2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 7

 

കുറിപ്പ് 7

 

L+S+P

 

     നാലു മണിക്കുള്ള ചായക്ക് അരി വറുത്തതാ യിരുന്നു അന്ന് കടി. കട്ടന്‍ ചായ ഒറ്റ വലിക്ക് കുടിച്ചതോടു കൂടി അരി ബാക്കിയായി. ചെറിയ പ്ലേറ്റ് മാറാന്‍ ഉദ്ദേശിച്ച ട്രൌസറിന്റെ പോക്കറ്റിലേക്കു മൊത്തമായി  ചെരിഞ്ഞു. എന്നിട്ടാണ്  ട്രൌസര്‍ ധരിക്കാന്‍ തുടങ്ങിയത്. കുറച്ചു അരി നിലത്ത് പോയെങ്കിലും പ്ലേറ്റ് കാലിയായി കണ്ടാല്‍ പിന്നെ അമ്മൂമ്മയ്ക്ക് സമാധാനമാകും.

 

ജനലുകള്‍ക്ക് പുറത്തുള്ള ചെടികള്‍ വെട്ടി ഒതുക്കിയിരുന്നു. സ്റെജ് ശരിക്ക് കാണാം. വീട്ടിലിടുന്ന ഷര്‍ട്ട് എടുത്ത് ഇട്ടുകൊണ്ട്‌ പുറത്തേക്ക് ഓടുമ്പോള്‍ മാത്രമാണ് അമ്മൂമ്മ വാതില്‍ കടന്നു എത്തിയത്.

“ചായ അവിടെ വെച്ചിട്ട്ണ്ട്.... അത് കുടിച്ചുട്ടു പോയാമതി....”

“കുടിച്ചു  ന്‍റെ അമ്മാമ്മേ...” എന്നും പറഞ്ഞു തിരിച്ചു റോട്ടിലേക്ക് പാഞ്ഞു.

 

ഗേറ്റില്‍ അപ്പോള്‍ ലൊക്കി നില്‍ക്കുന്നു. ഗേറ്റിന്റെഗ്രില്ലില്‍ - ലോക്കിക്കൊന്നും ഗേറ്റിന്റെ ഗ്രില്ലില്‍ ചവിട്ടി ഗേറ്റിനെ മുന്നോട്ടും പിന്നോട്ടും ആട്ടാന്‍ പറ്റില്ല. അത്ര വലിയ ഗേറ്റാണ്‌. കാരണം ലൊക്കി എപ്പോഴും വിജാകിരിയുടെ അടുത്ത് ഒതുങ്ങിയാണ് നില്‍ക്കുക. എന്നിട്ട് താന്‍ ചെയ്യാറുള്ളത് പോലെ ഗേറ്റ് ചലിപ്പിക്കുവാനും നോക്കും. പക്ഷെ ഗേറ്റ് ചലിപ്പിക്കുന്ന സൂത്രം തനിക്കു മാത്രമേ പറ്റാറുള്ളൂ.

 

“ലൊക്കി ............. ആത്താ?

ദുര്‍ഗാ പ്രതിമയുടെ അടുത്തേക്ക് പോകാന്‍ അച്ചാച്ചന്‍ തന്നെ കാത്തു നില്‍ക്കുകയായിരിക്കുമെന്നു അയാള്‍ക്ക് ഉറപ്പായിരുന്നു.   ലൊക്കി വരാന്‍ തയ്യാറായി.

“ഇന്‍ കൊ ബി ലേലോ ....... “ പിന്നില്‍ നിന്നും പിന്കുവിന്റെ അമ്മ അചാച്ചനോട് വിളിച്ചു പറഞ്ഞു. അച്ഛച്ചനും അമ്മൂമയും അവരുടെ ദൈനംദിന വ്യവഹാരങ്ങള്‍ക്കിടയില്‍ അയല്‍ പക്കക്കാരെ പരിചയപ്പെട്ടിരുന്നു എന്ന് അറിയാമായിരുന്നെങ്കിലും. ഇത്രത്തോളം പരിചയം വളര്‍ന്നത് അയാളെ അത്ഭുതപ്പെടുത്തി.

 

 

അങ്ങനെയാണ്  ലൊക്കി + സന്ദീപ്‌ + പിങ്കു എന്ന ഗാങ്ങ് ഉണ്ടായത്. ഒരേ മാനസികാവസ്ഥ ഉള്ളയാളായിരുന്നെങ്കിലും അച്ചാച്ചന്‍ അവരുടെ ഒപ്പം എപ്പോഴുമൊന്നും കൂട്ട് കൂടാറില്ലായിരുന്നു. ഒരു മണിക്കൂറോളം ആ പൂരപ്പറമ്പില്‍ തന്നെ അവര്‍ നാല് പേരും ചുറ്റി തിരിഞ്ഞു.

ആ പറമ്പിന്റെ ചുറ്റും എന്നാ പോലെ കടകള്‍ വന്നു. ചിലതില്‍ മാത്രമേ സാധനങ്ങള്‍ ഒരുക്കിയിരുന്നുള്ളൂ. പഴയ റിക്ഷാ മാമന്‍റെ കടയും  കണ്ടു. ജവുളിത്തരങ്ങള്‍. വീടിന്‍റെ പിന്നിലെ കുളത്തിലേക്ക് മൈതാനത്ത് നിന്നും വലിയൊരു കവാടം പോലെ കടകള്‍ ഒഴിവാക്കിയിരുന്നു.  അങ്ങനെ ഒഴിവാക്കി ഒരുക്കിയിരുന്നത് കൊണ്ട് സ്റെജിലേക്ക് നേരെ കാണാമായിരുന്നു, അല്ലായെങ്കില്‍ ജനല്‍ അരുകിലെ പുല്ല് വെട്ടിയാലും കടകള്‍കാരണം സ്റെജ് കാണാന്‍ ആകുമായിരുന്നില്ല. മൈതാനത്ത് നിന്നും നോക്കി ആ നാല് കുട്ടികളും പരിസരം നല്ലപോലെ നിരീക്ഷിച്ചും  ചര്‍ച്ച ചെയ്തും നടന്നു. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ടേ തുറക്കുകയുള്ളു എന്ന് ആരോ പറഞ്ഞു. അതുകൊണ്ട് സന്ദീപിന്‍റെ പോക്കറ്റിലെ അരി വറുത്ത വിഭവത്തിനു നല്ല ചിലവായിരുന്നു. പിന്കുവിനു അത് നന്നെ ഇഷ്ടമായി. പൊരിയും അവിലും മലരും മാത്രം കണ്ട അവര്‍ ഇത് ഭൂന്ദി പോലെ എന്തോ ആണെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പിങ്കു ഒരുമിച്ചാണ് വായിലിട്ടു കറുമുറെ കഴിക്കുന്നത്‌ . ലൊക്കി വളരെ സാവധാനത്തില്‍ ഓരോ അരിമണിയും എണ്ണി  വായിലിട്ടു കഴിക്കുന്ന പോലെയും. കുറേശെ തൊണ്ട വേദന ഉള്ളതുകൊണ്ട് സന്ദീപ്‌ പരമാവധി അവര്‍ രണ്ടു പേര്‍ക്കും വീതിച്ചു കൊടുത്തുകൊണ്ടിരുന്നു.

 

റിക്ഷാമാമന് രണ്ടു കടകള്‍ ഉണ്ടായിരുന്നു. ഒന്നില്‍ കൈത്തറി വസ്ത്രങ്ങളും മറ്റൊന്നില്‍ ആധുനികമായ പോളിയെസ്റ്റര്‍ തുണികളും. പോളിയെസ്റ്റര്‍ തുണികള്‍ നഗരത്തിലെ വലിയ തുണിക്കടകളില്‍ മാത്രമേ അന്ന് വില്‍ക്കുന്നുണ്ടായിരുന്നുള്ളൂ. ഇത്തവണ ആദ്യമായി റിക്ഷാമാമന്‍ പൂജ പ്രമാണിച്ച് പുതിയ ഐറ്റം തുടങ്ങി നോക്കുന്നതാണ്. അയാളുടെ മരുമകന് തുണി മില്ലിലാണ് ജോലി. അത് ബംഗാളിന്റെ തനതായ ചണമോ പരുത്തിയോ പട്ടു വസ്ത്രങ്ങളോ അല്ല. പോളിയെസ്റ്റര്‍ ആണ്. ഒരിക്കലും നാശമാകാത്ത തുണി തുച്ചം വിലയ്ക്ക് എന്നും പറഞ്ഞാണ് അവ വിപണി പിടിച്ചത്. അവ പക്ഷെ നഗരത്തിലെ തുണിക്കടകളില്‍ മാത്രമാണ് കൂടുതല്‍ ലഭ്യമായിരുന്നത്. അത് ആദ്യമായി ഗ്രാമത്തിലെ പൂരപ്പറമ്പില്‍ ലഭ്യമാക്കുന്ന ഏര്‍പ്പാട് അന്ന് ആര്‍ക്കും ചിന്തിക്കാന്‍ കൂടി സാധിക്കാത്ത കാര്യമായിരുന്നു. അതൊക്കെ ഈ ഗ്രാമത്തില്‍ വിജയിക്കുമോ എന്തോ... ഇക്കാര്യങ്ങള്‍ ഒക്കെ അമ്മൂമ്മ പറഞ്ഞാണ് വീട്ടില്‍ അറിയുന്നത്.  

 

പിന്കുവിന്റെ അമ്മ ഇടക്ക് സന്ദീപിന്‍റെ വീടിന്‍റെ തൊട്ടു മുന്നിലുള്ള ടാപ്പിനു അടിയില്‍ തുണി അലക്കുവാന്‍ വരുന്ന മധ്യാഹ്നത്തിലെ സംസാരങ്ങളില്‍ കൈമാറുന്ന വിശേഷങ്ങള്‍ ആണ്. ഇവയൊക്കെ.

   പുതിയ താമസ സ്ഥലത്തെ അനിവാര്യമായ  വരണ്ട അന്യത അമ്മൂമ്മയുടെ നനഞ്ഞതും പതിഞ്ഞതുമായ ഇടപെടലിലൂടെ ഒഴിവായി. അയല്‍ക്കാര്‍ക്കിടയില്‍ ഒരു അടുപ്പമോക്കെ ഉണ്ടായി. പകല്‍ പ്രത്യക്ഷപ്പെടാത്ത അമ്മയ്ക്കോ മേമയ്ക്കോ സന്ദീപിനോ അതുകൊണ്ട് തന്നെ അയല്‍ക്കാരെ അറിയാനും അവരെ അയല്‍ക്കാര്‍ക്ക് അറിയാനും നേരിട്ട് കാണേണ്ട ആവശ്യം തന്നെ വേണ്ടി വന്നില്ല.

 

ലൊക്കി + സന്ദീപ്‌  + പിങ്കു എന്ന ഗാങ്ങ് നില വില്‍ വന്നതു തന്നെ ആകെ മൂന്നു കൂടിക്കഴ്ച്ചകളി ലൂടെയാണ്. ദുര്‍ഗാ പൂജ യോടനുബന്ധിച്ചുള്ള ഈ മൈതാനം ചുറ്റലാണ് വറു ത്ത അരിമണി പോലെ വേര്‍പെട്ടു കിടന്നിരുന്ന അവരെ  ചവച്ചരച്ച മാവി ന്‍റെ അഗാധ ബാന്ധവം ഉള്ളവരാക്കി യത്.

 

അച്ചാച്ചന്‍ അവര്‍ മൂന്നു പേരുടെയും കളിക്കൂട്ടു കാരനായി എല്ലാ കൌതുകങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാന്‍ കൂടെ നിന്നു. മുളയും ഓടയും ആണ് ഷെഡ്‌ഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോ ഗിച്ചത് എന്നായിരുന്നു. അവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ചണം തണ്ടുകളും മുളയുമാണ് അവ എന്ന് അവര്‍ അറിഞ്ഞു. ഈ ചണം തണ്ട് തന്നെ യാണ് ചതച്ചു പരത്തി മറ ഉണ്ടാക്കുന്നത്‌. ഇതേ ചണം തണ്ട് തന്നെയാണ് ചണ നൂലായി നിറം മുക്കി തോരണങ്ങളായി തൂക്കുന്നത്‌. ഇത് തന്നെ യാണ് ചരടായും ചാക്കായും സാരിയായും മറ്റും നിര്‍മ്മിക്കാ പെടുന്നതെന്ന് ആ യാത്രയില്‍ തന്നെ അവര്‍ക്ക് അവ്യക്തമായി മനസ്സിലായിരുന്നു.

 

ദുര്‍ഗാ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനും അതിനു വളവുകളും ചുളിവുകളും നല്‍കുന്നതിനും ചണം പല രൂപത്തിലും ഉപയോഗിച്ച് പോന്നു.

കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും എന്നല്ല ഒട്ടേറെ സാധനങ്ങള്‍ ആ പ്രദര്‍ശനങ്ങളില്‍ ആ എട്ടു കണ്ണുകളെയും അത്ഭുതപ്പെടുത്തി.  ആള്‍കൂട്ടമില്ലാത്ത ആ ദിവസം കറങ്ങി നടന്നത് കൊണ്ട് എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സൌകര്യമായി. “അമ്മൂമ്മയെയും കൊണ്ട് വരണം” – അച്ചാച്ചന്‍ പറഞ്ഞു.

ഓരോന്നു പറഞ്ഞും തര്‍ക്കിച്ചും അവര്‍ നാല് പേരും നടന്നു .. കുറച്ചു ദൂരമേ ഉള്ളൂവെങ്കിലും സന്ദീപ്‌ റോഡരുകില്‍ ഒന്ന് മൂത്രം ഒഴിക്കാന്‍ നിന്നു. പിങ്കുവും. ലൊക്കിതിരിഞ്ഞു നോക്കി വീടിന്‍റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. അച്ചാച്ചനും. അപ്പോള്‍ പിങ്കു ഒരു ഗംഭീര ആശയം പറഞ്ഞു:

“ഊപ്പര്‍  ടെറസ്സ് പേ ജയേന്കെ ക്യാ?.......

ഓര്‍ മസത് ദിക്കായാ ജയേങ്കെ......”   

“ചലോ” സന്ദീപ്‌ ആ ഐഡിയയോട്   യോജിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി .

 

“ആജാ ലൊക്കി.... ഊപ്പര്‍ ജയേങ്കെ. ഊപ്പര്‍......   ജൊല്ധി ആജാ. ” പിങ്കു അവനെ വിളിച്ചു.

ലൊക്കി അപ്പോള്‍ അവരുടെ എല്ലാവരുടെയും പൊതുവായ ബാത്ത് റൂമിലായിരുന്നു. അത് സന്ദീപിന്‍റെ മുറിയുടെ മുന്നില്‍ തന്നെ ആയിരുന്നു. അതിന്‍റെ അടുത്ത് തന്നെയാണ് മുകളിലേക്കുള്ള കോണിയും. കോണി വലിയ മതിലിനോട് ചേര്‍ന്ന് തന്നെ ആയിരുന്നത് കൊണ്ട് എല്ലായിടവും വൃത്തിയായി തേച്ചു ഭംഗി ആക്കിയിരുന്നു.

 

കോണിയുടെ പകുതിയും കയറി സന്ദീപ്‌ അവരെ രണ്ടു പേരെയും കാത്തു നിന്നു. ആദ്യം പിന്കുവും പിന്നീട് ലൊക്കിയും കയറി.

സന്ദീപ്‌ ആദ്യമായാണ് അങ്ങോട്ട്‌ കയറുന്നത്. നീണ്ട കെട്ടിടത്തിന്‍റെ മുന്‍ഭാഗം മുഴുവനും കെട്ടിട ഉടമയുടെ വീടാണ്. വലിയ വീട്. ഏതാണ്ട് പകുതിയോളം നീളം വരും. ബാക്കി തുറന്ന ടെറെസാണ്. മഴ കൊണ്ട് പായലുകള്‍ ഉണങ്ങിയ പാരപ്പറ്റ് , കാല്‍വണ്ണ മുങ്ങാന്‍ പാകത്തിന് വലിയ കുറെ കള്ളികള്‍ സിമന്‍റ് തേച്ചു വെള്ളം കെട്ടി കിടക്കാന്‍ വേണ്ടി തയ്യാറാക്കിയിരുന്നു ---  ഉയരം തീരെ കുറഞ്ഞ ടാങ്കുകള്‍. വേനല്‍ കാലത്ത് അതില്‍ വെള്ളം നിറച്ചു വെക്കും. അപ്പോള്‍ താഴെ ഉള്ള നിലക്കാര്‍ക്ക് ചൂട് അനുഭവപ്പെടുന്നത് കുറയും. ഒറ്റ ചെടി പോലും ഇല്ല ആ നിലയില്‍. ചെടിച്ചട്ടി കളും ഇല്ല. അത് കണ്ടു പാവം തോന്നിയിട്ടോ എന്തോ താഴെ തെക്ക് ഭാഗത്ത് നിന്നും ഒരു വലിയ ചാമ്പ മരം ഏന്തി വലിഞ്ഞു ആ പാരപ്പറ്റ് കടന്നു ടെറസ്സിലേക്ക് എത്തി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പടിഞ്ഞാറ് സൂര്യന്‍ താഴാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവിടെ നിന്നാല്‍ കുളവും കടകളില്‍ കുറെ എണ്ണവും പിന്നെ സ്റ്റേജ്, പൊതിഞ്ഞ ദുര്‍ഗാ പ്രതിമയും വളരെ ഭംഗിയായി കാണാം. മൈതാനത്തിന്‍റെ തെക്ക് ഭാഗത്തായിരുന്നു റിക്ഷാമാമന്‍റെ കടകള്‍. അവയൊന്നും കാണാന്‍ പറ്റില്ല. അവിടെ വലിയ മരങ്ങള്‍ കാഴ്ച മറച്ചിരുന്നു.

 

ഉത്സവ ചിന്തകളില്‍ നിന്നും മറ്റു പലതിലേക്കും അവരുടെ ശ്രദ്ധ മാറിയതും താഴെ നിന്നും മൂന്നു പേര്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേ ഇരുന്നു.

“ലൊക്കീ ...................... ഇക്കടെ രാ....”

“പിന്കൂ ......................... കൊത്തായി? ആജാ...”

“സന്ദീപേ ............ വാ മോനേ... വന്നു കുളിക്ക്”

L + S + P എന്ന സംഘം സ്ലോ മോഷനില്‍ ഒട്ടും സമയം കളയാതെ പടി ഇറങ്ങി വന്നു.  

 

 

അഭിപ്രായങ്ങളൊന്നുമില്ല: