2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 5

 

കുറിപ്പ് 5

 

 

 

 

ദുര്‍ഗ

 കലാപ ബാധിതമായ ഒരു രാത്രിക്ക് ശേഷം സന്ദീപിന് ആകെ സംശയങ്ങള്‍ മാത്രമായി ബാക്കി. കോപ്പി പുസ്തകം തനിക്ക് എഴുതാനുള്ളത് തന്നെയല്ലേ? ഓരോ ദിവസവും ഓരോ പേജ് മാത്രമേ എഴുതാന്‍ പാടുള്ളൂ? താന്‍ ഹാജരാകാതിരുന്ന കുറെ ദിവസത്തെ പേജുകള്‍ ഒരുമിച്ചു എഴുതിയിരുന്നതാണല്ലോ... ബാക്കി പേജുകള്‍ കൂടി ഒരുമിച്ചു എഴുതിയത് ഇത്ര വലിയ പ്രശ്നമായോ? തെറ്റിന്റെയും ശരിയുടേയും അതിര്‍ വരമ്പുകളെ കുറിച്ചുള്ള അജ്ഞത അയാളുടെ അറിവുകള്‍ വളരുന്നതോടെ കൂടിക്കൂടി വന്നു.

 

ഈ വിഷമത്തിന്റെ ഭാരവുമായി രാവിലെ റിക്ഷ കാത്തു നിന്നപ്പോള്‍ അയാളെ ആരോ വിളിച്ചു:

ചോട്ടൂ......

ഏയ്‌ ചോട്ടൂ..... ഓയ് സന്ദീപ്‌ .....  ജാര ആജാ.. പ്രധാന ശില്‍പ്പി ഗോപാല്‍ ഭായിയുടെ ശബ്ദം ചാക്കിന് പിന്നില്‍ നിന്നും കേട്ടു.  ഷെഡ്‌ഡിന് മുന്നിലേക്ക് ഓടി ചെന്നു.

ദേക്ലോ ...... ദേക്ക് ....... കൈസേ ഹായ് ?

ചാക്കിന്റെ പഴുതിലൂടെ ദുര്‍ഗാ പ്രതിമ കാണിച്ചു കൊണ്ട് ഗോപാല്‍ജി ഗോപാലേട്ടന്‍ - പറഞ്ഞു.. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.  സന്ദീപിന്‍റെ കണ്ണുകള്‍ വിടര്‍ന്നു വലുതായി.

കളിമണ്ണിന്റെ പച്ചമണം മാറിയിരിക്കുന്നു, എങ്ങും ഇനാമല്‍ പെയിന്റ് ഗന്ധം മാത്രം.... പ്രതിമയുടെ                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   മുഖം ഒഴികേ ബാക്കി എല്ലാ ഭാഗത്തും പെയിന്റ് അടിച്ചു ജീവസ്സൂള്ളതാക്കി മാറ്റിയിരുന്നു……

കൈസേ ഹായ് ബേട്ടാ?

ബൊഹൊത്ത് അഛാ സന്ദീപിന് ഇഷ്ടമായി.

അച്ചാച്ചന്‍ ദേക്കോ അച്ചാച്ചനെ കാണിക്കോ എന്ന് അയാള്‍ ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞു ..

ശ്യാംകോ വാപ്പസ് ആവോ ... സബ്കുച് ദിക്കാ ദേമ്ഗെ ഗോപാലേട്ടന്‍ പറഞ്ഞു കഴിഞ്ഞതും റിക്ഷ വന്നു. വയറു വേദന വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു കൊണ്ട് റിക്ഷയില്‍ കയറി. കയറിയപ്പോള്‍ വീണ്ടും ആ കോപ്പി റൈറ്റിംഗ്  ബുക്കിന്‍റെ കാര്യം ഓര്‍മ്മ വന്നു.

താന്‍ ചെയ്ത കുറ്റം ഇപ്പോഴും അംഗീകരിക്കുവാന്‍ വളരെ ബുദ്ധിമുട്ടി.... മനസ്സിലാവാനും.....

മുഴുവനും എഴുതിയ പുസ്തകത്തില്‍ ടീച്ചര്‍ക്ക് ആവശ്യമുള്ളത് മാത്രം ആവശ്യത്തിനു മാര്‍ക്കിട്ടാല്‍ പോരെ എന്ന് ആത്മാര്‍ഥമായി അയാള്‍ ഒരു ഉപായം കണ്ടെത്തി.

 

എങ്കിലും അന്നായിരിക്കണം സന്ദീപ്‌ ആദ്യമായി അധ്യാപികക്ക് പനി ആയിരിക്കണേ എന്ന് ചെറുതായി ആഗ്രഹിച്ചത്‌. അല്ലെങ്കില്‍ കോപ്പി ബുക്കിന്‍റെ കാര്യം മറക്കണം. പക്ഷെ അത്ഭുതം .. അന്ന് ഒന്നും സംഭവിച്ചില്ല . കോപ്പി ബുക്ക് വാങ്ങി പരിശോധിച്ചപ്പോഴും പിന്നീട് സ്കൂള്‍ വിടുന്നതിനു മുന്‍പ് തിരിച്ചു എല്പ്പിച്ചപ്പോഴും  ടീച്ചര്‍ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ടീച്ചര്‍ക്ക് പനി വരണം എന്ന്  വെറുതെ ആഗ്രഹിച്ചു..

നന്നായി എഴുതിയതിനു പൂക്കളോ ഐസ് ക്രീമോ കിട്ടിയിട്ടുണ്ടോ എന്ന് പോലും നോക്കാതെ എല്ലാ ബുക്കുകളും ബാഗിനകത്ത് വെച്ചു കാത്തിരുന്നു.  ബെല്ലടിച്ചതും ഓടി റിക്ഷാ മാമന്‍റെ അടുത്തെത്തി.

 

അന്ന് റിക്ഷയില്‍ കയറാന്‍ മറ്റു ആറു പേരും വൈകി. റിക്ഷാമാമനും ക്ഷീണം പോലെയുണ്ട് വീട്ടിലേക്കു എത്താന്‍ ഒരു പാട് സമയം  എടുക്കുന്ന പോലെ... എത്തുമ്പോള്‍ അമ്മൂമ്മ പതിവുപോലെ ഗേറ്റിനടുത്ത് ഉണ്ട്. അച്ചാച്ചനെ കാണുന്നില്ല. ഷെഡ്‌ഡിന്റെ ചാക്കിന്റെ പൊളിയിലൂടെ ഒരു നോക്ക് നോക്കിയിട്ട് ഓടിപ്പോയി അമ്മൂമ്മക്ക് ബാഗ്‌ കൈമാറി അമ്മൂമ്മ തിരിഞ്ഞു നോക്കുമ്പോഴേക്കും ഷെഡ്‌ഡിന്റെ മുന്‍പില്‍ എത്തി

 

ഗോപാല്ജീ ........... ഗോപാലേട്ടന്‍ വിളി  കേട്ടില്ല .

 

ഗോപാല്ജീ ...........

 

സന്ദീപേ ...... അകത്തേക്ക് പോന്നോ മോനെ അച്ചാച്ചനാണ് വിളി കേട്ടത്.

ഷെഡിന്റെ അകത്ത് ഇതുവരെ പണി ചെയ്തിരുന്ന എല്ലാ ശില്പികളും പെയിന്‍ററ്ര്മാരും ഉണ്ടായിരുന്നു. ദുര്‍ഗാ ദേവിയുടെ മുഖത്തെ ഷേയിടുകള്‍ ചെയ്തു കഴിഞ്ഞു കണ്ണുകളുടെ അവസാന മിനുക്ക്‌ പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും നിശബ്ദരായിരുന്നു. കുപ്പി ക്കായ (ഗോലി ക്കായ) വെച്ചതാണോ അതോ അത് പോലെ വരച്ചതാണോ എന്ന് ഒരു സംശയം ഉണ്ട്. എന്ത് ചന്തമാണ് ആ മുഖത്തിനു വരുത്തിയിരിക്കുന്നത് ! 

നമ്മുടെ കഥകളിയുടെ മുഖത്തെഴുത്തി നേക്കാള്‍ ഭംഗിയുള്ള ചിത്രമെഴുത്താണ് ദുര്‍ഗയുടെത്.  ബംഗാളില്‍ കണ്ട എല്ലാ ദുര്‍ഗാ ചിത്രങ്ങളുടെയും മുഖച്ഛായ ഒന്ന് തന്നെയായിരുന്നു. രൌദ്രയായ കാളിയുടെ മുഖവും സംശയം ഇല്ലാത്ത തീരുമാനത്തിന്റെ പ്രതിഫലനം പോലെ തോന്നിക്കുന്നു ഇപ്പോള്‍.  നേത്രോന്മിലീനം നടത്തി പൂജ കഴിഞ്ഞു പുറത്തേക്ക് ആനയിക്കുന്ന ആ രൂപം ഒന്ന് കാണേണ്ടത് തന്നെ യാണ്.

 

പത്ത് കൈകളും ഓരോ മില്ലി മീറ്ററിലും കലാകാരന്മാരുടെ ശ്രദ്ധ എത്തിയിരുന്നു. നഖങ്ങളില്‍ നിറം കൊടുക്കുന്നതിലും പിന്നില്‍ വസ്ത്രങ്ങളുടെ ചുളൂക്കുകള്‍ തീര്‍ക്കുന്നതിലും നല്ല ശ്രദ്ധ കൊടുത്തിരുന്നു. ഒരു പക്ഷെ ആ മുഖങ്ങള്‍ എല്ലാം  ഒരേ മുഖച്ഛായ വരുത്തിയത് തന്നെ അവ ശില്‍പ്പങ്ങള്‍ മാത്രമാണെന്ന് തോന്നാന്‍ വേണ്ടിയാണോ എന്ന് സംശയം തോന്നുമായിരുന്നു പിന്നീട്.

 

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു വൃദ്ധനായ ദാദ വന്നു. എല്ലാവരും തൊഴുകയ്യോടെ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം ശില്‍പ്പത്തെ ചുറ്റും നടന്നു പരിശോധിച്ചു. എല്ലാവരെയും അഭിനന്ദിക്കുന്ന പോലെ എന്തോ പറഞ്ഞു.

സമീര്‍ പാല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് . കഴിഞ്ഞതിന്റെ മുന്‍പിലത്തെ വര്‍ഷത്തിലാണ് അദേഹം അവസാനമായി ശില്‍പ്പം ചെയ്തത്. അതുവരെ വര്‍ഷങ്ങളായി ശില്‍പം ചെയ്യാന്‍ ആ  പ്രദേശ വാസികള്‍ അദ്ദേഹത്തെയാണ് എല്പ്പിക്കാറുള്ളത്.  അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇപ്പോള്‍ ഈ ശില്‍പ്പം ചെയ്തിട്ടുള്ളത്.

 

ശില്പ്പത്തിന്റെ പണികള്‍ പൂര്‍ത്തിയായി. ഇന്നുകൂടിയെ ഈ ശില്‍പ്പികള്‍ക്ക് ഈ ഷെഡില്‍ കാര്യമുള്ളൂ. നാളെ മുതല്‍ അവര്‍ കൃഷിക്കാരായും മീന്‍ പിടുത്ത ക്കാരായും മരപ്പണിക്കാരായും സിമന്‍റ് പണിക്കാരായും സഹായികളായും ഇതെല്ലാം കൂടിയുള്ള പണിയുമായും പോകും. ഒന്നോ രണ്ടോ പേര്‍ അടുത്ത മുറിയില്‍ ബാനര്‍ എഴുത്തും മറ്റുമായി ചുറ്റിപ്പറ്റി നില്‍ക്കും.

 

ഗോപാല്‍ജി ഗോപാലേട്ടന്‍ അച്ചാച്ചന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു. പതുക്കെ അച്ചാച്ചന്‍ എന്റെ അടുക്കല്‍ വന്നു എന്നെയും കൂട്ടി പുറത്തേക്ക് കടന്നു. ചാക്ക് പൊക്കുമ്പോള്‍ കണ്ടത് മറ്റൊരു ദുര്‍ഗയെ.... അമ്മ വന്നു  രൌദ്ര ഭാവത്തോടെ നില്‍ക്കുന്നു!.

 

ങാ.. നീ വരേണ്ട സമയമൊക്കെ ആയോ? അച്ചാച്ചന്‍ പരമാവധി മൃദുവായി പ്രതികരിച്ചു. പക്ഷെ അമ്മ വിടാന്‍ ഭാവമില്ലായിരുന്നു.

 

ഇത് സുബ്രേട്ടന്റെ ചായക്കടയോ ആമ്പല്ലൂര്‍ വട്ടക്കുഴി ജോസഫേട്ടന്റെ പീടികയോ ഒന്നുമല്ല. കല്കത്തയാണ് കല്‍ക്കത്ത. ...

ഗവര്‍ണര്‍ ഭരണവും ഇടയ്ക്കിടെ കലാപങ്ങളും ഉണ്ടാകുന്ന സ്ഥലമാണ്. ഇനി ദാ അടിയന്തിരാവസ്ഥയും വരാന്‍ പോണു....

ചില്ലറ കളിയാണെന്നാണോ അച്ഛന്‍ വിചാരിച്ചിരിക്കുന്നത് ?

 

ഈ കല്‍ക്കത്തയിലെ കുഗ്രാമത്തെ പറ്റിയാണോ നീ ഇപ്പറഞ്ഞത് ? അച്ചാച്ചന്‍ വീണ്ടും ഒന്ന് മയപ്പെടുത്താനായി പറഞ്ഞു. നീ അവനെ കൊണ്ട് പൊക്കോ ഞാന്‍ പിന്നാലെ വരാം.

രണ്ടു സൈക്കിളിലായി നാല് പേര്‍ ശേടിനു മുന്നില്‍ കുറെ പൊതികളും  ചെറിയ സഞ്ചികളൂമായി വന്നു. 

 

വേലൈധന്‍ ജി, അപ്നെ കോ ബംഗ്ലാ പാന്‍ കരേം? ഗോപാലേട്ടന്റെ ശിഷ്യരില്‍ ആരോ ഉറക്കെ ചോദിച്ചു. ചോദ്യം ഒട്ടും മനസ്സിലായില്ല എങ്കിലും സാര്‍വലൌകികമായ ആ ആംഗ്യ ഭാഷ അച്ചാച്ചന് എന്നല്ല ആര്‍ക്കും മനസ്സിലാകുമായിരുന്നു.

കൊഞ്ചം .. സന്ദീപിന്‍റെ അച്ചാച്ചന്‍ വീണ്ടും തമിള്‍ അടിച്ചു. ആംഗ്യ ഭാഷയോട് കൂടി പറഞ്ഞതുകൊണ്ട് എല്ലാവര്ക്കും കാര്യം പിടി കിട്ടി.

 

മൂലയ്ക്ക് വെച്ചിരുന്ന ഒരു സ്ടൂളില്‍ ചെറിയ ഒരു വിളക്ക് കത്തിച്ചത് ആ ശില്പ പ്രമുഖനായ സമീര്‍ ദാദ ആയിരുന്നു. സഞ്ചിയില്‍ നിന്നും എന്തൊക്കെയോ നിരത്തിവെച്ചു ചെറിയ പൂജ കഴിഞ്ഞതും സമീര്‍ദാ കൈ നീട്ടി. അപ്പോള്‍ ഗോപാല്‍ജി ഗോപാലേട്ടന്‍ ഒരു ജഗന്നാതന്‍ മുണ്ട് പോലെയുള്ള വലിയ തുണിക്കെട്ട് എടുത്ത് കൊടുത്തു. സമീര്ദാ അതും കയ്യില്‍ പിടിച്ചു വയ്യാത്ത കാലും വെച്ച് മുളം സ്ടാണ്ടിനു മുകളില്‍ നിന്ന് കൊണ്ട് കോടി നിറമുള്ള തുണി നിവര്‍ത്തി ശില്പത്തിന് മറയായി കര്‍ട്ടന്‍ ഇട്ടു.  കുറച്ചു പേര്‍   ശില്പഭാഗങ്ങള്‍ പുറത്ത് കാണാതിരി ക്കാനായി അരികുകള്‍ തുന്നി കൂട്ടി. ശില്പികളുടെ പണി അവിടെ അവസാനിച്ചിരിക്കുന്നു.

 

ഷെഡ്‌ ഏറെ കുറെ വൃത്തിയാക്ക പെട്ടിട്ടുണ്ടെങ്കിലും  ഒന്ന് കൂടി   അരണ്ട വെളിച്ചത്തിന്റെ തെളിച്ചത്തില്‍ അവര്‍ ഒന്ന് കൂടി വൃത്തിയാക്കികൊണ്ടിരുന്നു.   

 

തൊട്ടടുത്ത മുറിയില്‍ നിന്നും  ആരോ ഒരു പാട്ട് മൂളി .  പൂജാ ദ്രവ്യങ്ങള്‍ എടുത്തു അടുത്ത മുറിയിലേക്ക് എല്ലാവരും കയറി. പോകാന്‍ നിന്ന അച്ചച്ചനെയും അവര്‍ നിര്‍ബന്ധിച്ചു അകത്തു കയറ്റി.

 

വിവിധ ഇനം മത്സ്യ വിഭവങ്ങള്‍, ആമയിറച്ചി എന്നിവയും ബംഗ്ലാ എന്ന ദേശി മദ്യവും ബീഡി പുകയും വമിച്ച മണം  കൊണ്ട്  ശ്വാസം മുട്ടി  വാര്നിഷ്,

തിന്നര്‍, പെയിന്റു മണങ്ങള്‍  കീഴടങ്ങി.   വിവിധങ്ങളായ ബംഗാള്‍  പാട്ടുകള്‍ ഉച്ചത്തില്‍ ആയി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചാച്ചന്‍ എഴുന്നേറ്റു പോയി. പാട്ടുകള്‍ നിലാവുള്ള രാതിയിലെ കാറ്റ് പോലെ  ആ പരിസരത്തെ തൊട്ടു തഴുകി ഒഴുകിക്കൊണ്ടിരുന്നു. എപ്പോഴാണ് അത് നിലച്ചതെന്ന് അറിയില്ല എങ്കിലും അത് എന്തിന്റെയൊക്കെയോ തുടക്കമായിരുന്നു. പലര്‍ക്കും

തുടര 

 

അഭിപ്രായങ്ങളൊന്നുമില്ല: