2023 നവംബർ 26, ഞായറാഴ്‌ച

Santragachi 2

 

 


പുതിയ വീട്,

പുത്തന്‍ കൌതുകങ്ങള്‍

 

 റിക്ഷയില്‍ നിന്നും ഇറങ്ങാന്‍ അമ്മൂമ്മയും അച്ചാച്ചനും കുറച്ചു ബുദ്ധിമുട്ടി. സന്ദീപിനെ  ഒറ്റക്കയ്യില്‍ പോക്കിയെടുത്തത്തിനു ആ റിക്ഷാകാരനോട് കയര്ത്താണ് അച്ചാച്ചന്‍ കല്‍കത്തക്കാരോട് സംസാരിച്ചു തുടങ്ങുന്നത്.

എന്നാ പണ്രീങ്കെ? അച്ചാച്ചന് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ പിന്നെ തമിഴാണ് എല്ലാം.

അത് പിന്നെ അതോടു കൂടി അവസാനിച്ചു. സന്ദീപിന് വേദനിച്ചുമില്ല ബംഗാളികള്‍ക്ക് എന്താണ് പറഞ്ഞതെന്ന് മനസ്സിലായുമില്ല, അച്ചാച്ചന്‍ ബുദ്ധിപൂര്‍വ്വം മിണ്ടാതിരിക്കുകയും ചെയ്തു.

 

  കൊച്ചു കൊച്ചു ട്രങ്ക് പെട്ടികളും ചാക്ക്  കേട്ടകളുമായിരുന്നു ലഗേജുകള്‍. അവയില്‍ കുറെ ഒക്കെ എടുത്തു മുറിയില്‍ കൊണ്ടു വെച്ചത് ആ റിക്ഷാമാമന്മാര്‍ തന്നെയായിരുന്നു.  ഒരു കുഞ്ഞു വരാന്തയും നന്നേ ചെറിയ ഒരു അടുക്കളയും വലിയ ഹാള്‍ പോലുള്ള മുറിയും അടങ്ങുന്നതായിരുന്നു ആ ലൈന്‍ മുറി. അതിലെ  വലിയ മുറിയിലെ രണ്ടു പാര്‍ശ്വങ്ങളിലായി രണ്ടു കട്ടിലുകള്‍ ... കൊതുകുവല ഇട്ടു മണിയറ പോലുള്ള കട്ടിലുകള്‍ സന്ദീപ്‌  ആദ്യമായി നേരില്‍ കാണുകയായിരുന്നു. ജനലുകള്‍ക്കുമുണ്ട് കൊതുകുവലകള്‍. കട്ടിലുകള്‍ ഉള്ള ആ  മുറിക്കു തന്നെ വരി വരിയായി മൂന്നു ജനലുകള്‍ ഉണ്ടായിരുന്നു., തുരുമ്പിച്ച വലിയ ഇരുമ്പഴികള്‍ ഉള്ള പച്ച ജനലുകള്‍. ജനലുകള്‍ക്കപ്പുറത്ത്  കൊങ്ങിണിക്കാടാണ്. അതിനപ്പുറം ആണ് ഒരു വലിയ കുളമുള്ളത്. അയാള്‍ക്ക് കുളം കാണണമെങ്കില്‍ ജനല്‍ അഴികള്‍ പിടിച്ചു കയറണം. അതും എളുപ്പമല്ലായിരുന്നു.

 വട്ടനെ അല്ലാത്ത അഴികളില്‍ പിടിച്ചാല്‍ കുറച്ചു കഴിയുമ്പോഴേക്കും വഴുക്കി താഴേക്കു ഊര്‍ന്നു പോരും. കയ്യും കഴയ്ക്കും. ഈ വീട്ടിലേക്കുള്ള വഴിക്ക്  അപ്പുറത്ത് ചണച്ചാക്കുകള്‍ തുന്നി കൂട്ടി  മറച്ച ആ  ഷെഡിന്റെ  ഒരു ചെറിയ ഭാഗം മുറിയുടെ അങ്ങേ അറ്റത്തെ ജനലിന്റെ ഒരു ഭാഗത്ത് നിന്നും നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു എന്ന് അയാള്‍ കണ്ടു പിടിച്ചു.  

 

   അച്ഛനും അമ്മയും അനിയത്തിയെ ഡോക്ടറെ കാണിക്കുവാന്‍ കൊണ്ട് പോയി. കുളിക്കുവാന്‍ ഈ ലൈന്‍ മുറികള്‍ക്ക് മുന്‍പില്‍ തന്നെ കിണറും കുളിമുറികളും ഉണ്ടായിരുന്നു. സന്ദീപിനെയൊന്നു കുളിപ്പിച്ചു പൂരവ്വസ്ഥിതിയിലാക്കാന്‍  മേമയാണ് ശ്രമിച്ചത്. അയാള്‍ ഇലക്ട്രിക്‌ സ്റ്റവ്വ് ആദ്യമായി കണ്ടത് ആ അടുക്കളയിലാണ്. ഭംഗിയുള്ള ഓറഞ്ച് നിറത്തില്‍ അത് കത്തുന്നത് കണ്ടാല്‍ ഒന്ന് തൊടാന്‍ തോന്നും. അതിലാണ് കുളിക്കാനുള്ള വെള്ളം തിളപ്പിച്ചത്. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന പമ്പും കണ്ടു. പച്ചവെള്ളം എടുക്കുന്നത് ആ പമ്പില്‍ നിന്നായിരുന്നു. കുളിച്ചു തിരിച്ചു വന്നപ്പോള്‍ മുതല്‍  കൊട്ടന്ച്ചുക്കാദിയുടെയും ടര്‍പ്പന്റെയും  പരിചിതമായ ഗന്ധം ലഭിച്ചു ഞാന്‍ കല്‍ക്കത്തയുടെ അപരിചിതത്വം മറികടന്നു. വലിയ മുറിയുടെ നടുവില്‍ മലര്‍ക്കെ തുറന്ന വാതിലിന്റെയും കൊതുക് വല കെട്ടി ബന്ധവസ്സായ നടുവിലെ ജനലിന്റെയും നടുക്കുള്ള വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിച്ചത്. രുചിയുള്ള എന്തോ കൂട്ടി ഭക്ഷണം കഴിച്ച് കഴിഞ്ഞതും അടുത്ത് വിരിച്ചിരുന്ന പുല്‍പായയില്‍ കിടന്ന. പുതിയ പുല്‍ പായക്ക് പുതിയ കൈതപ്പായയുടെ ബലവും രൌദ്രതയും ഇല്ലെന്നു കണ്ട് ഇഴകളിലൂടെ വിരലുകള്‍ തഴുകി തഴുകി  മയക്കമായി.

 

പുറത്തേക്കൊന്നും  ഒറ്റക്ക് പോകേണ്ട അച്ചാ എന്ന് അച്ചാച്ചനെ വിലക്കിക്കൊണ്ട് അമ്മൂമ്മയും മേമയും ഒച്ച വയ്ക്കുന്ന ശബ്ദം കേട്ടാണ് പിന്നെ  ഉണര്‍ന്നത്. അയാള്‍ ഉണര്‍ന്നപ്പോള്‍ അച്ചാച്ചന്‍ പൂര്‍വ്വാധികം ശക്തമായി വാദിച്ചു കൊണ്ടിരുന്നു.

എന്നാ പിന്നെ അവനെയും കൂട്ടി ആ മൈതാനത്ത്  പോയിട്ട് വാ..

അങ്ങനെ അയാള്‍ കാരണം അച്ചാച്ചന് പുറത്ത് കടക്കാനായി. മൂന്ന് ദിവസമൊക്കെ നാല്പത് അടിയില്‍ കൂടുതല്‍  നടക്കാതെ ഒരിടത്തിരുന്ന് മുഷിയുന്ന അചാച്ചനെ കുറിച്ച് ചിന്തിക്കുവാന്‍ തന്നെ ബുദ്ധിമുട്ടാണ്. അതും  അറുബോറന്‍  ട്രെയിന്‍ യാത്ര കഴിഞ്ഞ്.. ലഭ്യമായ പച്ചപ്പ്‌ കാണാനും ബംഗാളിന്റെ കാറ്റ് കൊള്ലാനുമായി പുരുഷ കേസരികള്‍ ഇറങ്ങി. അവരുടെ  മുറി കഴിഞ്ഞും  ആ ലൈനില്‍ രണ്ടു മുറികള്‍ കൂടി ഉണ്ടായിരുന്നു.  മുന്നില്‍ നാല് മുറികളും. ഗേറ്റ് വളരെ ഉയരമുള്ളതും കനത്ത ഇരുമ്പ് കൊണ്ട് നിര്മിച്ചതുമായിരുന്നു. ആദ്യത്തെ രണ്ടു മുറികളില്‍ മാത്രമാണ് ഒച്ചയും അനക്കവും കേട്ടത്. ശൂ .. എന്ന് ആരെങ്കിലും വിളിച്ചോ എന്ന് അയാള്‍ തിരിഞ്ഞു തിരിഞ്ഞു നോക്കി. ജനലില്‍ തൂങ്ങിയ കര്‍ട്ടന്‍ അനങ്ങുന്നതല്ലാതെ മറ്റാരെയും കണ്ടില്ല. ഗേറ്റ് കടന്നതും അയാള്‍  കണ്ടത് ആ ചണച്ചാക്ക് കൊണ്ട് മറച്ച ആ ഷെഡില്‍ നിന്നും ഒന്ന് രണ്ടു പേര്‍ ഇറങ്ങി വരുന്നതാണ്. അവര്‍ തൊട്ടടുത്ത ഒരു വാതില്‍ തുറന്നു അതിലേക്കു കയറി. പെയിന്റുകൊണ്ട്  കുത്തി വരച്ച ആ ചുമരില്‍ ഒരു  വാതില്‍ ഉണ്ടെന്നു അത് തുറക്കുമ്പോള്‍ മാത്രമേ  അറിയുകയുള്ളൂ.

 

ചെറിയ ഒരു ബോര്‍ഡ്‌ ആ മതിലിനു മുകളില്‍ ഉള്ളത് വായിക്കാനും സന്ദീപിന് ആകുമായിരു ന്നില്ലല്ലോ. അവര്‍ രണ്ടു പേരും ആ കുളത്തിന്റെ കരയിലും ഗ്രൌണ്ടിന്റെ ചുറ്റും ഒരു വട്ടം കറങ്ങി വന്നു. ഒരേ വെള്ളം, ഒരേ പുല്ല്, ഒരേ ആകാശം, മരങ്ങള്‍... അയാള്‍ക്കൊട്ടും അപരിചിതത്വം തോന്നാത്ത ആ പരിസരങ്ങളില്‍  കറങ്ങി അയാള്‍ തുള്ളി ചാടി നടന്നു. തിരിച്ചു  വീട്ടിലേക്കു നടക്കുമ്പോള്‍ ആ ഷെഡിന് അടുത്ത് അച്ചന്‍ കാത്തു നില്‍കുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ ചണച്ചാക്കിന്റെ പഴുതുകളിലൂടെ സന്ദീപ്‌ അകത്തേക്ക് നോക്കി. രണ്ടു പേര്‍ നല്ല ഉയരമുള്ള സ്ടൂളില്‍ ഇരുന്നു കൊണ്ട് തലങ്ങും വിലങ്ങും കെട്ടി വെച്ച വടികളില്‍ ചെളി പോലെ എന്തോ തേക്കുന്നു. ഒന്നും മനസിലായില്ല . ഉടനെ അതെന്താണെന്ന് ചോദിച്ചപ്പോള്‍ ദുര്‍ഗാ പൂജക്കുള്ള ശില്‍പ്പം ഒരുക്കുന്നതാണെന്നു അച്ഛന്‍ പറഞ്ഞു. പ്രതിമ എന്ന് അച്ചാച്ചന്‍ തിരുത്തിയത് അച്ഛന്‍ ശ്രദ്ധിച്ചില്ല. അകത്തൊന്നും കയറാന്‍ പാടില്ല ചാക്ക് പൊക്കി നോക്കാന്‍ ശ്രമിച്ച എന്നെ അച്ഛന്‍ വിലക്കി.

 

ചണചാക്ക് കൊണ്ട് മറച്ച ഷെഡിന്റെ അടുത്തുള്ള അടച്ചിട്ട ആ വാതില്‍ കുറച്ചു കൂടി വ്യക്തമായി അവരുടെ  മുറിയുടെ അറ്റത്തെ ജനലിന്‍റെ ഇടയിലൂടെ കാണാമായിരുന്നു. അന്ന്‍ കിടക്കുന്നതിനു മുന്‍പ് ഒട്ടേറെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ ഉണ്ടായിരുന്നു എന്താണ് ദുര്‍ഗാ പൂജ, എന്താണ് പ്രതിമ എന്താണ് അവര്‍ ചെയ്യുന്നത് ആ മുറിയില്‍ എന്താണ് അങ്ങനെ അങ്ങനെ .. പക്ഷെ ട്രെയിനിലെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ട് മേമ അവനില്‍ നിന്നും കഥ ചോര്‍ത്തിക്കൊണ്ടിരുന്നു. 

തുടരും.......

അഭിപ്രായങ്ങളൊന്നുമില്ല: