള വര്‍ണ്ണ തട്ട് തിരിക്കുന്നു. രണ്ടു പേര്‍ പൂജകള്‍ ചെയ്യുന്നുണ്ടായിരുന്നു. സ്റ്റേജിനു അരികിലായി പാട്ടുകാരും മേളക്കാരും നിര്‍ത്താതെ പാടുന്നുണ്ടായിരുന്നു. ഈ പരിസരം ഒരു കാട് പിടിച്ച വെറും പറമ്പായിരുന്നു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അത്രകണ്ട് മാറിയിരിക്കുന്നു.

 

അഭിപ്രായങ്ങളൊന്നുമില്ല: